മോഹൻലാലിന് ഒപ്പം തരുൺ മൂർത്തി Source: Facebook / Tharun Moorthy
ENTERTAINMENT

'ബെൻസ് നവരസങ്ങൾ'; ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാലിന്റെ ഭാവപകർച്ചകളെപ്പറ്റി തരുൺ മൂർത്തി

'തുടരും' സിനിമയിലെ മോഹൻലാലിന്റെ പ്രകടനത്തെപ്പറ്റി തരുൺ മൂർത്തി

Author : ശ്രീജിത്ത് എസ്

കൊച്ചി: മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം 'തുടരും'. പുതുതലമുറ സംവിധായകരിൽ ശ്രദ്ധേയനായ തരുൺ മൂർത്തി ഒരു കഥകളി കലാകാരൻ കൂടിയാണ്. സിനിമയിലെ 'ബെൻസ്' എന്ന കഥാപാത്രമായി മോഹൻലാൽ പകർന്നാടിയത് ഒരു കഥകളി കലാകാരന്റെ കണ്ണിലൂടെ നോക്കിക്കണ്ട അനുഭവം പങ്കുവച്ചുകൊണ്ടുള്ള തരുണിന്റെ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

'തുടരും' എന്ന ചിത്രത്തിന്റെ ഓരോ സൂക്ഷ്മാംശങ്ങളും ലോകം ചർച്ച ചെയ്തപ്പോഴും മറ്റാരും ശ്രദ്ധിക്കാതെ പോയ മോഹൻലാലിന്റെ മുഖത്ത് വിരഞ്ഞ നവരസങ്ങളെപ്പറ്റി ലാൽവേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജ് ഇറക്കിയ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു തരുണിന്റെ കുറിപ്പ്. മോഹൻലാലിനൊപ്പമുള്ള അടുത്ത ചിത്രത്തിന്റെ തിരക്കഥ പൂജ നടന്ന ദിവസം 'ബെൻസ് നവരസങ്ങൾ' എന്ന പേരിൽ ഒരാൾ വീഡിയോ അവതരിപ്പിച്ചപ്പോൾ, അതൊരു വലിയ അംഗീകാരവും അനുഗ്രഹവുമായി തോന്നിയതായി തരുൺ കുറിച്ചു.

തരുൺ മൂർത്തിയുടെ കുറിപ്പ്:

"ഒടുവിൽ, ഒരാൾ അത് ശരിയായ അർഥത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു കഥകളി കലാകാരൻ എന്ന നിലയിൽ, മോഹൻലാൽ എന്ന നടനിലൂടെ നവരസങ്ങൾ സ്ക്രീനിൽ ഒഴുകുന്നത് കാണാൻ എന്റെ ഹൃദയം എപ്പോഴും കൊതിച്ചിരുന്നു. മോണിറ്ററിൽ അവയെല്ലാം വിരിഞ്ഞു വരുന്നത് കാണുന്നത് ഒരു സ്വകാര്യ സന്തോഷമായിരുന്നു—നിശബ്ദവും പൂർണവും ആഴത്തിൽ സംതൃപ്തി നൽകുന്നതുമായ ഒന്ന്.

എന്നാൽ, ലോകം 'തുടരും' എന്ന ചിത്രത്തിന്റെ ഓരോ സൂക്ഷ്മാംശങ്ങളും വിശകലനം ചെയ്തപ്പോഴും, ആ ഒൻപത് വികാരങ്ങൾ ചർച്ചകളിൽ നിന്ന് വിചിത്രമാംവിധം വിട്ടുനിന്നു; പേര് ചൊല്ലി വിളിക്കാൻ കാത്തിരിക്കുന്ന ഒരു അപ്രിയസത്യം പോലെ. തുടർന്നാണ് മോഹൻലാൽ സാറിനൊപ്പമുള്ള ഞങ്ങളുടെ അടുത്ത യാത്രയുടെ സ്ക്രിപ്റ്റ് പൂജയുടെ ദിവസം വന്നത്. ആ പവിത്രമായ നിമിഷത്തിൽ, 'ബെൻസ് നവരസങ്ങൾ' എന്ന ആശയവുമായി ഒരാൾ കടന്നുവന്നു— പെട്ടെന്ന് എല്ലാം ഒത്തുചേർന്നതുപോലെ തോന്നി. അതൊരു അംഗീകാരമായി തോന്നി. അതൊരു അനുഗ്രഹമായി തോന്നി. അതൊരു മഹത്തായ കാര്യമായി തോന്നി. നന്ദി"

തരുൺ മൂർത്തിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

കഴിഞ്ഞ ദിവസമാണ്, 'തുടരും' എന്ന ഹിറ്റിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കം കുറിച്ചത്. പതിവ് തെറ്റിക്കാതെ പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടയായിരുന്നു ചിത്രത്തിന്റെ ആരംഭം.  തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്.

ഒരു വലിയ ഇടവേളയ്ക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്. മീരാ ജാസ്മിനാണ് സിനിമയിലെ നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. 

SCROLL FOR NEXT