തനിക്കിഷ്ടപ്പെട്ട മലയാളം സിനിമകളെക്കുറിച്ച് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലി. 'ദൃശ്യ'മാണ് തന്റെ എക്കാലത്തെയും ഇഷ്ടപ്പെട്ട മലയാളം ചിത്രമെന്നും 'ബ്രോ ഡാഡി' അടുത്തിടയ്ക്ക് കണ്ടെന്നും രാജമൗലി പറഞ്ഞു. വ്യത്യസ്തമായ ഴോണറുകളിൽ സിനിമകളൊരുക്കുന്ന മലയാളം സിനിമാ ഇൻഡസ്ട്രി തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും സംവിധായകൻ. 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' എന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം അവതരിപ്പിക്കുന്നത് അദ്ദേഹമാണ്.
"മലയാളം സിനിമകൾ അധികം കാണാറില്ല. പക്ഷേ ഫഹദിന്റെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. 'ട്രാൻസ്' എന്റെ എല്ലാക്കാലത്തെയും ഇഷ്ടചിത്രമാണ്. പിന്നെ 'ആവേശം'. ഞാൻ എപ്പോഴും ഫഹദിനോട് പറയും, എനിക്കിയാളെ സ്ക്രീനിൽ 'വെറുക്കാൻ ഇഷ്ടമാണ്'. ഉദാഹരണത്തിന് 'ജോജി'. മോഹൻലാൽ സാറിന്റെ 'ദൃശ്യം 1', 2 എന്റെ ഓൾ ടൈം ഫേവററ്റ് ആണ്. രണ്ട് ദിവസം മുൻപാണ് 'ബ്രോ ഡാഡി' കണ്ടത്. മലയാളം ഇൻഡസ്ട്രിയിൽ വരുന്ന സിനിമകൾ അത്ഭുതപ്പെടുത്താറുണ്ട്. ചെറിയ ചിത്രങ്ങൾ മുതൽ വലിയ ചിത്രങ്ങൾ വരെ, പ്രണയ ചിത്രങ്ങൾ, ആക്ഷൻ ചിത്രങ്ങൾ, ത്രില്ലറുകൾ... അങ്ങനെ വ്യത്യസ്തമായ സിനിമകൾ," രാജമൗലി പറഞ്ഞു. മലയാളം സിനിമയുടെ ഏറ്റവും വലിയ ക്വാളിറ്റി ആക്ടിങ്ങും എഴുത്തുമാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും രാജമൗലി വെളിപ്പെടുത്തി. "ഫഹദുമായി സിനിമ ചെയ്യാൻ വലിയ ആഗ്രഹമുണ്ട്. അദ്ദേഹം എങ്ങനെയാണ് കഥാപാത്രത്തെ അഭിനയത്തിലേക്ക് കൊണ്ടുവരുന്നതെന്ന് പഠിക്കണം," രാജമൗലി പറഞ്ഞു.
ഫഹദ് ഫാസിൽ, ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.