വിരാട് - അനുഷ്ക വിവാഹം Source: X
ENTERTAINMENT

"വിരാട്-അനുഷ്ക വിവാഹം മുടങ്ങേണ്ടതായിരുന്നു..."; കല്യാണത്തലേന്നത്തെ പ്രതിസന്ധിയെപ്പറ്റി 'ദ വെഡ്ഡിങ് ഫിലിംമർ'

വിരാട്-അനുഷ്ക വിവാഹം ചിത്രീകരിച്ചത് 'ദി വെഡ്ഡിങ് ഫിലിംമർ' എന്നറിയപ്പെടുന്ന വിശാൽ പഞ്ചാബിയാണ്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: നടി അനുഷ്കാ ശർമയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും വിവാഹിതരായിട്ട് എട്ട് വർഷമാകുന്നു. 2017 ഡിസംബർ 11ന് ഇറ്റലിയിലെ ടസ്കനിയിൽ ആണ് ഇരുവരുടെയും വിവാഹം നടന്നത്. ഈ വിവാഹം ഇപ്പോഴും ആരാധകർക്കിടയില്‍ സംസാരവിഷയമാണ്. എന്നാല്‍, ആ ചടങ്ങ് മുടങ്ങേണ്ടതായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?

വിരാട്-അനുഷ്ക വിവാഹം ചിത്രീകരിച്ച 'ദി വെഡ്ഡിങ് ഫിലിംമർ' എന്നറിയപ്പെടുന്ന വിശാൽ പഞ്ചാബിയാണ് ആ ദിവസത്തെപ്പറ്റി അധികം ആർക്കും അറിയാത്ത ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹ ദിനത്തിന് തൊട്ടുതലേന്ന് പെയ്ത കനത്ത മഴ ആഘോഷങ്ങള്‍ക്ക് തടസമായെന്ന് വിശാല്‍ പറയുന്നു. രാത്രി മുഴുവന്‍ തിരക്കിട്ട് പണിയെടുത്താണ് വെഡ്ഡിങ് പ്ലാനർമാർ എല്ലാം പുനഃക്രമീകരിച്ചത്. അല്ലായിരുന്നെങ്കില്‍ ആരാധകരെ കൊതിപ്പിച്ച ആ വിവാഹം വിചാരിച്ച രീതിയില്‍ നടക്കുമായിരുന്നില്ലെന്ന് വിശാല്‍ വെളിപ്പെടുത്തി.

അധുനിക സിംഗിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിശാല്‍ പഞ്ചാബി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. "വിരാടിന്റെയും അനുഷ്കയുടെയും വിവാഹം മഴ തടസപ്പെടുത്തി. അവസാന നിമിഷം അവർ വിവാഹ സ്ഥലം മാറ്റുകയായിരുന്നു. ആ രാത്രി ദേവിക നരേൻ (വെഡ്ഡിങ് പ്ലാനർ) ഉറങ്ങിയിരുന്നില്ല. രാത്രി മുഴുവന്‍ എടുത്താണ് മണ്ഡപം മാറ്റിയത്," വിശാല്‍ പറഞ്ഞു.

അവസാനം നിമിഷം ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും വിരാടും അനുഷ്കയും ശാന്തരായിരുന്നുവെന്നും അവർ വെഡ്ഡിങ് പ്ലാനർമാരെ പൂർണമായി വിശ്വസിച്ചുവെന്നും വിശാല്‍ പഞ്ചാബി ഓർക്കുന്നു. ആ ദിവസം ക്യാമറയില്‍ പകർത്താന്‍ തനിക്ക് എല്ലാവിധ സ്വാതന്ത്രവും ഇരുവരും തന്നിരുന്നതായും വിശാല്‍ കൂട്ടിച്ചേർത്തു.

2013ലാണ് വിരാട് കോഹ്ലി - അനുഷ്ക ശർമ പ്രണയം ആരംഭിക്കുന്നത്. ഒരു ഷാംപൂ ബ്രാന്‍ഡിന്റെ പരസ്യ ചിത്രീകരണത്തിനിടെയാണ് ഇവർ പരിചയത്തിലാകുന്നത്. 2014ല്‍ ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കി. 2017ല്‍ ഇരുവരും വിവാഹിതരുമായി. 2017ൽ വിവാഹിതരായ ഈ ദമ്പതികൾക്ക് വാമിക, അകായ് എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്.

SCROLL FOR NEXT