The Fall of a Hollywood Giant: How Warner Bros. Lost Its Throne to Streaming Wars and Debt News Malayalam 24x7
ENTERTAINMENT

ഹോളിവുഡ് രാജാക്കന്മാര്‍ക്ക് സംഭവിച്ച വന്‍ വീഴ്ച: വാർണർ ബ്രദേഴ്സിന് എവിടെയാണ് പിഴച്ചത്?

1923-ൽ നാല് സഹോദരങ്ങൾ ചേർന്ന് സ്ഥാപിച്ച വാർണർ ബ്രദേഴ്സ്, ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആദ്യകാല സ്റ്റുഡിയോകളിൽ ഒന്നാണ്. 'കാസബ്ലാങ്ക', 'എ ക്ലോക്ക്‌വർക്ക് ഓറഞ്ച്' തുടങ്ങിയ എക്കാലത്തെയും ക്ലാസിക് സിനിമകൾ മുതൽ ഏറ്റവും ഒടുവിൽ 'ബാർബി','ദി മൈൻക്രാഫ്റ്റ് മൂവി' വരെ ആഗോള വിനോദരംഗത്തെ നിർവചിച്ച ഏറെ സൃഷ്ടികള്‍ ഈ ലോഗോയ്ക്ക് കീഴിൽ പിറന്നു.

Author : ന്യൂസ് ഡെസ്ക്

ഹോളിവുഡ്: പതിറ്റാണ്ടുകളോളം ഹോളിവുഡിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരെപ്പോലെ നിന്ന ഒരു പേരാണ് 'വാർണർ ബ്രദേഴ്സ്' (Warner Bros.). ഒരു സിനിമ തുടങ്ങുമ്പോഴോ ടെലിവിഷൻ പരമ്പരയുടെ ആദ്യത്തിലെ വെള്ളിത്തിരയിൽ തെളിയുന്ന ആ ഷീൽഡ് ലോഗോ ഹോളിവുഡിലെ അടയാളമായിരുന്നു. 2007 മുതൽ 2013 വരെയുള്ള എല്ലാ വർഷങ്ങളിലും അമേരിക്കൻ ആഭ്യന്തര ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി അനിഷേധ്യമായ ആധിപത്യം പുലർത്തിയ നിർമ്മാണക്കമ്പനി. എന്നാൽ 2016-ന് ശേഷം ഇന്നുവരെ ഒരു തവണ പോലും ബോക്സ് ഓഫീസിൽ ഈ മേധാവിത്വം അവര്‍ക്ക് നേടാന്‍ സാധിച്ചില്ല. ഒടുവിൽ തങ്ങളേക്കാൾ താരതമ്യേന വളരെ ചെറിയ സ്റ്റുഡിയോ ആയിരുന്ന പാരാമൗണ്ട് വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ ഏറ്റെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. ലോക സിനിമയെ നയിച്ച ഈ സ്ഥാപനത്തിന് എവിടെയാണ് പിഴച്ചത്?

സുവർണ്ണകാലവും പ്രതിഭകളുടെ താവളവും

1923-ൽ നാല് സഹോദരങ്ങൾ ചേർന്ന് സ്ഥാപിച്ച വാർണർ ബ്രദേഴ്സ്, ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആദ്യകാല സ്റ്റുഡിയോകളിൽ ഒന്നാണ്. 'കാസബ്ലാങ്ക', 'എ ക്ലോക്ക്‌വർക്ക് ഓറഞ്ച്' തുടങ്ങിയ എക്കാലത്തെയും ക്ലാസിക് സിനിമകൾ മുതൽ ഏറ്റവും ഒടുവിൽ 'ബാർബി','ദി മൈൻക്രാഫ്റ്റ് മൂവി' വരെ ആഗോള വിനോദരംഗത്തെ നിർവചിച്ച ഏറെ സൃഷ്ടികള്‍ ഈ ലോഗോയ്ക്ക് കീഴിൽ പിറന്നു. സിനിമകളിൽ മാത്രമല്ല, 'ഫ്രണ്ട്സ്' , 'ഇആർ' , 'ദി ബിഗ് ബാങ് തിയറി' തുടങ്ങിയ എക്കാലത്തെയും വൻഹിറ്റ് ടെലിവിഷൻ പരമ്പരകളിലൂടെ ടിവി സ്ക്രീനിലെ മികച്ച കണ്ടന്‍റിലും വാർണർ ബ്രദേഴ്സ് തിളങ്ങി.

ഹോളിവുഡിലെ ഏറ്റവും മുൻനിര താരങ്ങളും സംവിധായകരും പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു ഇടമായിരുന്നു വാർണർ ബ്രദേഴ്സ്. വാർണർ ബ്രദേഴ്സിനൊപ്പം ഒരു കരാറുണ്ടെങ്കിൽ കലാകാരന്മാർക്ക് പരിപൂർണ്ണ സർഗ്ഗാത്മക സ്വാതന്ത്ര്യവും സാമ്പത്തിക പിന്തുണയും ലഭിച്ചിരുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. പരാജയങ്ങളിൽ പോലും കമ്പനി തങ്ങളുടെ സംവിധായകർക്കൊപ്പം ഉറച്ചുനിന്നു. 'ഹാരി പോട്ടർ' ഉൾപ്പെടെയുള്ള തലമുറകളെ വിസ്മയിപ്പിച്ച വമ്പൻ സിനിമകൾ പിറന്നത് ഈ പരസ്പര വിശ്വാസത്തിലൂടെയായിരുന്നു.

സ്ട്രീമിങ് വിപ്ലവവും കോർപ്പറേറ്റ് തകർച്ചയും

എന്നാൽ, 2010-കളുടെ അവസാനത്തോടെ നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ വിനോദ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ തുടങ്ങി. തിയേറ്ററുകളിൽ നിന്നും കേബിൾ ടെലിവിഷനുകളിൽ നിന്നും ജനങ്ങൾ വീടുകളിലിരുന്ന് കാണാവുന്ന സ്ട്രീമിങ് ഉള്ളടക്കത്തിലേക്ക് ചുവടുമാറ്റി തുടങ്ങി. ഈ മാറ്റം മുൻകൂട്ടി കണ്ട വാർണർ ബ്രദേഴ്സിന്റെ മാതൃകമ്പനിയായ 'ടൈം വാർണർ' ടെലികോം ഭീമനായ 'എടി ആന്റ് ടി'ക്ക് കമ്പനിയെ വിറ്റു. വയർലെസ് നെറ്റ്‌വർക്കിലൂടെ സ്വന്തം ഉള്ളടക്കം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു എടി ആന്റ് ടിയുടെ പദ്ധതി.

പക്ഷേ ഈ ലയനം വൻ തിരിച്ചടിയായി. സ്റ്റുഡിയോയുടെ ചെലവുകൾ വെട്ടിച്ചുരുക്കാനും തൊഴിലാളികളെ പിരിച്ചുവിടാനും പുതിയ മാനേജ്‌മെന്റ് നിർബന്ധിതരായി. അതോടെ സ്റ്റുഡിയോയുടെ പ്രൊഡക്ഷന്‍ പകുതിയായി കുറഞ്ഞു. 2021-ൽ കോവിഡ് മഹാമാരിയുടെ സമയത്ത് അവർ നടപ്പാക്കിയ 'പ്രോജക്റ്റ് പോപ്‌കോൺ' എന്ന പുതിയ മാര്‍ക്കറ്റിംഗ് പരീക്ഷണം കമ്പനിയുടെ സൽപ്പേരിനേറ്റ ഏറ്റവും വലിയ ആഘാതമായി മാറി. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ചിത്രങ്ങൾ തങ്ങളുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ 'എച്ച്ബിഒ മാക്സിലും' ലഭ്യമാക്കുക എന്നതായിരുന്നു ഈ തന്ത്രം. ഇത് സബ്‌സ്ക്രൈബർമാരുടെ എണ്ണം വർദ്ധിപ്പിച്ചെങ്കിലും, വലിയ സ്ക്രീനിനായി സിനിമയൊരുക്കിയ സംവിധായകരെയും നിർമ്മാതാക്കളെയും കടുത്ത നിരാശയിലാക്കി. ക്രിസ്റ്റഫർ നോളനെപ്പോലുള്ള പ്രമുഖ സംവിധായകർ കമ്പനിയുമായി തെറ്റിപ്പിരിഞ്ഞ് പുറത്തുപോയി. സിനിമകൾ സൗജന്യമായി വീട്ടിലിരുന്ന് കാണാമെന്ന അവസ്ഥ വന്നതോടെ ആളുകൾ തിയേറ്ററുകളിൽ പോകുന്നത് കുറഞ്ഞു.

നാല് വർഷത്തിനുള്ളിൽ എടി ആന്റ് ടി കമ്പനിയെ 'ഡിസ്കവറി'ക്ക് കൈമാറി 'വാർണർ ബ്രദേഴ്സ് ഡിസ്കവറി' രൂപീകരിച്ചു. കുറഞ്ഞ ബജറ്റിലുള്ള റിയാലിറ്റി ഷോകള്‍ക്ക് പേരുകേട്ട ഡിസ്കവറിയുടെ കീഴിലും ചെലവുചുരുക്കലും കൂട്ടപ്പിരിച്ചുവിടലുകളും തുടർന്നു. സിനിമാപ്രവർത്തകരെ രാജകീയമായി പരിഗണിച്ചിരുന്ന ഒരു സംസ്കാരം അവിടെ പൂർണ്ണമായും അവസാനിച്ചു.

കടബാധ്യതയും പാരാമൗണ്ടിന്റെ കടന്നുവരവും

'ബാർബി' പോലുള്ള വമ്പൻ ഹിറ്റുകൾ നേടാനായെങ്കിലും, വർഷങ്ങളായി കുന്നുകൂടിയ കനത്ത കടങ്ങൾ തിരിച്ചടയ്ക്കാൻ വാർണർ ബ്രദേഴ്സ് ഡിസ്കവറിക്ക് സാധിച്ചില്ല. സ്ട്രീമിങ് രംഗത്ത് നെറ്റ്ഫ്ലിക്സിന് പിന്നിൽ ബഹുദൂരം അകലെയായിരുന്നു എച്ച്ബിഒ മാക്സിന്റെ സ്ഥാനം.

കമ്പനി അതീവ സാമ്പത്തിക പ്രതിസന്ധിയിലായ സമയത്താണ് ഡേവിഡ് എലിസന്റെ ഉടമസ്ഥതയിലുള്ള 'പാരാമൗണ്ട്' വാർണർ ബ്രദേഴ്സിനെ വാങ്ങാൻ രംഗത്തെത്തുന്നത്. കാലിഫോർണിയ അറ്റോർണി ജനറലിന്റെ നേതൃത്വത്തിൽ 11 സംസ്ഥാനങ്ങൾ ഈ ലയനത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും, പ്രതിവർഷം നിശ്ചിത എണ്ണം സിനിമകൾ നിർമ്മിച്ച് തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷമേ സ്ട്രീമിങ്ങിലേക്ക് നൽകാവൂ എന്ന വ്യവസ്ഥയോടെ ഒത്തുതീർപ്പിലെത്തി. ഒടുവിൽ എല്ലാ ലേലങ്ങളും കടമ്പകളും പൂർത്തിയാക്കി വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ സ്വന്തമാക്കാൻ പാരാമൗണ്ടിന് സാധിച്ചു. സംയോജിത കമ്പനി 'സ്കൈഡാൻസ്' എന്ന പേരിലേക്ക് മാറുകയാണ്.

ഒരു നൂറ്റാണ്ട് കാലം ലോക സിനിമയെ അടക്കിവാണ വാർണർ ബ്രദേഴ്സ് ഇതോടെ ഒരു സ്വതന്ത്ര സ്ഥാപനമല്ലാതായി പാരാമൗണ്ടിന്റെ കീഴിലെ ഒരു ഡിവിഷൻ മാത്രമായി ഒതുങ്ങും. ആഗോള ടെക് ഭീമന്മാരുമായി മത്സരിക്കാനുള്ള വ്യഗ്രതയിൽ തങ്ങളുടെ യഥാർത്ഥ കരുത്തായിരുന്ന സർഗ്ഗാത്മക സ്വാതന്ത്ര്യത്തെയും സിനിമാപ്രവർത്തകരെയും മറന്നതിന് ഹോളിവുഡ് ചരിത്രം നൽകിയ ഏറ്റവും വലിയ വിലയായി വാർണർ ബ്രദേഴ്സിന്റെ ഈ പതനം രേഖപ്പെടുത്തപ്പെടും.

SCROLL FOR NEXT