ഹൈക്കോടതിയുടെ പ്രദർശന വിലക്ക് നിലനിൽക്കെ 'ദ കേരള സ്റ്റോറി 2' ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് അണിയറപ്രവർത്തകർ. സംസ്ഥാനത്തിന് പുറത്തുള്ള തിയേറ്ററുകളിലാണ് ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം, സിനിമയുടെ പ്രദർശനം കേരള ഹൈക്കോടതി 15 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സ്‌റ്റേ നിലനില്‍ക്കെ സിനിമയുടെ ടിക്കറ്റ് വിറ്റഴിച്ചതിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് മുന്നില്‍ കോടതിയലക്ഷ്യ ഹര്‍ജി നൽകുമെന്ന് ഹർജിക്കാരൻ അറിയിച്ചു.
സിംഗിൾ ബെഞ്ചിന്റെ സ്റ്റേക്കെതിരെ കഴിഞ്ഞ ദിവസം തന്നെ സിനിമയുടെ നിർമാതാവായ വിപുൽ അമൃത് ലാൽ ഷാ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. രാത്രി വൈകിയും അപ്പീലിൽ വാദം കേട്ട കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ജസ്റ്റിസുമാരായ അരവിന്ദ് ശുശ്രുത് ധര്‍മാധികാരി, വി.എം. ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എന്നാൽ, അപ്പീലിൽ വിധി വരുന്നതിന് മുൻപ് സിനിമയുടെ ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായത് വലിയ ആശയക്കുഴപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. മുംബൈയിൽ 21 തിയേറ്ററുകളിലും ഡൽഹിയിൽ 14 തിയേറ്ററുകളിലും ടിക്കറ്റുകൾ ലഭ്യമാണെന്നാണ് റിപ്പോർട്ട്. മറ്റ് മെട്രോ നഗരങ്ങളിലും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
സിനിമയ്‌ക്കെതിരെ കേരള ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമയ്ക്ക് 'കേരള സ്റ്റോറി 2' എന്ന് പേരിട്ടത് ബോധപൂര്‍വമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമാണ് കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി നല്‍കിയ ഹർജിയില്‍ ആരോപിക്കുന്നത്. സിനിമയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് എറണാകുളം നെട്ടൂര്‍ സ്വദേശി ഫ്രെഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
കാമാഖ്യ നാരായണ്‍ സിംഗ് ആണ് 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സംവിധാനം ചെയ്തിരിക്കുന്നത്. ഉല്‍ക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ വിപുൽ അമൃത്ലാൽ ഷാ ആണ് നിർമാണം.