കൊച്ചി: ശിവകാർത്തികേയൻ നായകനായ സുധ കൊങ്കര ചിത്രം 'പരാശക്തി' പൊങ്കൽ റിലീസ് ആയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു സിനിമയുടെ റിലീസ്. സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തുടങ്ങി സെൻസർ സർട്ടിഫിക്കേഷൻ പ്രതിസന്ധി വരെ ചിത്രം നേരിട്ടു. ഒടുവിൽ സിനിമ തിയേറ്ററുകളിൽ എത്തിയിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല. ഒരു ഭാഗത്ത് രാഷ്ട്രീയ കക്ഷികളും മറുഭാഗത്ത് ഫാൻസ് അസോസിയേഷനുകളും സിനിമയെ കടന്നാക്രമിക്കുകയാണ്.
വിജയ് ചിത്രം 'ജന നായക'നുമായി ക്ലാഷ് റിലീസ് പ്രഖ്യാപിച്ചതോടെയാണ് ആരാധക പോരിനിടയിൽ സിനിമ കുടുങ്ങിയത്. ജനുവരി 14ൽ നിന്ന് 10ലേക്ക് സിനിമയുടെ റിലീസ് മാറ്റിയതിന് പിന്നിൽ വിജയ്‌ക്ക് എതിരായ രാഷ്ട്രീയ നീക്കമാണെന്നായിരുന്നു ആരോപണം. നടന്റെ അവസാന ചിത്രത്തിന്റെ കളക്ഷൻ കുറയ്ക്കാനുള്ള സംഘടിത ശ്രമമായും ചിലർ ഇതിനെ കണ്ടു. ഒടുവിൽ സെൻസർ സർട്ടിഫിക്കേഷൻ പ്രതിസന്ധി കാരണം വിജയ് ചിത്രത്തിന്റെ റിലീസ് മാറ്റിയതോടെ അതിന്റെ ദേഷ്യം പല സമൂഹമാധ്യമ പേജുകളും 'പരാശക്തി'യോടാണ് തീർക്കുന്നത്. ഈക്കാര്യങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായിക സുധ കൊങ്കര. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അങ്ങേയറ്റം മോശമായ രീതിയിലുള്ള അപകീർത്തിപ്പെടുത്തലുകളും വ്യക്തിഹത്യയുമാണ് നടക്കുന്നതെന്ന് സുധ കൊങ്കര പറഞ്ഞു. അജ്ഞാതരായ ആളുകൾ വ്യാജ ഐഡികളിൽ ഒളിച്ചിരുന്നാണ് ഇത് ചെയ്യുന്നത്. അത് എവിടെ നിന്നാണ് വരുന്നതെന്ന് തനിക്കറിയാമെന്നും സംവിധായിക വ്യക്തമാക്കി.
"ഇന്നലെ ഒരു എക്സ് ഹാൻഡിലിൽ കണ്ട വരികൾ ഞാൻ വായിക്കാം: "സിബിഎഫ്‌സിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങുന്നതല്ല വലിയ കാര്യം. 'അണ്ണാ' (വിജയ്) ആരാധകരോട് മാപ്പ് ചോദിച്ച് ഒരു അപ്പോളജി സർട്ടിഫിക്കറ്റ് വാങ്ങൂ. ഇനി ഒരു ആഴ്ച കൂടിയുണ്ട്, അവർ ക്ഷമിച്ചാൽ 'പരാശക്തി' ഓടും," ബ്ലാസ്റ്റിങ് തമിഴ് സിനിമ എന്ന എക്സ് ഹാൻഡിലിലെ വരികൾ ഉദാഹരിച്ച് തങ്ങൾ നേരിടുന്ന സൈബർ ആക്രമണം സുധ ചൂണ്ടിക്കാട്ടി.
പൊങ്കൽ വാരത്തിൽ ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് സുധ കൊങ്കര പറഞ്ഞു. ഈ കാലഘട്ടത്തിലെ മാർക്കറ്റിങ് രീതികൾ അനുസരിച്ച് സിനിമയെ ആളുകളിലേക്ക് എത്തിക്കാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. സിനിമ തനിയെ സംസാരിക്കട്ടെ എന്ന് കരുതി ഇരുന്നിട്ട് കാര്യമില്ലെന്നും സുധ കൂട്ടിച്ചേർത്തു.
അതേസമയം, 'പരാശക്തി' സിനിമയ്‌ക്കെതിരെ തമിഴ്നാട് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സിനിമ ചരിത്രപരമായ വസ്തുതകളെ മനപ്പൂർവം വളച്ചൊടിക്കുന്നെന്നും കോൺഗ്രസ് നേതാക്കളെ തെറ്റായി ചിത്രീകരിക്കുന്നു എന്നുമാണ് ആരോപണം. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, കെ. കാമരാജ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. സിനിമ നിരോധിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.