എസ്.എസ്. രാജമൗലിയുടെ 'വാരണാസി'  
ENTERTAINMENT

'വാരണാസി' ഒരുങ്ങുന്നത് രണ്ട് ഭാഗങ്ങളായാണോ? മറുപടിയുമായി രാജമൗലി

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് 'വാരണാസി'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് 'വാരണാസി'. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജമൗലിയുടെ 'ബാഹുബലി' പോലെ രണ്ട് ഭാഗങ്ങളായിട്ടാകും 'വാരണാസി' ഇറങ്ങുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ.

"മൂന്ന് മണിക്കൂറിന് അടുത്ത് ദൈർഘ്യം വരുന്ന സിനിമയാകും വാരണാസി. സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാൻ ഇടയ്ക്ക് ആലോചിച്ചിരുന്നു. എന്നാൽ ഉടൻ തന്നെ ആ ഐഡിയ ഞങ്ങൾ ഉപേക്ഷിച്ചു," എന്നായിരുന്നു രാജമൗലിയുടെ മറുപടി. അടുത്ത വർഷം ഏപ്രിൽ ഏഴിന് ആണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. 'രുദ്ര' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഹേഷ് ബാബു അവതരിപ്പിക്കുന്നത്. നായിക 'മന്ദാകിനി' ആയിട്ടാണ് പ്രിയങ്ക ചോപ്ര എത്തുന്നത്. ആറ് വർഷത്തിന് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ഇന്ത്യൻ ചിത്രം കൂടിയാണ് 'വാരണാസി'. 'കുംഭ' എന്ന വില്ലൻ കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്.

കഴിഞ്ഞ വർഷം നവംബർ 15ന് ഹൈദരാബാദിൽ നടന്ന ബ്രഹ്‌മാണ്ഡ പരിപാടിയിലാണ് സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. തുടർന്ന് സിനിമയുടെ ടീസറും പുറത്തുവിട്ടിരുന്നു. പല കാലങ്ങളില്‍ പല ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവൽ അഡ്വഞ്ചർ മൂവിയായിരിക്കും 'വാരണാസി' എന്നാണ് ടൈറ്റിൽ റിവീൽ ടീസർ നൽകിയ സൂചന. ഐമാക്‌സിൽ ഉൾപ്പെടെ ഫുൾ സ്‌ക്രീൻ ഫോർമാറ്റിൽ ആകും ചിത്രം ഇറങ്ങുക എന്നാണ് രാജമൗലി അറിയിച്ചിരിക്കുന്നത്.

ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്. കർത്തികേയ എന്നിവരാണ് 'വാരണാസി' നിർമിക്കുന്നത്. ഓസ്കാർ ജേതാവ് എം.എം. കീരവാണിയാണ് 'വാരണാസി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്.

SCROLL FOR NEXT