കൊച്ചി: ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ചുള്ള പ്രസ്താവനയിൽ എ.ആർ. റഹ്‌മാൻ വ്യക്തത വരുത്തിയിട്ടും ചർച്ചകൾ അവസാനിക്കുന്നില്ല. വിഷയത്തിൽ പല പ്രമുഖരും തങ്ങളുടെ അഭിപ്രായം ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. പലരും റഹ്‌മാനെ വിമർശിക്കുകയും വിയോജിക്കുകയും ചെയ്തപ്പോൾ ചിലർ പിന്തുണയും അറിയിച്ചു. ഇപ്പോഴിതാ ഗായകൻ അനൂപ് ജലോട്ടയാണ് റഹ്‌മാന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പരിഹാസച്ചുവയോടെയാണ് അനൂപ് ജലോട്ടയുടെ പ്രതികരണം. താൻ മുസ്ലീം ആയതുകൊണ്ടാണ് ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതെന്ന് റഹ്മാൻ കരുതുന്നുണ്ടെങ്കിൽ അദ്ദേഹം വീണ്ടും ഹിന്ദു മതം സ്വീകരിക്കണമെന്നാണ് ജലോട്ടയുടെ പരിഹാസം.
"സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ ആദ്യം ഹിന്ദു ആയിരുന്നു. പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു. അദ്ദേഹം ഒരുപാട് പേരും പ്രശസ്തിയും നേടി, ആളുകളുടെ ഹൃദയത്തിൽ വലിയ നല്ലൊരു ഇടം നേടി. എന്നാൽ മുസ്ലീം ആയതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് അവസരങ്ങൾ ലഭിക്കാത്തതെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിൽ, അദ്ദേഹം വീണ്ടും ഹിന്ദുവാകട്ടെ. ഹിന്ദുവായാൽ സിനിമകൾ വീണ്ടും ലഭിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിൽ അതാണ് നല്ലത്. അദ്ദേഹം ഹിന്ദുവായ ശേഷം സിനിമകൾ ലഭിക്കുന്നുണ്ടോ എന്ന് നോക്കട്ടെ," എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ അനൂപ് ജലോട്ട പറയുന്നത്.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ ഒരു അഭിമുഖത്തിൽ, ബോളിവുഡിൽ തമിഴ് സംഗീത സംവിധായകൻ എന്ന നിലയിൽ എന്തെങ്കിലും വിവേചനം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് റഹ്‌മാൻ വിവാദപരമായി വ്യാഖ്യാനിക്കപ്പെട്ട പരാമർശം നടത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്ത് അധികാര മാറ്റം നടന്നുവെന്നും, ക്രിയേറ്റീവ് അല്ലാത്തവർക്കാണ് ഇപ്പോൾ അധികാരമെന്നുമാണ് റഹ്‌മാൻ പറഞ്ഞത്. തനിക്ക് അവസരങ്ങൾ കുറയുന്നത് മതപരമായ കാരണങ്ങൾ കൊണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കൂടാതെ 'ഛാവ' എന്ന ചിത്രത്തെയും എ.ആർ. റഹ്‌മാൻ വിമർശിച്ചു. സിനിമ വിഭാഗീയത സൃഷ്ടിക്കുന്നതാണെന്നായിരുന്നു വിമർശനം.
ഈ വാക്കുകൾ വിവാദമായതിന് പിന്നാലെ റഹ്‌മാൻ പ്രതികരിച്ചിരുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും തന്റെ ഉദ്ദേശ്യങ്ങൾ തെറ്റായി മനസിലാക്കപ്പെട്ടതാണെന്നും റഹ്‌മാൻ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു റഹ്‌മാന്റെ പ്രതികരണം.