

കൊച്ചി: ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന 'പരാശക്തി' സിനിമയിൽ ബേസിൽ ജോസഫിന്റെ ക്യാമിയോ. സിനിമയുടെ പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയ ശിവകാർത്തികേയനാണ് സർപ്രൈസ് പൊട്ടിച്ചത്. സുധ കൊങ്കര ഒരുക്കിയിരിക്കുന്ന പീരീഡ് ഡ്രാമ പ്രേക്ഷകർക്ക് പുതിയ കാഴ്ചാനുഭവം ആയിരിക്കുമെന്ന് താരങ്ങൾ പറഞ്ഞു.
"എനിക്ക് ഇഷ്ടപ്പെട്ട, എല്ലാവർക്കും ഇഷ്ടപ്പെട്ട, എന്റെ സുഹൃത്ത് ബേസിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അദ്ദേഹവുമായിട്ടാണ് ഞാൻ മലയാളത്തിൽ അധികം സംസാരിച്ചിട്ടുള്ളത്. ഷൂട്ട് കഴിഞ്ഞ് ശ്രീലങ്കയിൽ രണ്ടുമൂന്ന് ദിവസം ഞങ്ങൾ തങ്ങിയിരുന്നു. നല്ല രസമായിരുന്നു. ഏത് പടമാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്ന് ബേസിലിനോട് ഞാൻ ചോദിച്ചു. ഏർളി സ്റ്റാറിൽ നിന്ന് മംത്ലി സ്റ്റാറിൽ നിന്ന് താൻ ഇപ്പോൾ വീക്കിലി സ്റ്റാർ ആയെന്നും എല്ലാ ആഴ്ചയിലും പടം ഇറങ്ങുന്നത് കൊണ്ട് ഇപ്പോൾ കുറച്ച് പടങ്ങളിലേ അഭിനയിക്കുന്നുള്ളൂവെന്നുമായിരുന്നു മറുപടി," ശിവകാർത്തികേയൻ പറഞ്ഞു.
ശിവകാർത്തികേയനൊപ്പം രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരും സിനിമയുടെ പ്രചാരണത്തിനായി എത്തിയിരുന്നു. മലയാള സിനിമയോടും കേരളത്തിലെ താരങ്ങളോടും ഉള്ള ഇഷ്ടവും ശിവകാർത്തികേയനും സംഘവും തുറന്നുപറഞ്ഞു. "നിറയെ മലയാള സിനിമകൾ കാണും. എപ്പോൾ ആരിൽ നിന്ന് അതിമനോഹരമായ ഒരു സിനിമ വരുമെന്ന് പ്രതീക്ഷിക്കാനാകില്ല, അതാണ് മലയാള സിനിമയുടെ സൗന്ദര്യം. ഇത് ചെറിയ പടം, ഇത് വലിയ പടം എന്നില്ല. ഉദാഹരണത്തിന് കഴിഞ്ഞ വർഷം, മോഹൻലാൽ സാറിന്റെ പടവും കല്യാണിയുടെ ലോകയും മികച്ച കളക്ഷൻ നേടി. ഈ ഇൻഡസ്ട്രിയുടെ സൗന്ദര്യം അതാണ്. നിറയേ കൂട്ടുകാരുണ്ടിവിടെ," ശിവകാർത്തികേയൻ പറഞ്ഞു. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിക്കണം എന്ന ആഗ്രഹം രവി മോഹനും പ്രകടിപ്പിച്ചു.
1960 കളിൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ വളർന്നുവന്ന വിദ്യാർഥി പ്രസ്ഥാനത്തെക്കുറിച്ചാണ് 'പരാശക്തി' പറയുന്നത്. ഇന്ത്യൻ റെയിൽവേയിലെ ഉദ്യോഗസ്ഥനായ ചെഴിയൻ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. രവി മോഹൻ, അഥർവ മുരളി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രീലീല ആണ് നായിക. 10ാം തീയതിയാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.
വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായക'നുമായി 'പരാശക്തി' തിയേറ്ററിൽ ഏറ്റുമുട്ടും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, 'ജനനായക'ന്റെ റിലീസ് നീട്ടിയതോടെ 'പരാശക്തി' ആകും ഈ വർഷത്തെ തമിഴകത്തിലെ ആദ്യ വമ്പൻ റിലീസ്.