

നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി ഒരുക്കിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രേമലുവിനും ശേഷം ഗിരീഷ് സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്.
റിലീസ് ചെയ്ത് ഏഴ് ദിനം പിന്നിടുമ്പോഴും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം128.05 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ്. ഭൂരിപക്ഷം തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോകളാണ് നടക്കുന്നത്. 52 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ.
100 കോടി കളക്ഷൻ എന്ന ബെഞ്ച്മാർക്ക് പിന്നിടുന്ന മമിതയുടെ അഞ്ചാം ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' . 'പ്രേമലു', 'ഡ്യൂഡ്', 'ജന നായകൻ', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നിവയാണ് ഈ ക്ലബിൽ ഇടംപിടിച്ച നടിയുടെ മറ്റ് ചിത്രങ്ങൾ. 'സർവം മായ'യ്‌ക്ക് ശേഷം നിവിൻ പോളിയുടെ 100 കോടി ചിത്രം കൂടിയാണിത്.
ഗിരീഷ് -നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഇവരുടെ ആറാം നിർമാണ സംരംഭമാണിത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.