ന്യൂ ഡൽഹി: ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച് എ.ആർ. റഹ്മാൻ നടത്തിയ പരാമർശങ്ങൾ സംഗീത ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ലഭിക്കുന്ന ജോലികൾ കുറഞ്ഞെന്നും ഇതിന് പിന്നിൽ ചിലപ്പോൾ വർഗീയമായ കാരണങ്ങളാകാം എന്നുമായിരുന്നു റഹ്മാന്റെ പരാമർശം. ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകന്റെ തുറന്നു പറച്ചില്‍. ഇതിനോട് സിനിമാ രംഗത്തെ നിരവധി പേർ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ പ്രശസ്ത ഗായകൻ ഹരിഹരനും സംഗീത സംവിധായകൻ ലെസ്ലി ലൂയിസും വിഷയത്തിൽ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നു.
സിനിമാ ലോകത്തെ നിലവിലെ സാഹചര്യത്തെ ഒരു 'ഗ്രേ ഏരിയ' ആണെന്നാണ് ഹരിഹരൻ വിശേഷിപ്പിച്ചത്. "തീരുമാനങ്ങൾ എടുക്കുന്ന സ്ഥാനങ്ങളിൽ സർഗാത്മകയുള്ള കൂടുതൽ ആളുകൾ ഉണ്ടാകണമെന്നോ, അല്ലെങ്കിൽ കുറഞ്ഞപക്ഷം സംഗീതത്തെ ആത്മാർത്ഥമായി മനസിലാക്കുന്നവർ ഉണ്ടാകണമെന്നോ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു," എന്നാണ് ഹരിഹരൻ പറഞ്ഞത്. സംഗീതത്തോടുള്ള സൂക്ഷ്മമായ തിരിച്ചറിവ് ലാഭേച്ഛയേക്കാൾ മുന്നിൽ വരണമെന്ന് ഹരിഹരൻ ഊന്നിപ്പറഞ്ഞു. "നിങ്ങൾ ആദ്യം ചിന്തിക്കേണ്ടത് സർഗാത്മകതയെക്കുറിച്ചാണ്. പിന്നീടാകാം പണത്തെക്കുറിച്ചുള്ള ചിന്ത. കലയുടെ കാര്യത്തിൽ പണത്തെക്കുറിച്ച് മാത്രമാണ് ചിന്തയെങ്കിൽ, അതിന്റെ ഭാവി എന്താകുമെന്ന് ആർക്കറിയാം," എന്നും ഗായകൻ കൂട്ടിച്ചേർത്തു. സർഗാത്മകത ഇല്ലാത്തവർ തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയാണിപ്പോഴെന്നാണ് റഹ്മാനും പറഞ്ഞത്.
സംഗീത വ്യവസായത്തിൽ അധികാര മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് സമ്മതിച്ച സംഗീത സംവിധായകൻ ലെസ്ലി ലൂയിസ് ഇതിനെ ജൈവികമായ മാറ്റമായാണ് കണക്കാക്കുന്നത്. പുതിയ ചിന്തകളുമായി പുതിയ ആളുകൾ വരുന്നത് സ്വാഭാവികമാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തീരുമാനങ്ങൾ എടുക്കുന്ന രീതിയെ മാറ്റിമറിച്ചു. യൂട്യൂബ്, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ ആർട്ടിസ്റ്റുകൾക്ക് സ്വയം ഒരു ലേബലായി നിൽക്കാൻ അനുവദിക്കുന്നു. സിനിമാ സംഗീത മേഖലയിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത് കോർപ്പറേറ്റ് മാനദണ്ഡങ്ങൾ നോക്കിയാണെന്നും ലെസ്ലി കൂട്ടിച്ചേർത്തു.
അതേസമയം, സിനിമാ മേഖലയിലെ വിവേചനങ്ങളെപ്പറ്റി റഹ്മാൻ നടത്തിയ തുറന്നു പറച്ചിലുകളിൽ വിദ്വേഷ പരാമർശവുമായും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. റഹ്മാൻ ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നാൽ നഷ്ടപ്പെട്ട അവസരങ്ങൾ തിരികെ കിട്ടുമെന്നാണ് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസൽ പറഞ്ഞത്. 'ഘർ വാപസി' നടത്താനാണ് എ.ആർ. റഹ്മാനോട് വിനോദ് ബൻസൽ ആവശ്യപ്പെടുന്നത്.