ENTERTAINMENT

20 വർഷത്തെ കാതൽ! മക്കളെ സാക്ഷിയാക്കി വിവാഹവാഗ്‌ദാനം പുതുക്കി സൂര്യയും ജ്യോതികയും; വീഡിയോ വൈറൽ

പരമ്പരാഗത ക്രിസ്ത്യൻ രീതിയിൽ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ വൈറലാണ്

Author : ന്യൂസ് ഡെസ്ക്

ഇരുപതാം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി താരദമ്പതികൾ സൂര്യയുടെ ജ്യോതികയും. വിദേശത്തുള്ള ഒരു പള്ളിയിൽ വച്ച് പരമ്പരാഗത ക്രിസ്ത്യൻ രീതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും തങ്ങളുടെ വിവാഹവാഗ്ദാനങ്ങൾ പുതുക്കിയത്. മക്കളായ ദിയയുടെയും ദേവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ലളിതമായിട്ട് നടന്ന ഈ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും ജ്യോതിക പങ്കുവച്ച കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

1999ൽ ഇറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടിയത്. തുടർന്ന് 'ഉയിരിലെ കലന്തത്', 'കാക്ക കാക്ക', 'പേരഴഗൻ', 'മായാവി', 'സില്ലുനു ഒരു കാതൽ' തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ചഭിനയിച്ചു. വൈകാതെ വെള്ളിത്തിരയിലെ നായകനും നായികയും യഥാർഥ ജീവിതത്തിലും പ്രണയത്തിലായി. 2006 സെപ്റ്റംബർ 11ന് ഇരുവരും വിവാഹിതരായി.

ജ്യോതിക പങ്കുവച്ച കുറിപ്പ്:

ദ സീക്വൽ

ഞങ്ങളുടെ 20 വർഷത്തെ സ്നേഹവും വഴക്കുകളും ആഘോഷിക്കുന്ന, ഒരു വിവാഹ വാഗ്ദാന പുതുക്കൽ.

അതെ, ഇത് പൂർണതയുള്ള ഒരു ദാമ്പത്യത്തിന്റെ ആഘോഷമല്ല. ഇത് അപൂർണതകളുടെയും, വിട്ടുവീഴ്ചകളുടെയും, പരസ്പര ധാരണയുടെയും, ത്യാഗങ്ങളുടെയും, നിസ്വാർത്ഥ സ്നേഹത്തിന്റെയും ആഘോഷമാണ്. ഇത് 'ഞങ്ങളുടെ' ആഘോഷമാണ്. ഞങ്ങൾ പരസ്പരം നിലകൊണ്ടതിന്റെ ആഘോഷം.

എന്ത് വിരോധാഭാസമാണ്....യാഥാർത്ഥ്യത്തിൽ നിന്ന് ഒരുപാട് അകലെയാണെന്ന് ഒരിക്കൽ തോന്നിയ ഒരു സ്വപ്നം, ഇന്ന് എന്റെ ജീവിതകാലം മുഴുവൻ ഞാൻ കാണാൻ ആഗ്രഹിക്കുന്ന യാഥാർത്ഥ്യമായിരിക്കുന്നു!

ഇതാണ് എന്റെ പ്രതിജ്ഞ 

ഞാൻ സന്തോഷവതിയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. കാരണം ജീവിതത്തിന്റെ നല്ല വശങ്ങൾ മാത്രം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ജീവിതത്തെ ആഘോഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു - ഞാൻ സ്നേഹിക്കുന്ന പുരുഷൻ എന്നെക്കാൾ ഉപരി എന്നെ ബഹുമാനിക്കുമ്പോൾ ഈ ജീവിതം തന്നെ ഒരു സമ്മാനമാണ്.

ഞാൻ ഒരിക്കലും പരാതിപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു - ഞാൻ എന്തിന് പരാതിപ്പെടണം? ആകാശം പോലെ വിശാലമായ ഒന്നിന് പോലും ഭൂമിയെ തൊടാനുള്ള ഭാഗ്യമില്ലാത്തപ്പോൾ! ചുറ്റും നോക്കൂ, ഈ പ്രകൃതിയിലെ സകലതും അപൂർണമാണ്. ആ ശൂന്യത നമ്മൾ എങ്ങനെ നികത്തുന്നു എന്നതിലാണ് കാര്യം.

ഞാൻ എന്നും നന്ദിയുള്ളവളായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു - ഓരോ പ്രഭാതത്തിലും എന്നെ സംരക്ഷിക്കുന്ന ഒരു പുരുഷന്റെ കൈകളിൽ, എന്റെ ജീവിതത്തിന് അർത്ഥവും ജീവിക്കാൻ ഒരു കാരണവും നൽകിയ എന്റെ മക്കൾക്കൊപ്പവും ഞാൻ ഉണരുന്നു.

ഞാൻ ആരോഗ്യവതിയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. കാരണം നമ്മൾ കെട്ടിപ്പടുക്കുന്ന ഒരേയൊരു യഥാർത്ഥ സമ്പാദ്യം അതാണ്. എത്ര ആഡംബരമുള്ള വീടാണെങ്കിലും, അവിടെ ചോർച്ചയും ചിതലുകളും അറ്റകുറ്റപ്പണികളും ഉണ്ടായിക്കൊണ്ടേയിരിക്കും.

ഞാൻ മികച്ചൊരു അമ്മയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു - ഞാൻ പാചകം ചെയ്യുന്നതുകൊണ്ടോ, വൃത്തിയാക്കുന്നതുകൊണ്ടോ, സഹായിക്കുന്നതുകൊണ്ടോ അല്ല. അവരുടെ അപ്പയും അമ്മയും ജീവിച്ച ആ മനോഹര കഥ വീണ്ടും ജീവിക്കാൻ എന്റെ മക്കൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ചിരി എന്നിലുളളതുകൊണ്ട്.

എന്റെ പ്രിയപ്പെട്ട സൂര്യ, നിന്റെ അപൂർണയായ ഭാര്യയായി തന്നെ തുടരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു - വഴക്കിടുകയും, പിന്നീട് ഇണങ്ങുകയും, ഓരോ തവണയും നിന്നിലേക്ക് കുറച്ചുകൂടി അടുക്കുകയും ചെയ്യുന്ന ആ ഭാര്യയായി.

എല്ലാറ്റിനുമുപരിയായി നമ്മുടെ സൗഹൃദത്തെ ഞാൻ കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. കാരണം നമുക്ക് സമമായി, വിശ്വസിക്കാവുന്ന, ഗോസിപ്പുകൾ പറയാവുന്ന, ഏറ്റവും അടുത്ത സുഹൃത്തായി ഒരാളെ കണ്ടെത്താൻ പറ്റുക അപൂർവമാണ്. ആ പ്രത്യേക മനുഷ്യൻ നിങ്ങളുടെ ഭർത്താവും നിങ്ങളുടെ മക്കളുടെ അച്ഛനും കൂടിയാകുമ്പോൾ... നമ്മുടെ സൗഹൃദത്തെ ഞാൻ മറ്റെന്തിനേക്കാളും വിലമതിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

ഞങ്ങളുടെ അടുത്ത ഇരുപത് വർഷങ്ങളിലേക്ക് - പരസ്പര ധാരണയുള്ള, അപൂർണരായ ഞങ്ങളുടെ...

SCROLL FOR NEXT