കൊച്ചി: തമിഴ് സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് വിശാല്‍. ആക്ഷന്‍ ഹീറോ ആയി അറിയപ്പെടുന്ന നടന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു ലിംഗുസാമി സംവിധാനം ചെയ്ത 'സണ്ടക്കോഴി'. എന്നാല്‍, ഈ ചിത്രം വിശാലിന് വേണ്ടി എഴുതിയിരുന്നതല്ല. 'സണ്ടക്കോഴി'യിലേക്ക് താന്‍ എത്തിയതിനെപ്പറ്റി മനസുതുറക്കുകയാണ് വിശാല്‍.
വിജയ്‌യെ മനസില്‍ കണ്ടാണ് ലിംഗുസാമി 'സണ്ടക്കോഴി' തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍, ഒടുവില്‍ ആ സിനിമ വിശാലിന് ലഭിച്ചു. തമിഴില്‍ വമ്പന്‍ ഹിറ്റായി മാറിയ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഈ കഥാപാത്രം താന്‍ ലിംഗുസാമിയോട് ചോദിച്ചുവാങ്ങിയതാണെന്നാണ് നടന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
"വിജയ്‌ക്ക് വേണ്ടി ലിംഗുസാമി ഒരു കഥ എഴുതിയിരുന്നു. സണ്ടക്കോഴിയുടെ കഥ. ചില നിർമാതാക്കള്‍ വഴി ഞാന്‍ ഇത് അറിഞ്ഞു. വണ്ടിയെടുത്ത് നേരെ ലിംഗുസ്വാമിയുടെ ഓഫീസിലേക്ക് പോയി. നേരിട്ട് കണ്ട് ഞാന്‍ ആ പടം ചെയ്യാമെന്ന് പറഞ്ഞു. അത് ഒരു മാസ് ഹീറോയ്ക്ക് വേണ്ടി എഴുതിയ കഥയാണെന്നും നിനക്ക് അത് ശരിയാകില്ലെന്നും ലിംഗുസാമി പറഞ്ഞു. എന്റെ ആദ്യത്തെ സിനിമ ചെല്ലമെ ഉടൻ റിലീസാകും അത് കണ്ടിട്ട് തീരുമാനിക്കാൻ ഞാൻ പറഞ്ഞു. ചെല്ലമെ റിലീസ് ആയി. കുറേ ഓഫറുകള്‍ വന്നിട്ടും ഞാന്‍ അതൊന്നും എടുത്തില്ല. ആദ്യത്തെ സിനിമ കഴിഞ്ഞ് എന്തിനാണ് ഇത്രയും ഗ്യാപ് എടുക്കുന്നതെന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചു. പക്ഷേ എനിക്ക് ആ സിനിമ പത്ത് സിനിമകള്‍ക്ക് തുല്യമായിരുന്നു. സണ്ടക്കോഴി പുറത്തിറങ്ങിയ ശേഷം എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല," വിശാല്‍ പറയുന്നു.
സണ്ടക്കോഴിയുടെ സ്ക്രിപ്റ്റ് വായിച്ചു കേട്ട വിജയ് 'നോ' പറയുകയായിരുന്നു എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ലിംഗുസാമി തന്നെ ഒരു വേദിയില്‍ ഇതിനെപ്പറ്റി സംസാരിച്ചിരുന്നു. തിരക്കഥയുടെ ആദ്യ പകുതി വിജയ്ക്ക് ഇഷ്ടമായി എന്നാല്‍ സെക്കന്‍ഡ് ഹാഫ് തുടങ്ങിയതും ഉടനടി 'നോ' പറയുകയായിരുന്നു എന്നാണ് ലിംഗുസാമി വെളിപ്പെടുത്തിയത്.
വിശാല്‍ നായകനായ 'സണ്ടക്കോഴി'യില്‍ മീരാ ജാസ്മിന്‍ ആയിരുന്നു നായിക. ലാലിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവന്‍ ശങ്കർ രാജയുടെ പാട്ടുകളായിരുന്നു സിനിമയുടെ മറ്റൊരു സവിശേഷത. ജീവ-നീരവ് ഷാ ആയിരുന്നു ഛായാഗ്രഹണം. 2005 ഡിസംബർ 16 ന് പുറത്തിറങ്ങി ചിത്രം ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. തെലുങ്കില്‍ മൊഴിമാറ്റിയെത്തിയ ചിത്രം കന്നഡയില്‍ റീമേക്കും ചെയ്തിരുന്നു.