
മുംബൈ: ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ദി ബാസ്റ്റാർഡ്സ് ഓഫ് ബോളിവുഡ്' എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലെ പുകവലി രംഗത്തെ ചൊല്ലി നടൻ റൺബീർ കപൂറിനെതിരെ പരാതി. ഇന്ത്യയിൽ നിരോധിച്ച ഇ സിഗരറ്റ് സീരീസിൽ ഉപയോഗിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും മുംബൈ പൊലീസിനും പരാതി നൽകിയത്.
ലീഗൽ റൈറ്റ്സ് ഒബ്സർവേറ്ററി എന്ന നിയമാവകാശ സംഘടനയുടെ പേരിലാണ് വിനയ് ജോഷി എന്ന ആൾ പരാതി നൽകിയിരിക്കുന്നത്. പുകവലി രംഗം പരസ്യമായി സ്ട്രീം ചെയ്തുവെന്നും, നിരോധിത വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു കൊണ്ട് യുവ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയോ പ്രതികൂലമായി സ്വാധീനിക്കുകയോ ചെയ്തുവെന്നും പരാതിക്കാരൻ ആരോപിച്ചു.
ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചതിനും ദോഷകരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനും അഭിനേതാക്കൾ, നിർമാതാക്കൾ, നെറ്റ്ഫ്ലിക്സ് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. പരമ്പരയുടെ അവസാനത്തിൽ രൺബീർ കപൂർ ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സീനിലാണ് താരം പുകവലിക്കുന്നതായി കാണുന്നത്.