'പേരൻപി'ലെ മമ്മൂട്ടി Source: X
ENTERTAINMENT

'പേരൻപി'ലെ മമ്മൂട്ടിയെ ജൂറി കണ്ടില്ലേ? തമിഴ്‌നാട് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വിമർശനം

റാം സംവിധാനം ചെയ്ത 'പേരൻപ്' എന്ന ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും മികച്ച സ്വീകരണമാണ് ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2016 മുതൽ 2022 വരെയുള്ള പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരങ്ങൾ തിളങ്ങിയ പുരസ്കാര പട്ടികയിൽ വിമർശനങ്ങളും ഏറെയാണ്. മമ്മൂട്ടിയെ ജൂറി അവഗണിച്ചുവെന്നാണ് പ്രധാന ആരോപണം. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ തങ്ങളുടെ നിരാശ പരസ്യമാക്കിയിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. 'പേരൻപ്' എന്ന ചിത്രത്തിലെ നടന്റെ പ്രകടനം ജൂറി കണ്ടില്ലേയെന്നാണ് ഇവരുടെ ചോദ്യം.

'തങ്കമീന്‍കള്‍', 'തരമണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം സംവിധാനം ചെയ്ത 'പേരൻപ്' എന്ന ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് സിനിമ പറഞ്ഞത്. കാണികളെ കണ്ണീരണിയിക്കുന്ന ഗംഭീര പ്രകടനമാണ് അമുദന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി കാഴ്ചവച്ചത്. മകളുടെ വേഷത്തിൽ എത്തിയ ബാല താരം സാധനയും മികച്ച അഭിനയമുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. ഇരുവരേയും പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ചിരുന്നു. എന്നാൽ, സ്റ്റേറ്റ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇവരെ ജൂറി പരിഗണിച്ചില്ല. ആർ. പാർഥിപൻ ആണ് 2019ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരിക്കുന്നത്. 'ഒത്ത സെരുപ്പ് സൈസ് 7' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടൻ അവാർഡിന് അർഹനായത്.

എന്നാൽ, ഈ തീരുമാനം അനീതിയാണെന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. പാർഥിപനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത് മമ്മൂട്ടിയാണെന്നാണ് ഇവരുടെ വാദം. മികച്ച പ്രകടനം കാഴ്ചവച്ച സാധനയെ അവഗണിച്ചതിലും പലരും നിരാശ പങ്കുവയ്ക്കുന്നുണ്ട്. 2019ലെ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഛായാഗ്രഹണത്തിന് മാത്രമാണ് 'പേരൻപി'ന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. തേനി ഈശ്വർ ആണ് സിനിമയുടെ ഛായാഗ്രഹണം.

ധനുഷ് നായകനായ വെട്രിമാരൻ ചിത്രം 'അസുരൻ' ആണ് 2019ലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. 'ഒത്ത സെരുപ്പ് സൈസ് 7' ആണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച മൂന്നാമത്തെ ചിത്രം പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത 'കോമാളി'യാണ്. ഈ വിഭാഗത്തിലും 'പേരൻപി'നെ പരിഗണിക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.

അതേസമയം, 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ മികച്ച നടിമാരായി പ്രഖ്യാപിക്കപ്പെട്ടവരിൽ അഞ്ച് പേർ മലയാളികളാണ്. കീർത്തി സുരേഷ് (പാമ്പ് സട്ടൈ), നയൻതാര (അറം), മഞ്ജു വാര്യർ (അസുരൻ), അപർണ ബാലമുരളി (സൂററൈ പോട്ര്), ലിജോ മോൾ ജോസ് (ജയ് ഭീം) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. 2017ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം 'മഗളിർ മട്ടും' എന്ന സിനിമയിലൂടെ ഉർവശി സ്വന്തമാക്കി. 2016ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം 'വേലൈനു വന്തിട്ടാ വെള്ളക്കാരൻ' എന്ന സിനിമയ്ക്ക് വൈക്കം വിജയലക്ഷ്മി അർഹയായി. 2020ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്തിനാണ്. 'തായ് നിലം' എന്ന സിനിമയിലെ 'ആഗായം മേലെ' എന്ന ഗാനത്തിന് ആണ് അവാർഡ്. 'ഒരു മുഗത്തിരൈ' എന്ന ചിത്രത്തിലെ പ്രകടനത്തിന് 2016ലെ മികച്ച വില്ലനുള്ള അവാർഡ് മലയാളി താരം റഹ്മാനും ലഭിച്ചു.

SCROLL FOR NEXT