പള്ളിവാളും കാൽച്ചിലമ്പുമായി വെളിച്ചപ്പാട് ആൾക്കൂട്ടത്തിന് ഇടയിലൂടെ നടന്നുവന്നു. ചെണ്ടയുടെ ആസുരതാളം മുറുകി. അയാൾ അലറി. വാളുകൊണ്ട് നെറ്റി വെട്ടിപ്പൊളിച്ചു. നിത്യം പൂജിച്ചിരുന്ന ഭഗവതിയുടെ നടയ്ക്കലേക്ക് പാഞ്ഞു. നെറ്റിയിൽ ആഞ്ഞാഞ്ഞ് വെട്ടി. ഭഗവതിയുടെ മുഖത്ത് കാർക്കിച്ചു തുപ്പി.
എം.ടി. വാസുദേവൻ നായർ എന്ന സംവിധായകന്റെ അരങ്ങേറ്റമായിരുന്നു അത്. ചെറിയ ചെറിയ ഭൂകമ്പകളുടെ തുടക്കം!
മണിക്കൂറുകളോളം നടന്ന് ചങ്ങമ്പുഴയുടെ രമണൻ വാങ്ങി വന്ന് പകർത്തിയെഴുതിയ എംടിയെ ബാല്യത്തിൽ സിനിമ അത്രകണ്ട് മോഹിപ്പിച്ചിരുന്നില്ല. അതിനുവേണ്ട സൗകര്യം കൂടല്ലൂരിൽ ഉണ്ടായിരുന്നില്ല. ചാവക്കാട്ടെ ഓലക്കൊട്ടകയിൽ പോയി കണ്ട ആരായ്ചി മണി എന്ന തമിഴ് ചിത്രമാണ് എംടിയുടെ ആദ്യ സിനിമാനുഭവം. വിക്ടോറിയ കോളേജിൽ പഠിക്കുമ്പോൾ സിനിമയുമായി കൂടുതൽ അടുത്തു. ഇംഗ്ലീഷ് സിനിമകളോടായിരുന്നു താൽപ്പര്യം. ദ ലൈഫ് ഓഫ് എമിലി സോള പോലുള്ള ചിത്രങ്ങൾ ഇവിടെവച്ചാണ് കാണുന്നത്. പിന്നീട് കോഴിക്കോട് എത്തിയപ്പോൾ കഥ മാറി. സിനിമ, അതിന്റെ മോഹവലയത്തിലേക്ക് എംടിയെ വലിച്ചടുപ്പിച്ചു. രാധയിലും ക്രൗണിലും കോറണേഷനിലും പ്രദർശിപ്പിച്ച ക്ലാസിക്കുകൾ ആ ചെറുപ്പക്കാരനെ ഒരു സിനിമാപ്രേമിയാക്കി. സിനിമാ ജ്വരം തലയ്ക്ക് പിടിച്ചെങ്കിലും സിനിമ എടുക്കണമെന്നോ എഴുതണമെന്നോ അക്കാലത്ത് എംടിക്ക് തോന്നിയിരുന്നില്ല. പക്ഷേ, കാലം അതിനും സമയവും സന്ദർഭവും ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.
ഒടുവിൽ കാലത്തിന്റെ സന്ദേശം എംടിയെ തേടിയെത്തി. തൃശൂരിൽ 'ശോഭന' എന്നൊരു സ്റ്റുഡിയോ നടത്തിയിരുന്ന പരമേശ്വരൻ നായരിലൂടെ. നല്ലൊരു വായനക്കാരനായിരുന്നു ശോഭന പരമേശ്വരൻ നായർ. നല്ലൊരു ഫോട്ടോഗ്രാഫർ, സിനിമാക്കാരുമായി അടുത്ത ബന്ധം. കൂട്ടുകാരുടെ സ്വന്തം 'പരമുവണ്ണൻ'.
മാതൃഭൂമിയിൽ ജോലി ചെയ്യുന്ന കാലത്ത് എംടിയുടെ കഥകൾ വായിച്ച് പരമേശ്വരൻ നായർ കത്തുകൾ എഴുതുമായിരുന്നു. പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന നോവൽ സിനിമയാക്കി നിർമാണരംഗത്തേക്ക് പ്രവേശിച്ച ശോഭന പരമേശ്വരൻ ഒരുനാൾ എംടിയെ തേടിയെത്തി. സ്നേഹത്തിന്റെ മുഖങ്ങൾ എന്ന കഥ സിനിമയാക്കണം. അതിന് എംടി തന്നെ തിരക്കഥ എഴുതണം. എംടി പിടികൊടുത്തില്ല. അക്കാലത്ത് തിരക്കഥാ രചനയിൽ തിളങ്ങി നിന്നിരുന്ന തോപ്പിൽ ഭാസി എഴുതട്ടേ എന്ന് നിർദേശിച്ചു. ശോഭന പരമേശ്വരൻ പിടിവിട്ടില്ല. ഒടുവിൽ എംടി വഴങ്ങി. എംടിയുടെ തിരക്കഥ സിനിമയാക്കാൻ യോഗ്യനായ സംവിധായകനേ തന്നെ ശോഭനാ പരമേശ്വരൻ കണ്ടെത്തി. എ. വിൻസെന്റ്. അഭിനേതാക്കളായി പ്രേം നസീറും, കെ.പി. ഉമ്മറും, മധുവും, ശാരദയും, ജ്യോതിലക്ഷ്മിയും. മാതൃഭൂമിയിലെ ജോലി കഴിഞ്ഞുള്ള സമയത്ത് കോഴിക്കോട് വച്ച് തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി. മദ്രാസിലെ ഒരു ലോഡ്ജിൽ വച്ച് ഫൈനൽ സ്ക്രിപ്റ്റും. അങ്ങനെ 1965ൽ എ. വിൻസന്റിന്റെ സംവിധാനത്തിൽ എംടിയുടെ ആദ്യ തിരക്കഥ വെള്ളിത്തിരയിലേക്ക് എത്തി - മുറപ്പെണ്ണ്. മലയാള സിനിമ വള്ളുവനാടൻ ശൈലിയിൽ മിണ്ടിത്തുടങ്ങി.
ആറ് സിനിമകൾ മാത്രമാണ് എംടി സംവിധാനം ചെയ്തത്. ആറേ ആറ് സിനിമകൾ. വെള്ളിത്തിരയിലേക്ക് എഴുത്തിന്റെ വിശുദ്ധി പകർന്ന ആറ് സൃഷ്ടികൾ.
തിരക്കഥയെഴുതിയ എംടിക്ക് പരമേശ്വരൻ നായർ പ്രതിഫലമായി നൽകിയത് ഒരു പാർക്കർ പേനയാണ്. കഥാകാരന് അശേഷം പരിഭവം തോന്നിയില്ല. ഒരു നല്ല സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. എംടി പിന്നെയും സിനിമകൾ എഴുതി. നിർത്താതെ എഴുതി എന്ന് വേണം പറയാൻ. 1965 മുതൽ 2013 വരെ. അതും 62 തിരക്കഥകൾ. എംടിയുടെ എഴുത്തിന് മഹാരഥൻമാർ ആക്ഷനും കട്ടും പറഞ്ഞപ്പോൾ പിറന്നത് മലയാളത്തിലെ എണ്ണിയാൽ ഒടുങ്ങാത്ത ക്ലാസിക്കുകളാണ്. ഒറ്റ ഴോണറിലും കള്ളിയിലും എംടി എന്ന തിരക്കഥാകൃത്തിനെ ഒതുക്കാൻ സാധിക്കില്ല. പി. ഭാസ്കരനും കെ.എസ്. സേതുമാധവനും ഹരിഹരനും ഐ.വി. ശശിക്കും പി. പവിത്രനും വേണ്ടി എംടി എഴുതി. കുടുംബചിത്രവും ത്രില്ലറും റോഡ് മൂവിയും ചരിത്ര സിനിമയും എല്ലാം അതിൽ പെടും. ഇതിനിടയിൽ, തകഴി, മോഹനിയാട്ടം, വൈദ്യരത്നം പിഎസ് വാര്യറിനെക്കുറിച്ച് ദ വിൽ ആൻഡ് ദ വിഷൻ എന്നീ ഡോക്യുമെന്ററികൾ എടുത്ത എംടി രണ്ട് സിനിമകൾക്ക് പാട്ടും എഴുതി.
ഇക്കാലയളവിൽ ആറ് സിനിമകൾ മാത്രമാണ് എംടി സംവിധാനം ചെയ്തത്. ആറേ ആറ് സിനിമകൾ. വെള്ളിത്തിരയിലേക്ക് എഴുത്തിന്റെ വിശുദ്ധി പകർന്ന ആറ് സൃഷ്ടികൾ.
1973ൽ ഇറങ്ങിയ നിർമാല്യം ആണ് ആദ്യ ചിത്രം. പള്ളിവാളും കാൽച്ചിലമ്പും എന്ന കഥയാണ് നിർമാല്യം ആയി വികസിപ്പിച്ചത്. നിർമാല്യത്തിന്റെ തിരക്കഥ പൂർത്തിയായതും ഇത് താനാണ് ചെയ്യേണ്ടത് എന്ന് എംടി ഉറപ്പിച്ചു. തനിക്ക് അത്ര പരിചിതമായ കഥയും കഥാപശ്ചാത്തലവും കഥാപാത്രങ്ങളും തന്റെ കൈവശമാകും കൂടുതൽ സുരക്ഷിതം എന്ന് എംടിക്ക് തോന്നിക്കാണണം. പിന്നെ ഒന്നും നോക്കിയില്ല കടപ്പണവും ആത്മവിശ്വാസവും കൊണ്ട് എംടി നിർമാല്യം പിടിക്കാനിറങ്ങി.
വീട്ടിലെ അടുപ്പ് എരിയുന്നതിനായി ഭാര്യ അന്യപുരുഷനുമായി ശാരീരികബന്ധം പുലർത്തുന്നതിന് സാക്ഷിയായ വെളിച്ചപ്പാട് ക്ഷേത്ര നടയ്ക്കൽ നെറ്റി വെട്ടിപ്പൊളിച്ച്, ഭഗവതിയുടെ വിഗ്രഹത്തിന് വേരെ കാർക്കിച്ച് തുപ്പുന്നത് കണ്ട് മലയാളി ഞെട്ടി.
സിനിമയിലെ വെളിച്ചപ്പാടിനെ അവതരിപ്പിക്കാൻ പറ്റിയ നടനെ അന്വേഷിച്ചാണ് ആദ്യം എംടി ഇറങ്ങിയത്. ശങ്കരാടി അയിരുന്നു മനസിൽ. ശങ്കരാടി ആണ് പി.ജെ. ആന്റണിയുടെ പേര് പറയുന്നത്. അങ്ങനെ ആന്റണി വെളിച്ചപ്പാടായി. മൂക്കുതല ക്ഷേത്രത്തിലും തിരുമിറ്റകോടുമായി ചിത്രീകരണം ആരംഭിച്ചു. ഒരു ഗ്രാമം മുഴുവൻ എംടിക്ക് സഹായത്തിനായി എത്തി. ക്രിസ്ത്യാനിയായ പിജെയെ വെളിച്ചപ്പാടായി ക്ഷേത്രത്തിൽ കയറ്റുന്നതിൽ ചില മുറുമുറുപ്പുകളും ഉയർന്നു. സ്വതസിദ്ധമായ ശൈലിയിൽ അവയൊക്കെ എംടി പുച്ഛിച്ച് തള്ളി. നിർമാല്യം ഭംഗിയായി ഷൂട്ട് ചെയ്തു. പി.ജെയുടെ വെളിച്ചപ്പാട് ശൗര്യത്തോടെ ഉറഞ്ഞുതുള്ളി മലയാളിയുടെ ഇടയിലേക്ക് എത്തി.
വീട്ടിലെ അടുപ്പ് എരിയുന്നതിനായി ഭാര്യ അന്യപുരുഷനുമായി ശാരീരികബന്ധം പുലർത്തുന്നതിന് സാക്ഷിയായ വെളിച്ചപ്പാട് ക്ഷേത്ര നടയ്ക്കൽ നെറ്റി വെട്ടിപ്പൊളിച്ച്, ഭഗവതിയുടെ വിഗ്രഹത്തിന് വേരെ കാർക്കിച്ച് തുപ്പുന്നത് കണ്ട് മലയാളി ഞെട്ടി. കണ്ടത് നേരോ എന്നറിയാൻ പലരും സിനിമ വീണ്ടും കണ്ടു. സിനിമ കേരളത്തിന് അകത്തും പുറത്തും നല്ല അഭിപ്രായം നേടിയെടുത്തു. അപ്പോഴാണ് ആ വാർത്ത വരുന്നത്. ദേശീയ പുരസ്കാരത്തിന്റെ പരിഗണനയിൽ ചിത്രമുണ്ട്. ഉടനെ സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു.
രണ്ട് ദേശീയ അവാർഡുകൾ നിർമാല്യത്തിന് ലഭിച്ചു. നിർമാല്യം മികച്ച ചിത്രമായപ്പോൾ പി.ജെ. ആന്റണി ഭരത് അവാർഡിനും അർഹനായി. സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തി. ക്ലൈമാക്സിന്റെ മാനം വർധിച്ചു. സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഏഴ് പുരസ്കാരങ്ങളാണ് നിർമാല്യം നേടിയത്. ആദ്യ സിനിമയിൽ തന്നെ എംടി മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹനായി.
1978ൽ ഇറങ്ങിയ ബന്ധനം ആയിരുന്നു അടുത്തതായി എംടി സംവിധാനം ചെയ്ത ചിത്രം. ശോഭ, സുകുമാരൻ, ശുഭ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഏകാകിയായ ഒരു യുവാവിന്റെ കഥയാണ് പറഞ്ഞത്. ലക്ഷ്യബോധമില്ലാതെ അലഞ്ഞ അയാൾ ഒരു ഘട്ടത്തിൽ രണ്ടാനമ്മയ്ക്കും മകൾക്കും താങ്ങാകുന്നതാണ് ഇതിവൃത്തം. നിർമാല്യത്തോളം പ്രശസ്തി നേടാൻ ഈ ചിത്രത്തിന് സാധിച്ചില്ല. കളക്ഷനും കുറവ്. പക്ഷേ ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ബന്ധനത്തിന് ആയിരുന്നു.
വയനാട് കാടുകൾ പശ്ചാത്തലമാക്കി അസ്വസ്ഥ ദാമ്പത്യത്തിന്റെ കഥ പറഞ്ഞ വാരിക്കുഴി ആണ് മൂന്നാമതായി എംടി സംവിധാനം ചെയ്തത്. പോളിടെക്നിക് അധ്യാപകനായിരുന്ന കെ.സി. ജോയി ആയിരുന്നു നിർമാതാവ്. എംടിയുടെ വാരിക്കുഴി എന്ന കഥ വായിച്ച് ഇഷ്ടപ്പെട്ട ജോയി ഇത് തിരക്കഥയാക്കി എംടി തന്നെ സംവിധാനം ചെയ്യണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. പക്ഷേ, സിനിമ വിജയിച്ചില്ല.
തൊട്ടടുത്ത വർഷം തന്നെ അടുത്ത സിനിമയുമായി എംടി എത്തി. മഞ്ഞ്. പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്കാരം. വിമലയുടെ അനന്തമായ കാത്തിരിപ്പിന് എംടി ദൃശ്യഭാഷ ചമച്ചു. അവളുടെ എകാന്തതയ്ക്ക് ഗുൽസാറിന്റെ വരികളിൽ എം.ബി. ശ്രീനിവാസ് ഇണം പകർന്നു. ഹിമാലയൻ താഴ്വരയിലെ ഒരു സ്വപ്നഭൂമിയിൽ നിന്നും വിഷാദമധുരമായ ഒരു വിരഹഗീതം എന്നായിരുന്നു സിനിമയുടെ പരസ്യവാചകം. എന്നാൽ, നോവലിന് ലഭിച്ച സ്വീകാര്യത സിനിമയ്ക്ക് ലഭിച്ചില്ല. എംടിക്കും തൃപ്തി തോന്നാതിരുന്ന ചിത്രമായിരുന്നുവത്.
അടുത്തതായി സംവിധാനം ചെയ്യുന്നതിനായി മറ്റൊരാളുടെ കഥയാണ് എംടി ആശ്രയിച്ചത്. തന്റെ പ്രിയപ്പെട്ട 'പ്രേംപൊറ്റാസ്', എസ്.കെ. പൊറ്റെക്കാട്ടിന്റെ 'കടത്തുതോണി' എന്ന ചെറുകഥ എംടി കടവ് ആക്കി മാറ്റി. വീടുപേക്ഷിച്ചിറങ്ങുന്ന രാജു. അവൻ കടത്തുകാരൻ ബീരാന്റെ സഹായി ആയി മാറുന്നു. ഒരുനാൾ ഒരു പെൺകുട്ടി വയ്യാത്ത അവളുടെ അമ്മയുമായി ആ കടത്തുതോണിയിൽ കയറുന്നു. അവളുമായി അവൻ പരിചയത്തിലാകുന്നു. അവളുടേത് എന്ന് തോന്നിയ ഒരു കൊലുസ് അവന് കളഞ്ഞുകിട്ടി. അതുമായി അവളെ തിരക്കി രാജു കോഴിക്കോട് എത്തുന്നു. അവിടെ അവനെ കാത്തിരുന്നത് ഗ്രാമത്തിന്റെ വിശുദ്ധിയോ നിഷ്കളങ്ക പ്രണയമോ ആയിരുന്നില്ല. നഗരത്തിന്റെ പൊയ്മുഖമായിരുന്നു. ഏത് കടവ് എന്ന ചോദിക്കുന്ന രാജുവിന്റെ കണ്ണുകളിൽ നമ്മൾ കാണുന്നത് ആ നിരാശയാണ്. ഈ സിനിമയും വാണിജ്യപരമായി മുന്നേറിയില്ല.
2000ൽ ആണ് എംടി അവസാനമായി സംവിധായകന്റെ കുപ്പായം അണിഞ്ഞത്. തെലുങ്ക് എഴുത്തുകാരൻ ശ്രീ രമണയുടെ 'മിഥുനം' എന്ന കഥയുടെ ഇംഗ്ലീഷ് പരിഭാഷ എംടി വായിക്കാനിടയായി. അഗ്രഹാരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന രമണയുടെ കഥയെ എംടി ഗ്രാമീണാന്തരീക്ഷത്തിലേക്ക് പറിച്ചുനട്ടു. ഈ തിരക്കഥയെ അടിസ്ഥാനമാക്കി ഒരു ചെറിയ സിനിമ എടുത്തു. ഒരു ചെറുപുഞ്ചിരി. ജോൺപോൾ ഫിലിംസിനുവേണ്ടി നിഷാ ജോൺപോളാണ് സിനിമ നിർമിച്ചത്. വെറും 89 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ഇന്ന് തിരക്കഥാ പഠിതാക്കൾക്ക് ഒരു പാഠപുസ്തകമാണ്. നമ്മളിൽ പലരും ഈ തിരക്കഥ സ്കൂളുകളിൽ പഠിച്ചിട്ടുമുണ്ട്. വാക്കുകളിൽ നിന്ന് ദൃശ്യങ്ങളിലേക്ക് തുറന്ന ആദ്യ കിളിവാതിൽ. ഒരു ചെറുപുഞ്ചിരിയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് വീണ്ടും എംടിയെ തേടിയെത്തി.
സിനിമയുടെ ഗ്ലാമറിനും എഴുത്ത് നൽകിയ പേരിനും നടുവിൽ എംടി എന്നും ഏകാകി ആയിരുന്നു.
ദാമ്പത്യപ്രണയത്തിന്റെ മാധുര്യവും നിഷ്കളങ്കതയും ഊറുന്ന സംഭാഷണങ്ങളും രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ഒരു ചെറുപുഞ്ചിരി. അമ്മാളുക്കുട്ടി അമ്മയായി നിർമല ശ്രീനിവാസനും ഭർത്താവ് കൃഷ്ണക്കുറുപ്പായി ഒടുവിൽ ഉണ്ണികൃഷ്ണനും തിരയിലെത്തിയപ്പോൾ പ്രണയത്തിന്റെയും കരുതലിന്റെയും മറ്റൊരു ഭാവം മലയാളി അനുഭവിച്ചു. അവർ പരസ്പരം അയവിറക്കുന്ന ഓരോ ഓർമകളും നമ്മുടെ ചുണ്ടിൽ ചെറുപുഞ്ചിരിയായി. ഒടുവിൽ എംടി നമ്മുടെ കണ്ണുനനയിപ്പിച്ചു. ജീവിതം എത്ര ലളിതമായ സമവാക്യമാണെന്ന ഓർമപ്പെടുത്തൽ.
ജീവിതം അതുതന്നെയായിരുന്നു എംടി എന്ന എഴുത്തുകാരന്റെ, സിനിമാക്കാരന്റെ കൈമുതൽ. അനുഭവങ്ങൾ കൊണ്ട് ആ ജീവിതത്തെ എംടി ജീവസുറ്റതാക്കി. നമുക്ക് മുന്നിലേക്ക് വച്ച ഓരോ ഫ്രെയിമിലും പല രൂപഭാവങ്ങളിൽ ജീവിതത്തെ അദ്ദേഹം അവതരിപ്പിച്ചു. നിരാശയായി, പ്രണയമായി, ഏകാന്തതയായി..പല പല മനുഷ്യരുടെ പല പല ജീവിതങ്ങൾ. മുന്നിലുള്ള ആ സത്യമാകണം എംടിയെ മൗനിയാക്കിയത്.
സിനിമയുടെ ഗ്ലാമറിനും എഴുത്ത് നൽകിയ പേരിനും നടുവിൽ എംടി എന്നും ഏകാകി ആയിരുന്നു. ഒച്ചപ്പാടുകൾക്ക് കാതുകൊടുക്കാത്ത എഴുത്തുകാരൻ. വായിച്ചു വച്ച ഏതോ പുസ്തകത്തിലെ വരികൾ ഉള്ളിലിട്ട് അയവിറക്കിക്കൊണ്ട്... ആൾക്കൂട്ടത്തിൽ തനിയെ, എംടി.
(കടപ്പാട്: ഡോ. കെ. ശ്രീകുമാർ രചിച്ച 'എം.ടി വാസുദേവൻ നായർ' ജീവചരിത്രം (മാതൃഭൂമി ബുക്സ്), എംടി സിനിമകൾ, കഥകൾ, നോവലുകൾ, ലേഖനങ്ങൾ)