സ്നേഹ ശ്രീകുമാർ, കലാമണ്ഡലം സത്യഭാമ 
ENTERTAINMENT

ഭീഷണികളിൽ പേടിക്കില്ല, നിറമോ ജാതിയോ വംശീയ അധിക്ഷേപമോ പാടില്ലെന്നാണ് ഞാൻ പഠിച്ചത്: സ്നേഹ ശ്രീകുമാർ

തന്നെ ആളുകൾ അറിയുന്നത് മണ്ഡോദരി എന്ന കഥാപാത്രമായാണെന്ന് അഭിമാനത്തോടെ സ്നേഹ ശ്രീകുമാർ

Author : ശ്രീജിത്ത് എസ്

കൊച്ചി: കലാമണ്ഡലം സത്യഭാമയുടെ ദേഹനിന്ദാപരമായ പരാമർശങ്ങളിൽ പ്രതികരണവുമായി സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാർ. ഭീഷണികളിൽ പേടിക്കില്ലെന്നും നിറമോ ജാതിയോ വംശീയ അധിക്ഷേപമോ പാടില്ലെന്നാണ് തന്നെ മാതാപിതാക്കൾ പഠിപ്പിച്ചതെന്നും നടി ന്യൂസ് മലയാളത്തോട് പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടിയ്‌ക്കെതിരായ സത്യഭാമയുടെ ദേഹനിന്ദാപരമായ പരാമർശങ്ങൾ. സ്നേഹയുടെ കുടുംബത്തേയും വീഡിയോയിൽ അധിക്ഷേപിക്കുന്നുണ്ട്. നേരത്തെ, നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയതിന് സത്യഭാമ വിമർശനം നേരിട്ടിരുന്നു. ഈ വിഷയത്തിൽ സത്യഭാമയെ വിമർശിച്ച സ്നേഹയ്ക്ക് മറുപടിയായിട്ടാണ് അധിക്ഷേപ പരാമർശങ്ങൾ നിറഞ്ഞ ഈ വീഡിയോ പങ്കുവച്ചത്.

"വീഡിയോ കണ്ടപ്പോൾ ഇവർക്ക് (കലാമണ്ഡലം സത്യഭാമ) ഒരു മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നി. പലരും വിളിച്ചു ചോദിച്ചപ്പോഴും ഇതാണ് ഞാൻ പറഞ്ഞത്. ഇത് ഒന്നോ രണ്ടോ വട്ടമല്ല. അവർക്ക് എന്തോ പ്രശ്നമുണ്ട്. സാധാരണ മനുഷ്യർക്ക് ഒരു നിലവാരം വിട്ട് താഴേക്ക് സംസാരിക്കാൻ സാധിക്കില്ല. അവരുടെ ഒരു രീതിയിൽ മറുപടികൊടുക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ട് ശ്രദ്ധിക്കാതെ വിട്ടതാണ്," സ്നേഹ പറഞ്ഞു.

"പിണ്ഡോദരി മോളെ" എന്നാണ് വീഡിയോയിൽ സ്നേഹയെ സത്യഭാമ അഭിസംബോധന ചെയ്തിരുന്നത്. 'മറിമായം' എന്ന ഹിറ്റ് ആക്ഷേപഹാസ്യ പരിപാടിയിലെ സ്നേഹയുടെ മണ്ഡോദരി എന്ന കഥാപാത്രത്തെ ഉദ്ദേശിച്ചായിരുന്നുവിത്. എന്നാൽ, തന്നെ ആളുകൾ അറിയുന്നത് മണ്ഡോദരി എന്ന കഥാപാത്രമായാണെന്ന് അഭിമാനത്തോടെ സ്നേഹ ശ്രീകുമാർ പറഞ്ഞു. " 'മറിമായം' എന്ന ഷോ 15 വർഷമായി വിജയകരമായി ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. എന്നാൽ, അതിന് ഇത്രയും ആരാധകരുണ്ട് എന്ന് ഈ രണ്ട് ദിവസം കൊണ്ട് ഞാൻ അനുഭവിച്ചറിഞ്ഞു. സകല മലയാളികളും എനിക്ക് വേണ്ടി സംസാരിച്ചു. അതിൽ ഞാൻ സന്തോഷവതിയാണ്, സ്നേഹ പറഞ്ഞു.

"കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തി," എന്നാണ് സത്യഭാമ വീഡിയോയിൽ സ്നേഹയേപ്പറ്റി പറയുന്നത്. എന്നാൽ, താൻ ഓട്ടംതുള്ളൽ പഠിച്ചത് കലാണ്ഡലത്തിൽ നിന്നല്ല എന്ന് നടി പറഞ്ഞു. സത്യഭാമയ്‌ക്കെതിരെ നിയമപരമായി മുന്നോട്ടുപോകുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും സ്നേഹ വ്യക്തമാക്കി. തുള്ളൽക്കാരിയാണെന്ന് ആരെങ്കിലും പറഞ്ഞപ്പോൾ തെറ്റിദ്ധരിച്ചതാകാം. തിയേറ്റർ ആർട്സിൽ ആണ് എംഎയും എംഫിലും. പഠിച്ച വിഷയത്തിൽ തന്നെയാണ് ഉപജീവനമാർഗം കണ്ടോണ്ടിരിക്കുന്നതെന്നും സ്നേഹ കൂട്ടിച്ചേർത്തു.

"ഭീഷണികളിൽ പേടിക്കുന്ന ആളല്ല ഞാൻ. എന്റെ അച്ഛൻ ശ്രീകുമാർ ആണ്. ഇതിനേക്കാൾ വലിയ പ്രതികൂല സാഹചര്യങ്ങൾ താണ്ടിയാണ് എത്തിയത്. നിറമോ ജാതിയോ വംശീയ അധിക്ഷേപമോ പാടില്ലെന്ന് ആണ് അച്ഛനും അമ്മയും പഠിപ്പിച്ചത്," സ്നേഹ വ്യക്തമാക്കി.

SCROLL FOR NEXT