ENTERTAINMENT

ശ്രീദേവിയുടെ ജീവചരിത്ര പുസ്തകം വരുന്നു; കവർ പ്രകാശനം ചെയ്ത് പ്രിയങ്ക ചോപ്ര

ഹൃദയഹാരിയായ ഒരു കുറിപ്പിനൊപ്പമാണ് നടി കവർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്

Author : ന്യൂസ് ഡെസ്ക്

അന്തരിച്ച നടി ശ്രീദേവിയുടെ ജന്മവാർഷികത്തിൽ പുറത്തിറങ്ങാനിരിക്കുന്ന 'ദ എംപറസ്: ദ ഡെഫിനിറ്റീവ് ബയോഗ്രഫി ഓഫ് ശ്രീദേവി' എന്ന ജീവചരിത്ര പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്ത് പ്രിയങ്ക ചോപ്ര. ശ്രീദേവിയെ അനുസ്മരിക്കുന്ന ഹൃദയഹാരിയായ ഒരു കുറിപ്പിനൊപ്പമാണ് നടി കവർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ധീരജ് യു. കുമാർ രചിച്ച ജീവചരിത്രം വെസ്റ്റ്ലാൻഡ് ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

പുസ്തകത്തിന്റെ കവർ പങ്കുവച്ചുകൊണ്ട് പ്രിയങ്ക എക്സിൽ കുറിച്ചത് ഇങ്ങനെ: "പകരക്കാരില്ലാത്ത ഒരേയൊരാൾ. നിങ്ങളെ ഏറെ ഓർക്കുന്നു. ജന്മദിനാശംസകൾ. 'ദ എംപറസ്: ദ ഡെഫിനിറ്റീവ് ബയോഗ്രഫി ഓഫ് ശ്രീദേവി' ഉടൻ എത്തുന്നു."

പുസ്തകത്തിന്റെ കവറിൽ അമിതാഭ് ബച്ചന്റെ ഒരു പ്രത്യേക കുറിപ്പും കാണാം. ശ്രീദേവിയെ "പരിപൂർണമായ പ്രതിഭയുടെ ഉദാത്തമാതൃക," എന്നാണ് ബച്ചൻ വിശേഷിപ്പിച്ചിരിക്കുന്നത്.

2023ലാണ് വെസ്റ്റ്ലാൻഡ് ബുക്സ് ശ്രീദേവിയുടെ ജീവചരിത്ര ഗ്രന്ഥം പ്രഖ്യാപിക്കുന്നത്. നടിയുടെ ബാലതാരമായുള്ള തുടക്കം, സൂപ്പർതാര പദവിയിലേക്കുള്ള വളർച്ച, അവർ ബാക്കിവച്ചുപോയ സിനിമാ പാരമ്പര്യം എന്നിവയൊക്കെ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

1967ൽ പുറത്തിറങ്ങിയ 'കന്ദൻ കരുണൈ' എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസിലാണ് ശ്രീദേവി ബാലതാരമായി അഭിനയം ആരംഭിക്കുന്നത്. 1972ൽ 'റാണി മേരാ നാം' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടി തനതായ അഭിനയ ശൈലികൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടും ശ്രദ്ധേയയായി.

1996ൽ നിർമ്മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ച ശ്രീദേവിക്ക് ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ട് മക്കളുണ്ട്. 2018ൽ ദുബായിൽ വച്ചായിരുന്നു ശ്രീദേവിയുടെ അന്ത്യം. 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

SCROLL FOR NEXT