സ്വസ്തിക മുഖർജി, കിയാര അദ്വാനി 
ENTERTAINMENT

"മദർ തെരേസ ടൈപ്പ് റോളുകൾ മാത്രമേ ചെയ്യുവെന്ന് നിങ്ങളുമായി കരാറുണ്ടോ?"; കിയാരയെ ട്രോളുന്നവരോട് സ്വസ്തിക

'ടോക്സിക്' സിനിമയിലെ യഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ നടി കിയാര അദ്വാനി ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നത്

Author : ന്യൂസ് ഡെസ്ക്

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയിലെ ബോൾഡ് സീനുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. യഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ നടി കിയാര അദ്വാനി ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. ഇപ്പോഴിതാ, കിയാരയെ ട്രോളുന്നവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാളി - ഹിന്ദി നടി സ്വസ്തിക മുഖർജി.

നടിമാർ ഇത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സദാചാര ആക്രമണങ്ങളെ തുറന്നെതിർത്തു കൊണ്ടാണ് സ്വസ്തിക മുഖർജിയുടെ പ്രതികരണം. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഈ വിഷയം അഭിസംബോധന ചെയ്തത്.

"സിനിമ കാണുന്നതിന് മുൻപ് തന്നെ ആളുകൾ എല്ലാ കാര്യങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചും നടിമാരെക്കുറിച്ചും മുൻവിധികളോടെ അഭിപ്രായപ്പെടുന്നുണ്ട്. സിനിമയിൽ എന്താണുള്ളതെന്ന് നിങ്ങൾക്ക് അറിയില്ല. അതിന്റെ പശ്ചാത്തലം എന്താണെന്നോ, ആ കഥാപാത്രത്തിന്റെ പ്രാധാന്യം എന്താണെന്നോ, കഥയെന്താണെന്നോ, അതെങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നോ നിങ്ങൾക്ക് അറിയില്ല. അതിൽ ഏതോ ഒരു സീനിലുള്ള കുറച്ച് ഇന്റിമേറ്റ് ഷോട്ടുകൾ മാത്രം കണ്ടാണ് നിങ്ങളുടെ ബഹളവും വിമർശനങ്ങളും," താരം പറയുന്നു.

"എന്നെ സംബന്ധിച്ച്, ഞാൻ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും വ്യാകുലപ്പെടാറില്ല എന്ന വസ്തുത എന്റെ പ്രേക്ഷകർ ഇപ്പോൾ അംഗീകരിച്ചു കഴിഞ്ഞു. അവർ എന്തെങ്കിലും പറഞ്ഞാലും ഇല്ലെങ്കിലും, എനിക്കതിൽ ഒരു പ്രശ്നവുമില്ലെന്ന് അവർക്കറിയാം. വർഷങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുന്നതാണ്. എന്നാൽ മറ്റുള്ളവരിൽ നിന്ന് എന്തിനാണ് എല്ലാവരും ഇങ്ങനെയൊരു പ്രതീക്ഷ വച്ചുപുലർത്തുന്നത്? കിയാരയോ മറ്റേതെങ്കിലും നടിയോ 'ഞാൻ ഇനി മദർ തെരേസ ടൈപ്പ് റോളുകൾ മാത്രമേ ചെയ്യൂ' എന്ന് പ്രേക്ഷകർക്ക് കരാർ ഒപ്പിട്ടു നൽകുകയോ ലഘുലേഖകൾ വിതരണം ചെയ്യുകയോ ചെയ്തിട്ടുണ്ടോ?," എന്നാണ് സ്വസ്തികയുടെ ചോദ്യം.

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' റിലീസ് ചെയ്ത ആദ്യദിനം തന്നെ ആഗോളതലത്തിൽ 150 കോടി ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയത്. റിലീസ് ദിനത്തിൽ, 108 കോടി രൂപ നെറ്റ് കളക്ഷനാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ഈ ചരിത്ര നേട്ടത്തോടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ആദ്യദിനം 100 കോടി ക്ലബിൽ ഇടംപിടിക്കുന്ന ആദ്യ സംവിധായികയായി ഗീതു മോഹൻദാസ് മാറി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായൊരു നാഴികക്കല്ലാണിത്.

'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളിലാണ് നടൻ എത്തുന്നത്. യഷ്, കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ തുടങ്ങി വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

SCROLL FOR NEXT