ENTERTAINMENT

മരണത്തില്‍ വ്യക്തത വേണം; ഗായകൻ സുബീന്‍ ഗാര്‍ഗിന്റെ ഭൗതിക ശരീരം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

നാളെ രാവിലെ ഏഴ് മണിക്ക് ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വെച്ചായിരിക്കും നടപടി.

Author : ന്യൂസ് ഡെസ്ക്

മരിച്ച പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗി (52) ന്റെ ഭൗതിക ശരീരം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. സുബീന്റെ മരണത്തില്‍ ജനങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനായാണ് സര്‍ക്കാര്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

നാളെ രാവിലെ ഏഴ് മണിക്ക് ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വെച്ചായിരിക്കും നടപടി. ഗുവാഹത്തി എയിംസിലെ ടീമിന്റെ നേതൃത്വത്തിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തുകയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

സുബീന്‍ ഗാര്‍ഗിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഒന്‍പത് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടു നല്‍കും. പ്രധാനമന്ത്രിയുടെ പ്രതിനിധിയും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും നാളെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

സെപ്തംബര്‍ 19ന് സിംഗപ്പൂരില്‍ വെച്ചായിരുന്നു സുബീന്‍ മരണപ്പെട്ടത്. സെപ്റ്റംബര്‍ 20, 21 തീയതികളില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായിട്ടാണ് സിംഗപൂരില്‍ എത്തിയത്.

സ്‌കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിട്ട സുബീനെ ഉടനടി കരയിലെത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സിംഗപൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

സ്വതന്ത്ര, സിനിമാ സംഗീത മേഖലകളില്‍ പ്രശസ്തനാണ് സുബീന്‍ ഗാര്‍ഗ്. അസമീസ്, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനങ്ങള്‍ ആലപിച്ചിരുന്നത്. ഇമ്രാന്‍ ഹഷ്മിയുടെ 'ഗാങ്സ്റ്റര്‍' എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നത്. ക്രിഷ് 3-യിലെ 'ദില്‍ തൂ ഹി ബതാ' എന്ന ഗാനവും പ്രശസ്തമാണ്. ചാന്ദ്‌നി രാത്, ചന്ദാ, സ്പര്‍ശ് തുടങ്ങിയ ആല്‍ബങ്ങളും ഗാര്‍ഗിന്റേതായുണ്ട്.

ഗായകനെന്നതിലുപരി നടനും സംവിധായകനുമാണ് സുബീന്‍ ഗാര്‍ഗ്. കാഞ്ചന്‍ജംഗ, മിഷന്‍ ചൈന, ദീന്‍ബന്ധു തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. അസമില്‍ അദ്ദേഹത്തിന്റെ പേരില്‍ നിരവധി ഫാന്‍സ് ക്ലബുകളാണ് പ്രവര്‍ത്തിക്കുന്നത്.

SCROLL FOR NEXT