ഹൈദരാബാദ്: വിരാട പർവം, നീദി നാദി ഒക്കെ കഥ എന്നിങ്ങനെയുള്ള സിനിമകളിലൂടെ പ്രശസ്തനായ സംഗീത സംവിധായകനാണ് സുരേഷ് ബോബ്‍ലി. മദ്യപാന ശീലവുമായി മല്ലിട്ട ഒരു കാലം ബോബ്‌ലിക്ക് ഉണ്ടായിരുന്നു. ഒരു ഫോണ്‍ കോൾ ആണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രോഗവുമായി പോരാടിയ കാലത്തെക്കുറിച്ചും ജീവിതം മാറ്റിയ ഫോൺ കോളിനെപ്പറ്റിയും സംഗീത സംവിധായകൻ മനസുതുറന്നത്.
റാണ ദഗ്ഗുബതിയും സായ് പല്ലവിയും അഭിനയിച്ച വേണു ഉഡുഗുലയുടെ 'വിരാട പർവ്വ'ത്തിന്റെ സംഗീത സംവിധാനം സുരേഷ് ബോബ്‍ലി ആയിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ അദ്ദേഹത്തെ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അമിത മദ്യപാനമായിരുന്നു കാരണം. സായ്‌യുടെ നിർബന്ധത്തെ തുടർന്നാണ് തിരികെയെടുക്കുന്നത്. "സായി പല്ലവി എന്നിൽ വിശ്വാസം അർപ്പിച്ചു. എന്റെ സംഗീതം നല്ലതാണെന്നും അത് ഉപയോഗിക്കണമെന്നും അവർ നിർബന്ധിച്ചു," സുരേഷ് പറയുന്നു.
സിനിമയുടെ ഫൈനൽ സ്കോർ പൂർത്തിയാക്കിയപ്പോഴാണ് സുരേഷിന് സായി പല്ലവിയുടെ കോൾ വരുന്നത്. "സിനിമ റിലീസ് ആകുമ്പോൾ എനിക്കാകും ആദ്യം നല്ല പേര് ലഭിക്കുക എന്ന് അവർ പറഞ്ഞു. ഞാൻ എക്സട്രാ ഓർഡിനറി ആണെന്നും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നോട് ആവശ്യപ്പെട്ടു. ഞാൻ എവിടെ നിന്നാണ് വന്നതെന്നും ഈ വ്യവസായത്തിലേക്ക് എന്തിനാണ് വന്നതെന്നും അത് എന്നെ ഓർമിപ്പിച്ചു," സുരേഷ് ഓർമിപ്പിച്ചു.
'വിരാട പർവം' റിലീസ് പിന്നാലെ സുരേഷ് ബോബ്‍ലി മദ്യപാനം ഉപേക്ഷിച്ചു. മൂന്ന് മാസത്തോളം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു. മൂന്ന് വർഷമായി താൻ മദ്യപിക്കാറില്ലെന്നും സുരേഷ് അഭിമുഖത്തിൽ പറഞ്ഞു.
'തണ്ടേൽ' എന്ന തെലുങ്ക് ചിത്രത്തിൽ ആണ് സായ് പല്ലവി അവസാനം അഭിനയിച്ചത്. നാഗ ചൈതന്യ ആയിരുന്നു നായകൻ. ലോകമെമ്പാടുമായി 100 കോടി രൂപയിലധികമാണ് ഈ സിനിമ കളക്ട് ചെയ്തത്. 2024ൽ ശിവകാർത്തികേയന് ഒപ്പം അഭിനയിച്ച തമിഴ് ചിത്രം 'അമരനി'ലെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് സായ്‌ക്ക് ലഭിച്ചത്. സുനിൽ പാണ്ഡെയുടെ ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സായ് പല്ലവി. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാന് ഒപ്പമാണ് സായ് എത്തുന്നത്. നിതേഷ് തിവാരിയുടെ 'രാമായണ'ത്തിൽ സീതയായി എത്തുന്നതും സായ് ആണ്. സിനിമയിൽ രൺബീർ കപൂർ രാമനായും യാഷ് രാവണനായും അഭിനയിക്കും.