വേടൻ, സജി ചെറിയാൻ  Image: Social media
ENTERTAINMENT

സജി ചെറിയാന്‍ അപമാനിച്ചതായി കരുതുന്നില്ല, അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല: വേടന്‍

കലാകാരന്‍ എന്ന നിലയ്ക്ക് തന്നെ അംഗീകരിക്കുന്നയാളാണ് മന്ത്രി സജി ചെറിയാന്‍

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. തനിക്ക് ലഭിച്ച അവാര്‍ഡ് സ്വതന്ത്ര സംഗീതത്തിനുള്ള അംഗീകാരമാണെന്ന് പറഞ്ഞ വേടന്‍ മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും വ്യക്തമാക്കി.

തനിക്ക് അവാര്‍ഡ് നല്‍കിയതിനു പിന്നാലെയുണ്ടായ വിമര്‍ശനങ്ങളെ സ്വീകരിക്കുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകും. ആദ്യമായിട്ടായിരിക്കും സ്വതന്ത്ര കലാകാരന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്. അതിന് ജനങ്ങളോടാണ് നന്ദി പറയാനുള്ളത്.

ഈ സന്തോഷങ്ങള്‍ക്കിടയിലും മന്ത്രി സജി ചെറിയാന്‍ തന്നെ എന്തോ പറഞ്ഞതായും താന്‍ അതിന് മറുപടി നല്‍കിയതായും വാര്‍ത്തകള്‍ വരുന്നുണ്ട്. ഒരു കലാകാരന്‍ എന്ന നിലയ്ക്ക് തന്നെ അംഗീകരിക്കുന്നയാളാണ് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം തന്നെ അപമാനിച്ചതായി കരുതുന്നില്ല.

മന്ത്രിയുടെ വാക്കുകള്‍ തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നും പാട്ടിലൂടെ മറുപടി നല്‍കുമെന്നും വേടന്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. 'വേടനു പോലും അവാര്‍ഡ് നല്‍കി'യെന്ന് മന്ത്രി പറഞ്ഞതായുള്ള വാര്‍ത്തയ്ക്കു പിന്നാലെയായിരുന്നു ഇതും പുറത്തു വന്നത്.

ഇതിനു പിന്നാലെ മന്ത്രി സജി ചെറിയാന്‍ വിശദീകരണം നല്‍കിയിരുന്നു. ''പോലും'' എന്ന വാക്ക് വളച്ചൊടിക്കരുതെന്നും, വേടന്റെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. ഗാനരചയിതാവല്ലാത്ത വേടന്് അവാര്‍ഡ് ലഭിച്ചതിനാലാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് വേടന് ലഭിച്ചത്. 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന ഗാനത്തിനായിരുന്നു പുരസ്‌കാരം.

SCROLL FOR NEXT