ENTERTAINMENT

ആരോപണവിധേയരായ ഒരു കൂട്ടം ആളുകൾ ഗൂഢാലോചന നടത്തി എന്നെ പുറത്താക്കാൻ ശ്രമിച്ചു, ആരുടെയും പാവയാകാനില്ല: ശ്വേതാ മേനോൻ

'അമ്മ'യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നതായും നടി വ്യക്തമാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നടൻ ബാബുരാജ് അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ശ്വേതാ മേനോൻ താര സംഘടനയായ അമ്മയിൽ നിന്നും രാജിവച്ചത്. ആരോപണവിധേയരായ ഒരു കൂട്ടം ഗൂഢാലോചന നടത്തി തന്നെ പുറത്താക്കാൻ ശ്രമിച്ചു. ബാബുരാജിൻ്റെ കാലത്തെ കണക്കുകൾ കൃത്യമല്ല. ആരുടെയും പാവയാകാൻ താനില്ലെന്നുമായിരുന്നു രാജിയ്ക്ക് ശേഷം ശ്വേതാ മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'അമ്മ'യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നതായും നടി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ മുതൽ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയിരുന്നു. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗം തർക്കത്തിലേക്ക് നീങ്ങിയത്.

തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. വേ​ദിയിൽ കയറിയാണ് ശ്വേത രാജി സന്നദ്ധത അറിയിച്ചത്. അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള നീക്കത്തിനിടെയാണ് രാജി പ്രഖ്യാപനം നടത്തിയത്. മുതിർന്ന അംഗങ്ങൾ ചേർന്ന് ശ്വേതയെ അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവച്ചത്. പുതിയ ഭരണസമിതി അധികാരത്തിലെത്തി ഒരുവർഷം തികയുന്നതിന് മുന്നേയാണ് ശ്വേതാ മേനോൻ അടക്കമുള്ള പതിനേഴ് അംഗങ്ങളും രാജിവച്ചത്.

പുതിയ താൽക്കാലിക ഭരണസമിതിയെ ജഗതിഷ് തിരഞ്ഞെടുക്കുമെന്നാണ് വിവരം. ഗണേഷ് കുമാറാകും അഡ്‌ഹോക്ക് കമ്മിറ്റിയെ നയിക്കുക. രമേശ് പിഷാരടിയും അഡോഹോക്ക് കമ്മിറ്റിയിൽ ഉൾപ്പെട്ടേക്കും.

SCROLL FOR NEXT