സൂര്യ Source: Screengrab / Sithara Entertainments / Vishwanath and Sons Audio Launch Event
ENTERTAINMENT

"200 ദിവസം ഷൂട്ട് ചെയ്ത സിനിമയുടെ പരാജയം, ഞാൻ പഠിച്ച വലിയ പാഠം"; തുറന്നുപറഞ്ഞ് സൂര്യ

സിനിമയിൽ 30 വർഷം പൂർത്തിയാക്കിയിട്ടും ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് സൂര്യ

Author : ന്യൂസ് ഡെസ്ക്

സിനിമകളുടെ ജയ-പരാജയങ്ങളിൽ നിന്ന് താൻ പഠിച്ച പാഠത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ സൂര്യ. സിനിമയിലെ വിജയം ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്ന് നടൻ സമ്മതിച്ചു. ഒരുപോലെ കഠിനാധ്വാനം ചെയ്ത രണ്ട് ചിത്രങ്ങൾക്ക് തിയേറ്ററുകളിൽ തികച്ചും വ്യത്യസ്തമായ ഫലങ്ങളാണ് ലഭിച്ചതെന്ന് 'ദ ഹോളിവുഡ് റിപ്പോർട്ടറിന്' നൽകിയ അഭിമുഖത്തിൽ സൂര്യ വ്യക്തമാക്കി.

സിനിമയിൽ 30 വർഷം പൂർത്തിയാക്കിയിട്ടും ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ഈ യാത്ര തന്നോട് ഓർമിപ്പിക്കുന്നുവെന്ന് സൂര്യ പറഞ്ഞു. സിനിമകളുടെ പേരുകൾ എടുത്തുപറയാതെയാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്. എന്നാൽ, 'കങ്കുവ', 'കറുപ്പ്' എന്നീ ചിത്രങ്ങളാണ് സൂര്യ ഉദ്ദേശിച്ചതെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.

"അതേ വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി ഏകദേശം 200 ദിവസത്തോളം നമ്മൾ ഒരു സിനിമയ്ക്കായി പ്രവർത്തിക്കുന്നു. എന്നാൽ അത് പൂർണമായും പരാജയപ്പെട്ടേക്കാം. എന്നാൽ വെറും 45 ദിവസം കൊണ്ട് ഷൂട്ടിങ് തീർത്ത മറ്റൊരു സിനിമ ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്യുന്നു. അതിനാൽ, ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനും, മുൻപ് പഠിച്ച പലതും തിരുത്താനുണ്ട്. ഇൻഡസ്ട്രിയിൽ 30 വർഷം പൂർത്തിയാക്കിയെങ്കിലും എല്ലാം പഠിച്ചുകഴിഞ്ഞു എന്ന് പറയാൻ എനിക്ക് കഴിയില്ല," എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.

ശിവ സംവിധാനം ചെയ്ത 'കങ്കുവ' സൂര്യ ആരാധകർ വലിയ പ്രതീക്ഷ വച്ചിരുന്ന ചിത്രമാണ്. വൻ ബജറ്റിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാൽ അതിനുശേഷം സൂര്യ അഭിനയിച്ച ആർ.ജെ. ബാലാജി ചിത്രം 'കറുപ്പ്' അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറി.

SCROLL FOR NEXT