ENTERTAINMENT

താരസംഘടന അമ്മയിൽ ഇന്ന് തെരഞ്ഞെടുപ്പ്; 11 അംഗ എക്സിക്യൂട്ടീവിലേക്ക് മത്സര രംഗത്തുള്ളത് 13 പേർ

ഉച്ചയ്ക്ക് ശേഷം ജനറൽ ബോഡി യോഗവും വൈകിട്ടോടെ പുതിയ ഭരണ സമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗവും നടക്കും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസംഘടന അമ്മയിൽ പുതിയ ഭരണ സമിതിയെ കണ്ടെത്താനുള്ള നിർണായക തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതലാണ് വോട്ടെടുപ്പ്. ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഉച്ചയ്ക്ക് ശേഷം ജനറൽ ബോഡി യോഗവും വൈകിട്ടോടെ പുതിയ ഭരണ സമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗവും നടക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് മോഹൻലാൽ നേതൃത്വം നൽകിയ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റിൽ രാജിവെച്ചിരുന്നു. പിന്നാലെ അഡ്ഹോക് കമ്മിറ്റിയാണ് അമ്മയെ നയിച്ചത്. അഡ്ഹോക് കമ്മിറ്റി ഭരണത്തിലേറി ഒരു വർഷം പിന്നിടുമ്പോഴാണ് അമ്മയിൽ നിർണായക തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മൽസരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മി പ്രിയ, നാസർ ലത്തീഫ് എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരരംഗത്തുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലുമാണ് മത്സരിക്കുന്നത്. 11 അംഗ എക്സിക്യൂട്ടീവിലേക്ക് 13 പേർ മത്സര രംഗത്തുണ്ട്. ഇതിൽ 4 സീറ്റ് വനിതാ സംവരണം ആണ്.

പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏഴ് ജനറൽ സീറ്റിലേക്ക് എട്ട് പേരും നാല് വനിതാസംവരണ സീറ്റിലേക്ക് അഞ്ച് പേരുമാണ് മത്സരിക്കുന്നത്. രാജിവച്ച ഭരണസമിതിയിലെ ആരോപണവിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയതോടെയാണ് അമ്മയിൽ ചേരിതിരിവുണ്ടായത്. രൂക്ഷമായ വിമർശനത്തിനൊടുവിൽ ബാബുരാജ് പത്രിക പിൻവലിച്ചെങ്കിലും കുക്കു പരമേശ്വരനെതിരെ മെമ്മറി കാർഡ് വിവാദവും സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പേരിൽ നടി ശ്വേതാ മേനോനെതിരേ കേസും ഉയർന്നുവന്നു. എന്നാൽ ശ്വേതയ്ക്ക് എതിരായ കേസിൽ സ്ഥാനാർഥികൾ ഉൾപ്പടെ പിന്തുണയുമായി എത്തി.

SCROLL FOR NEXT