ENTERTAINMENT

"വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണാൻ ഒരു താൽപര്യവുമില്ല"; ലക്ഷ്മി പ്രിയക്ക് മറുപടിയുമായി ഉഷ ഹസീന

അൻസിബ കഴിഞ്ഞ പത്ത് മാസം അവഗണനയും അപമാനവും നേരിട്ടെന്നും ഉഷ ഹസീന ഫേസ്ബുക്കിൽ കുറിച്ചു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: താരസംഘടന അമ്മയിലെ പ്രശ്‌നങ്ങള്‍ക്കിടെ ലക്ഷ്മി പ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്കൊരു താൽപര്യവുമില്ലെന്ന് അവര്‍ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. 'അമ്മ'യിൽ വർഗീയത കൊണ്ടു വരാനുള്ള ശ്രമം പൊളിച്ചെടുക്കിയെന്നും അൻസിബ കഴിഞ്ഞ പത്ത് മാസം അവഗണനയും അപമാനവും നേരിട്ടെന്നും ഉഷ ഹസീന ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ അമ്മയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ ഉഷ ഹസീന, കാലടി ഓമന, പൊന്നമ്മ ബാബു എന്നിവർക്കെതിരെ ലക്ഷ്മി രംഗത്ത് വന്നിരുന്നു.

അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ രാജിവച്ച നടി ലക്ഷ്മിപ്രിയ, തനിക്ക് അമ്മയുടെ പെൻഷനോ റീത്തോ വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തന്‍റെ രാജി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവർ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ ശവം കാണാൻ പോലും വരരുതെന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. ഇതിനാണ് ഉഷ ഹസീന മറുപടിയുമായി രം​ഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു മെസജ് അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ എഫ്‌ബിയിലും അവർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ ഞങ്ങൾക്ക് മനസ്സില്ല. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങൾ പൊളിച്ചടുക്കിയതിന്‍റെ ആ മോഹം പൊലിഞ്ഞുപോയതിന്‍റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു. അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട് അതാണ്‌ ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു.

നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ഇന്‍റര്‍വ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്‍റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻ എന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾ എന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവും ഇല്ല.

SCROLL FOR NEXT