വെടിവെപ്പ് നടന്ന സ്ഥലം, ടൈഗർ ഷ്റോഫ് Source: ANI
ENTERTAINMENT

"ഇത് ഒറ്റപ്പെട്ട സംഭവമല്ല, ബോളിവുഡിന്റെ 'ഗുണ്ടാ പേടി'ക്ക് പരിഹാരമുണ്ടാകണം"; അമിത് ഷാ‌യ്ക്ക് കത്ത്

ടൈഗർ ഷ്റോഫിന് നേരെ വെടിവെപ്പുണ്ടായതിന് പിന്നാലെയാണ് സംഘടനാ പ്രസിഡന്റ് സുരേഷ് ശ്യാമലാൽ ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്

Author : ന്യൂസ് ഡെസ്ക്

നടൻ ടൈഗർ ഷ്റോഫിനും കുടുംബത്തിനും സമ്പൂർണ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA). കഴിഞ്ഞ ദിവസം, നടന് നേരെ വെടിവെപ്പുണ്ടായതിന് പിന്നാലെയാണ് സംഘടനാ പ്രസിഡന്റ് സുരേഷ് ശ്യാമലാൽ ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്. ഗുണ്ടാ സംഘങ്ങളെക്കുറിച്ച് എൻഐഎയും കേന്ദ്ര ഏജൻസികളും അന്വേഷിക്കണമെന്നും ചലച്ചിത്രമേഖലയുടെ സുരക്ഷയ്‌ക്കായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ മറ്റ് നിരവധി ആവശ്യങ്ങളും സിനി വർക്കേഴ്സ് അസോസിയേഷൻ മുന്നോട്ടുവച്ചിട്ടുണ്ട്. നടനെ ആക്രമിച്ചവരെയും അതിന് ഉത്തരവിട്ടവരെയും അറസ്റ്റ് ചെയ്യണം. നിയമപ്രകാരം അതിവേഗം അവരുടെ വിചാരണ ഉറപ്പാക്കണം. ഗ്യാങ്സ്റ്റേഴ്സിൽ നിന്ന് ബോളിവുഡ് നേരിടുന്ന ഭീഷണികൾ അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.

ടൈഗറിന് നേരെയുണ്ടായ വെടിവെപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, കപിൽ ശർമ, രോഹിത് ഷെട്ടി എന്നിവർക്ക് നേരെയുണ്ടായ അക്രമസംഭവങ്ങൾ എടുത്തുപറഞ്ഞാണ് ബോളിവുഡ് നേരിടുന്ന സുരക്ഷാ ഭീഷണികളിൽ സിനിമാ സംഘടന നടപടി ആവശ്യപ്പെട്ടത്. ഈ വിധം അക്രമ സംഭവങ്ങൾ തുടർന്നാൽ മുൻനിര താരങ്ങളും മറ്റ് പ്രശസ്തരും ഭയത്താൽ മുംബൈ വിടാൻ നിർബന്ധിതരാകുമെന്നും അത് സിനിമാ മേഖലയെ തകർക്കുമെന്നും കത്തിൽ പറയുന്നു.

അതേസമയം, ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. മൂവരേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാൾ ഹരിയാനയിലെ സോനിപതിൽ നിന്നുള്ള 17 വയസുകാരനാണ്. ബിഹാറിലെ ബെഗുസരായിയിൽ നിന്നുള്ള 22 കാരനായ ഹൃതിക് കുമാർ എന്ന റോഷൻ, സോനിപത് സ്വദേശിയായ 18കാരൻ റേഹാൻ എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേർ. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇവർ എന്നാണ് സൂചന.

ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഫുട്ബോൾ ക്ലബ്ബിൽ നിന്ന് മടങ്ങുമ്പോഴാണ് ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ അക്രമികൾ വെടിയുതിർത്തത്. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ താരത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർക്കും വെടിയേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൈഗർ ഷ്‌റോഫ് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

SCROLL FOR NEXT