മകള്‍ സോഹ അലി ഖാന് ഒപ്പം ഷർമിള ടാഗോർ Source: X
ENTERTAINMENT

ഡല്‍ഹിയിലെ ട്രാഫിക്കിൽ പെടാതിരിക്കാൻ ബൈക്കില്‍ 'ലിഫ്റ്റടിച്ച' 80കാരി ഷർമിള ടാഗോർ; ഓർമ പങ്കുവച്ച് മകള്‍ സോഹ

നയദീപ് രക്ഷിത്തിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സോഹ അലി ഖാന്‍

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സാഹസങ്ങളിലൂടെ വാർത്താ താരമായ മുതിർന്ന അഭിനേത്രിയാണ് ഷർമിള ടാഗോർ. ഡൽഹിയിലെ ഗതാഗതക്കുരുക്കില്‍ പെട്ടുപോകാതിരിക്കാന്‍ വഴിയില്‍ കണ്ട ബൈക്കിൽ കയറിയാണ് ഒരിക്കല്‍ നടി ഒരു പൊതുപരിപാടിക്കെത്തിയത്. അടുത്തിടെ ഒരു അഭിമുഖത്തിൽ, ഷർമിളയുടെ മകളും നടിയുമായ സോഹ അലി ഖാന്‍ ഈ സംഭവം ഓർത്തെടുത്തു.

നയദീപ് രക്ഷിത്തിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സോഹ അലി ഖാന്‍. ഷർമിളയ്ക്ക് ഡല്‍ഹിയില്‍ താമസിക്കാന്‍ ആണ് ഇഷ്ടമെന്നും ആ നഗരത്തില്‍ നിന്ന് മാറാന്‍ അവർക്ക് താല്‍പ്പര്യമില്ലെന്നും സോഹ പറയുന്നു. ഇതു പറഞ്ഞുകൊണ്ടാണ് ഷർമിള ബൈക്കില്‍ 'ലിഫ്റ്റടിച്ച' സംഭവം സോഹ വിവരിച്ചത്.

അമ്മ ഒരു പുസ്തക പ്രകാശന ചടങ്ങിന് പോകുകയായിരുന്നു. നല്ല ട്രാഫിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് അവ‍ർ കാറില്‍ നിന്നിറങ്ങി ഒരു സ്ത്രീയുടെ സ്കൂട്ടറിന് കൈ കാണിച്ച് പരിപാടി നടക്കുന്ന സ്ഥലത്ത് ഇറക്കുമോ എന്ന് ചോദിച്ചു. അവർ കുറച്ചു ദൂരം കൊണ്ടുപോയി. അവിടെ നിന്നും മറ്റൊരാളുടെ ബൈക്കില്‍ കയറി ചടങ്ങ് നടക്കുന്നതിന് തൊട്ടടുത്ത് എത്തി. ഇത് കേട്ട് അമ്മേ നിങ്ങള്‍ക്ക് 80 വയസായി, ഇത് ഡല്‍ഹിയാണ് എന്നാണ് ഞാന്‍ പറഞ്ഞത്, സോഹ ഓർത്തെടുത്തു.

കഥ അവിടെയും അവസാനിക്കുന്നില്ല. ബൈക്കില്‍ നിന്ന് ഇറങ്ങിയിടത്തു നിന്ന് ബാക്കി പാതി ദൂരം നടന്നാണ് ഷർമിള പുസ്തക പ്രകാശനം നടക്കുന്നിടത്തേക്ക് എത്തിയതെന്നും സോഹ അലി ഖാന്‍ പറഞ്ഞു.

ഏതുതിരക്കിനിടയിലും അമ്മയോടൊപ്പം സമയം കണ്ടെത്താൻ സോഹ അലി ഖാൻ ശ്രമിക്കാറുണ്ട് . നടിയുടെ ഇൻസ്റ്റ​ഗ്രാം പേജ് അതിന് തെളിവാണ്. അതിൽ പകുതി പോസ്റ്റുകളും അമ്മയ്‌‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളാണ്.

ഷ‍ർമിളയ്ക്ക് കാൻസറാണെന്ന് കണ്ടെത്തിയിരുന്നു. തുടക്കത്തിലെ രോ​ഗം തിരിച്ചറിഞ്ഞതിനാൽ ശസ്ത്രക്രിയയിലൂടെ കാൻസർ ബാധിച്ച ഭാ​ഗം നീക്കം ചെയ്യുകയായിരുന്നു. രോ​ഗമുക്തയായതിന് പിന്നാലെ, സുമൻ ഘോഷിന്റെ സൈക്കോളജിക്കൽ ഡ്രാമയായ 'പുരതൗൺ' എന്ന ചിത്രത്തിലൂടെ ബംഗാളി സിനിമയിലേക്ക് നീണ്ട 18 വർഷങ്ങൾക്ക് ശേഷം നടി ​ഗംഭീര തിരിച്ചുവരവും നടത്തി.

SCROLL FOR NEXT