Taylor Swift and James Cameron Named Among Dadasaheb Phalke International Film Festival Awards 2026 Winners News Malayalam
ENTERTAINMENT

അവതാറിലെ കാമറൂണിനും പോപ്പ് റാണി ടെയ്‌ലർ സ്വിഫ്റ്റിനും 'ദാദാസാഹിബ് ഫാൽക്കെ അവാർഡ്'; 'അക്കൗണ്ട് ഹാക്കായതാണോ' എന്ന് സംശയിച്ച് ആരാധകർ!

ആഗോള പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റ് 'ഇന്റർനാഷണൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ' പുരസ്കാരത്തിന് അർഹയായപ്പോൾ, പ്രശസ്ത ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ ആഗോള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: 2026-ലെ ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് വിജയികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ താരങ്ങൾക്കൊപ്പം പ്രമുഖ അന്താരാഷ്ട്ര പ്രതിഭകളും ഇടംപിടിച്ചു. നവംബർ 20 വെള്ളിയാഴ്ച ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. ആഗോള പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റ് 'ഇന്റർനാഷണൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ' പുരസ്കാരത്തിന് അർഹയായപ്പോൾ, പ്രശസ്ത ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ ആഗോള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിരിക്കുന്നത്.

അന്താരാഷ്ട്ര വിഭാഗത്തിൽ ജെയിംസ് കാമറൂണിന്റെ 'അവതാർ: ഫയർ ആൻഡ് ആഷ്' മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. 'സിന്നേഴ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മൈക്കൽ ബി. ജോർദാൻ മികച്ച അന്താരാഷ്ട്ര നടനായും, 'ഹാംനെറ്റ്' എന്ന ചിത്രത്തിലൂടെ ജെസ്സി ബക്ലി മികച്ച അന്താരാഷ്ട്ര നടിയായും, പോൾ തോമസ് ആൻഡേഴ്സൺ മികച്ച അന്താരാഷ്ട്ര സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സിനിമയിൽ ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ (രൺവീർ സിംഗ്), മികച്ച നിർമ്മാതാക്കൾ തുടങ്ങി ആറ് പുരസ്കാരങ്ങൾ വാരിക്കൂട്ടി. 'സൈയാര'യിലെ അഭിനയത്തിന് അനീത് പദ്ദ മികച്ച നടിയായും, ഇതേ ചിത്രത്തിലെ ഗാനത്തിലൂടെ ഫഹീം അബ്ദുള്ള മികച്ച പിന്നണി ഗായകനായും തിരഞ്ഞെടുക്കപ്പെട്ടു.

ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽ നിന്ന് കമൽഹാസനെ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കും, സംഗീത ഇതിഹാസം ഇളയരാജയെ സംഗീത മേഖലയിലെ സമഗ്ര സംഭാവനയ്ക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. 'കാന്താര: ചാപ്റ്റർ 1' മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡ് നേടിയപ്പോൾ റിഷഭ് ഷെട്ടി മികച്ച നടനും, യാമി ഗൗതം ധർ മികച്ച നടിയുമായി. ഒ.ടി.ടി വിഭാഗത്തിൽ ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ദ ബാഡ്സ് ഓഫ് ബോളിവുഡ്' മികച്ച വെബ് സീരീസും മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. 'പാതാൾ ലോകി'ലെ അഭിനയത്തിന് ജയ്ദീപ് അഹ്ലാവത്തും 'ഡൽഹി ക്രൈം 3'-ലൂടെ ഷെഫാലി ഷായും വെബ് സീരീസ് വിഭാഗത്തിലെ മികച്ച നടനും നടിയുമായി. സമയ് റെയ്നയെ 'കൊമേഡിയൻ ഓഫ് ദി ഇയർ' ആയും കരൺ ഔജ്‌ലയെ 'ആർട്ടിസ്റ്റ് ഓഫ് ദി ഇയർ' ആയും തിരഞ്ഞെടുത്തു.

അതേസമയം, ടെയ്‌ലർ സ്വിഫ്റ്റിന്റെയും ജെയിംസ് കാമറൂണിന്റെയും പേരുകൾ ദാദാസാഹിബ് ഫാൽക്കെ അവാർഡ് പട്ടികയിൽ വന്നത് സോഷ്യൽ മീഡിയയിൽ വലിയ കൗതുകത്തിനും ചർച്ചകൾക്കും വഴിവെച്ചു. എന്നാൽ ഇത് കേന്ദ്ര സർക്കാർ നൽകുന്ന ഔദ്യോഗിക ദാദാസാഹിബ് ഫാൽക്കെ പുരസ്കാരമല്ലെന്നും, ദാദാസാഹിബ് ഫാൽക്കെയുടെ പേരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ചലച്ചിത്രമേളയും അവാർഡ് വേദിയുമാണ് 'ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ' എന്നും സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു. ഇന്ത്യൻ സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ഔദ്യോഗിക ദാദാസാഹിബ് ഫാൽക്കെ അവാർഡ് 2026 സെപ്റ്റംബറിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മുതിർന്ന നടൻ അനന്ത് നാഗിനാണ് സമ്മാനിച്ചത്.

SCROLL FOR NEXT