

ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവലി'ൽ മമ്മൂട്ടി നായകനോ, വില്ലനോ? സിനിമ അനൗൺസ് ചെയ്ത അന്ന് മുതലുള്ള ചോദ്യമാണിത്. ഒടുവിൽ പ്രീ റിലീസ് ഇവന്റിൽ മമ്മൂട്ടി തന്നെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു.
"കളങ്കാവലിൽ വിനായകൻ ആണ് നായകൻ. ഞാനും നായകനാണ്, പ്രതിനായകൻ" - അവിടെയും നിർത്തിയില്ല. ഈ കഥാപാത്രത്തെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷേ, നിങ്ങൾ അയാളെ തിയേറ്ററിൽ ഉപേക്ഷിക്കില്ല എന്ന് കൂടി പറഞ്ഞുവച്ചു. ഇത് പറയുന്നത് മമ്മൂട്ടിയാണ് എന്ന് ഓർക്കണം. ഈ വാക്കുകൾ കേൾക്കുമ്പോൾ കാണിയുടെ തലച്ചോറിൽ, ഓർമയുടെ സില്ലൗട്ടിൽ, പട്ടേലരും മുരുക്കിൻകുന്നത് അഹമ്മദ് ഹാജിയും കൊടുമൺ പോറ്റിയും ഒക്കെ ഇരുന്ന് ചിരിക്കുന്നുണ്ടാകണം. ചെകുത്താന്റെ ചിരി!
മഹാനടനിലേക്കുള്ള പ്രയാണത്തിൽ വൈവിധ്യമാർന്ന വേഷങ്ങൾ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. അവയിൽ പലതും എല്ലാം തികഞ്ഞ നായകപാത്രങ്ങളായിരുന്നില്ല. കറുപ്പിലും വെളുപ്പിലും മാത്രമല്ല, അതിനിടയിലെ ഗ്രേ ഷേഡിലും ആ നടനെ പലകുറി നമ്മൾ കണ്ടതാണ്. പിന്നെന്തിനാണ് മമ്മൂട്ടി വില്ലനാകുന്നതിൽ ഇത്ര ആകാംക്ഷ എന്ന് ചോദിച്ചാൽ, വില്ലന് ഒരു അച്ചുണ്ടാക്കി അതിൽ വാർത്തെടുത്തവയല്ല മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രങ്ങൾ എന്നാകും ഉത്തരം. അവരുടെ ചിരിയും നടപ്പും ഇരിപ്പും ഒക്കെ വ്യത്യാസപ്പെട്ടിരിക്കും. പഴയ ഒരു ചൊല്ല് കേട്ടിട്ടില്ലേ..'ഒരു നദിയിൽ രണ്ട് വട്ടം കാല് നനയ്ക്കാൻ പറ്റില്ല.' അത് മമ്മൂട്ടിയുടെ നടിപ്പിനും ബാധകമാണ്. അദ്ദേഹത്തിന്റെ വില്ലൻമാർ തന്നെ അതിന് സാക്ഷ്യം പറയും.
1982ൽ ഇറങ്ങിയ 'പടയോട്ട'ത്തിലാണ് മമ്മൂട്ടി തന്റെ ആദ്യകാല വില്ലൻ വേഷങ്ങളിൽ ഒന്ന് ചെയ്യുന്നത്. ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു ചതിയന്റെ റോളാണ് മമ്മൂട്ടിയുടേത്. അധികാരത്തിനും പണത്തിനും വേണ്ടി എന്തും ചെയ്യുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായ. കമ്മാരൻ! സ്റ്റീരിയോടൈപ്പിൽ ചെന്ന് വീഴേണ്ട ഈ കഥാപാത്രത്തിൽ പോലും ഒരു മമ്മൂട്ടി 'ടച്ച്' പ്രകടമാണ്.
1983ൽ പത്മരാജൻ സംവിധാനം ചെയ്ത 'കൂടെവിടെ'യിലെ ക്യാപ്റ്റൻ തോമസ്, കമ്മാരനിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു. തോമസ് ഒരു ചീത്ത മനുഷ്യനല്ല. പക്ഷേ ഉള്ളിലെ സംശയം പലപ്പോഴും അയാളിലെ നന്മകളെ മായ്ച്ച് കളയുന്നു. തോമസിന്റെ നോട്ടത്തിൽ അയാളിലെ കെട്ട വശം ഉണരുന്നത് നമുക്ക് അറിയാൻ സാധിക്കും.
പത്മരാജന്റെ തന്നെ 'കരിയിലക്കാറ്റ് പോലെ' എന്ന ചിത്രത്തിലെ കഥാപാത്രത്തേയും വില്ലൻ എന്ന് വിളിക്കാൻ ആവില്ല. അയാൾക്ക് ഒരു നെഗറ്റീവ് ഷേഡ് ഉണ്ട്. 'തൃഷ്ണ'യിലെ ദാസ് എന്ന കഥാപാത്രത്തിന്റെ എക്സ്ട്രീം എന്ന് വേണമെങ്കിൽ പറയാം. കഥയിൽ ഉദ്വേഗം നിലനിർത്തുന്നത് ആ ഷേഡ് ആണ്. അയാളുടെ ഭൂതകാലമാണ് സിനിമയിലെ മിസ്റ്ററിയിലേക്കുള്ള താക്കോൽ.
'മേഘ'ത്തിലേയും 'അഴകിയ രാവണനി'ലേയും മമ്മൂട്ടി കഥാപാത്രങ്ങളും സൂക്ഷിച്ച് വായിച്ചാൽ നെഗറ്റീവ് റോളുകൾ തന്നെയാണ്. തനിക്ക് ഇഷ്ടപ്പെട്ട പെണ്ണിനെ അവളുടെ ഇഷ്ടം വകവയ്ക്കാതെ സ്വന്തമാക്കാൻ ശ്രമിക്കുന്നവരാണ് കേണൽ രവിവർമ തമ്പുരാനും ശങ്കർ ദാസും. കഥാന്ത്യത്തിൽ വിട്ടുകൊടുക്കുന്നവരും ഏറ്റെടുക്കുന്നവരുമായി ഇവർ മാറുന്നെങ്കിൽ കൂടി അവരിൽ നമ്മളിലൊക്കെയുള്ള അസൂയയും സ്വാർഥതയും കാണാം.
എന്നാൽ, വേണു സംവിധാനം ചെയ്ത 'മുന്നറിയിപ്പി'ലെ കഥാപാത്രം ഇതിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്നു. സി.കെ. രാഘവൻ നല്ലപോലെ തത്വജ്ഞാനം പറയും. അയാളുടെ ഇഷ്ട വിഷയം സ്വാതന്ത്ര്യമാണ്. അത് ഹനിക്കപ്പെടുമ്പോൾ അയാളിലെ ചെകുത്താൻ മുഖം നിറഞ്ഞ ചിരിയോടെ ഫ്രെയിമിലേക്ക് വരും. ഒറ്റ ഷോട്ടിൽ ആ കഥാപാത്രത്തെ മമ്മൂട്ടി പൂർണതയിലെത്തിച്ചു. ഒറ്റ ചിരിയിൽ, ആ കൊലച്ചിരിയിൽ, മമ്മൂട്ടി രാഘവനെ അനശ്വരനാക്കി.
രാഘവൻ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന മനുഷ്യനാണെങ്കിൽ 'പുഴു'വിലെ കുട്ടൻ പലരിൽ നിന്നും അത് അപഹരിക്കുന്ന കഥാപാത്രമാണ്. അയാളിലെ വില്ലനെ നമുക്ക് പെട്ടെന്ന് മനസിലാവില്ല. സവർണത സൃഷ്ടിച്ച അധികാരബോധത്തിൽ ചുറ്റുമുള്ള ഒന്നിനോടും മമത കാണിക്കാത്ത ആളാണ് കുട്ടൻ. അയാളുടെ മുന്നിൽ മകൻ പോലും അധികാരം സ്ഥാപിക്കാനുള്ള വസ്തുവാണ്. സബ്റ്റിലായിട്ടാണ് ഈ കഥാപാത്രത്തിന്റെ അന്തർ സംഘർഷങ്ങൾ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും, നൂലിൻ മേൽ കൂടിയുള്ള നടത്തം.
ഇതേ കുട്ടന്റെ മറ്റൊരു ഭാവമാണ് 'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റി. കുട്ടന് ഉള്ളിലെ സവർണതയും അധികാരബോധവും തന്നെയാണ് പോറ്റിയുടെ വേഷം ധരിച്ച ചാത്തൻ. മമ്മൂട്ടിയുടെ ഭാവപ്രകടനങ്ങളിലൂടെയാണ് നമുക്ക് പോറ്റിയിലെ ചാത്തനെ അനുഭവപ്പെട്ടത്. അയാൾ ഭക്ഷണം കഴിക്കുന്ന, മുറുക്കാൻ ചവയ്ക്കുന്ന, ചിരിക്കുന്ന വിധമാണ് ഇയാൾ പോറ്റിയല്ല എന്ന് നമ്മോട് പറയുന്നത്. സംഭാഷണത്തിനിടയിലെ ചെറിയ ശബ്ദക്രമീകരണം കൊണ്ട് പോലും വലിയ ഭീതി ജനിപ്പിക്കാൻ മമ്മൂട്ടിക്ക് സാധിക്കുന്നു. അന്നവും കൂരയും തന്ന ദൈവത്തിന് നന്ദി പറയുന്ന പാണനോട് 'ഇതെല്ലാം തന്നത് ഞാനല്ലേ' എന്ന പോറ്റിയുടെ പരിഭവത്തിന് ഉള്ളിൽ ചാത്തനുണ്ട്. എന്നാൽ, 'അച്ഛൻ അത്ര മോശം മനുഷ്യനാണോ എന്ന് ചോദിക്കുന്ന' കുട്ടന്റെ ഛായകളേതുമില്ല. രണ്ട് പേരുടേയും ചോദ്യത്തിന്റെ ധ്വനി ഒന്നാണെങ്കിൽ കൂടി.
അധികാരത്തിൽ നിന്ന് നമുക്ക് പ്രതികാരത്തിലേക്ക് പോകാം. ആരുടെ പ്രതികാരമാണെങ്കിലും അതിന് ഒരു നെഗറ്റീവ് ഷേഡ് ഉണ്ടാകും. നായകന്റെ റിവഞ്ചിൽ അത് കൊണ്ടുവരാതിരിക്കാനാണ് ഭൂരിപക്ഷം സംവിധായകരും ശ്രമിക്കുക. പക്ഷേ മമ്മൂട്ടിയെ കയ്യിൽ കിട്ടിയാൽ ഒന്ന് പരീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ? നിസാം ബഷീറും അതാണ് ചെയ്തത്. 'റോഷാക്കി'ലെ ലൂക്ക് ആന്റണിയുടെ പ്രതികാരത്തിന് ഒരു വന്യതയുണ്ട്. നിഗൂഢതയുടെ മുഖാവരണമണിഞ്ഞാണ് ലൂക്കിന്റെ സഞ്ചാരം. പ്രതിയോഗിയുടെ മുഖംമൂടി അഴിഞ്ഞു വീഴുമ്പോഴും ലൂക്ക് ഒരു മിസ്റ്ററി ആയി നിൽക്കും. കഥയോട് വിധേയപ്പെട്ട് നിൽക്കുന്ന, എന്നാൽ വേറിട്ട വായന സാധ്യമായ കഥാപാത്രം. ഈ ലൂക്ക് ഒരു ഏടാകൂടമാണ്. അയാളുടെ പ്രതികാരവും.
ലൂക്കിൽ നിന്ന് നേർ വിപരീതമാണ് ഓസ്ലറിന്റെ റിവഞ്ച് സ്റ്റോറി. അയാളെ വില്ലനായി കൊണ്ടുവന്ന് നായകനാക്കി മാറ്റുകയാണ്. ഫ്ലാഷ്ബാക്കിലൂടെ വില്ലന് കാണിയുടെ സംശയത്തിന്റെ ആനുകൂല്യം നേടിക്കൊടുക്കുന്ന പഴയ ടെക്നിക്ക്.
ഇതൊക്കെ അവിടെ നിൽക്കട്ടെ, മമ്മൂട്ടിയുടെ ആ ലക്ഷണമൊത്ത വില്ലൻ വേഷം എവിടെ? അതൊന്ന് ചൂണ്ടിക്കാണിക്കെന്ന് പറഞ്ഞാൽ. സംശയം ഏതുമില്ലാതെ ആ രണ്ട് കഥാപാത്രങ്ങൾക്ക് നേരെയാകും എല്ലാവരുടെയും നോട്ടം ചെല്ലുക. ഒരാൾ ഭാസ്കര പട്ടേലർ. രണ്ടാമൻ മുരുക്കിൻ കുന്നത്ത് അഹമ്മദ് ഹാജി. മൃഗതൃഷ്ണയുള്ളവർ. ചുറ്റുമുള്ളവരെ അധികാരത്തിന്റെ ഹുങ്ക് വച്ച് കരിയില കണക്കിന് ചതച്ചരച്ച് മുന്നോട്ട് നീങ്ങുന്നവർ. അവരുടെ അട്ടഹാസങ്ങൾക്കുള്ളിൽ ഇരകളുടെ കരച്ചിലിന് ദിശതെറ്റും. ഒറ്റ നോട്ടത്തിൽ അവർ അടിയാനെ നിശബ്ദനാക്കും. വിധേയരാക്കും. ഒരു വില്ലന് വേണ്ട എല്ലാ സാമ്പ്രദായിക ലക്ഷണങ്ങളുമുള്ള കഥാപാത്രങ്ങൾ. മിത്തിന്റെ ആവരണം ഇല്ല എന്നതാണ് ഇവരെ പോറ്റിയിൽ നിന്ന് മാറ്റി നിർത്തുന്നത്. രണ്ട് ഭൂപ്രദേശത്ത്, രണ്ട് കാലത്ത് ജീവിക്കുന്ന, ഒരുപക്ഷേ ജീവിച്ചിരുന്ന കഥാപാത്രങ്ങളാണ് 'വിധേയനി'ലെ ഭാസ്കര പട്ടേലരും 'പാലേരി മാണിക്യ'ത്തിലെ മുരുക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയും. അഭിനയിച്ചതോ ഒരാളും. സാമ്യതകൾ വന്നുപോയാൽ ആരും കുറ്റം പറയില്ല. പക്ഷേ, അങ്ങനെയൊരു പറച്ചിലിന് ഇടവന്നില്ല. അടൂരിന്റെ പട്ടേലരിനും രഞ്ജിത്തിന്റെ ഹാജിക്കും എന്താണ് വേണ്ടത് എന്ന് മമ്മൂട്ടിക്ക് അറിയാം. അവർ രണ്ട് പേരായി നിന്നു. സംശയം ഉണ്ടെങ്കിൽ അവരുടെ ചിരികൾ ഒന്ന് താരതമ്യം ചെയ്ത് നോക്കൂ. നിങ്ങൾ ഞെട്ടും.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. മമ്മൂട്ടി അഭിനയിച്ചു എന്നത് കൊണ്ട് നമ്മൾ, കാണികൾ ഈ കഥാപാത്രങ്ങൾക്ക് ഒന്നും നായകപരിവേഷം നൽകിയിരുന്നില്ല. അവർ നമുക്ക് വെറുക്കപ്പെട്ടവർ തന്നെയായിരുന്നു. മാസ് ബിജിഎം ഇട്ട് വില്ലനെ നായകനാക്കുന്ന കളിക്ക് ഇറങ്ങാതിരുന്ന സംവിധായകരാണ് അതിന് കാരണക്കാർ. 'കളങ്കാവലി'ൽ ജിതിൻ കെ ജോസും അവരുടെ പാതയൽ നീങ്ങുമെന്ന് പ്രത്യാശിക്കാം.
ജിതിന്റെ 'കളങ്കാവൽ', സയനൈഡ് മോഹന്റെ കഥയാണെന്ന തരത്തിൽ പല റിപ്പോർട്ടുകളും വന്നിരുന്നു. പോസ്റ്ററിലെ ചിലന്തി വലയിൽ കുടുങ്ങിയ സ്ത്രീകൾ, ട്രെയ്‌ലറിലും ടീസറിലും വരുന്ന ചില സൂചനകൾ, ഏറ്റവും ഒടുവിൽ പ്രീ റിലീസ് ഇവന്റിൽ പരിചയപ്പെടുത്തിയ 20ഓളം നടിമാർ..എല്ലാം ഈ തിയറി ശരിവയ്ക്കുന്നതാണ്. എല്ലാവർക്കും അറിയുന്ന കഥ. 'കളങ്കാവൽ' ആ കഥയാണ് പറയുന്നതെങ്കിൽ സിനിമയുടെ ആഖ്യാനവും മമ്മൂട്ടി, വിനായകൻ എന്നിവരുടെ പ്രകടനവും നിർണായകമാകും. പ്രത്യേകിച്ച് പ്രതിനായകന്റെ പ്രകടനം. ചരിത്രം നോക്കിയാൽ ഒരു കാര്യം ഉറപ്പിക്കാം. മമ്മൂട്ടിയുടെ വില്ലനെ മലയാളി തിയേറ്ററിൽ ഉപേക്ഷിച്ചിട്ടില്ല. കാരണം, മമ്മൂട്ടി വില്ലനാകുകയാണ്. അല്ലാതെ വില്ലൻ മമ്മൂട്ടി ആകുകയല്ല!