നയൻതാരയും ധനുഷുമായുണ്ടായ പ്രശ്നങ്ങൾ ഏറെക്കാലം സിനിമാവൃത്തങ്ങളിലും ആരാധകർക്കിടയിലും വലിയ ചർച്ചയായിരുന്നു. എന്നാൽ , അന്നുണ്ടായ പ്രശ്നങ്ങൾ കാരണം ധനുഷുമായുള്ള സൗഹൃദത്തിൽ വിള്ളൽ വീണത് തനിക്ക് വലിയൊരു നഷ്ടമാണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകനും നടിയുടെ ഭർത്താവുമായ വിഘ്‌നേഷ് ശിവൻ. തന്റെ പുതിയ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ധനുഷുമായുള്ള ബന്ധത്തെപ്പറ്റി സംവിധായകൻ മനസുതുറന്നത്.
"എനിക്ക് ധനുഷ് സാറിനെ ഒരുപാട് ഇഷ്ടമാണ്. ജൂലൈ 28നാണ് അദ്ദേഹത്തിന്റെ ജന്മദിനം. എന്റെ അച്ഛൻ മരിച്ചതും അതേ ദിവസമാണ്. ഞാൻ അദ്ദേഹത്തിൽ ഒരു പിതാവിന്റെ സാന്നിധ്യം അനുഭവിക്കാറുണ്ട്. ഞാൻ അദ്ദേഹത്തെ അങ്ങനെയാണ് കാണുന്നത്. ആ ബന്ധം നഷ്ടമായതാണ് എന്റെ വലിയ നഷ്ടം. എനിക്ക് ലജ്ജ തോന്നുന്ന കാര്യവുമാണത്. എപ്പോഴോ എവിടെയോ ഒരു തെറ്റ് സംഭവിച്ചിരിക്കാം. ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ ധനുഷ് സാർ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തയാണ്," വിഘ്നേഷ് പറഞ്ഞു.
"വിഐപി സിനിമയുടെ ഷൂട്ടിങ് സമയത്ത് രണ്ട് വർഷം ഞാൻ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. അദ്ദേഹം കഴിച്ചതിന് ശേഷമാണ് ഞാൻ കഴിച്ചിരുന്നത്. രണ്ട് പേർക്കിടയിൽ ചിലത് സംഭവിക്കുമ്പോൾ എന്താണ് അവസ്ഥ എന്ന് നമുക്ക് മനസിലായിക്കൊള്ളണമെന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
2024 നവംബറിൽ 'നയൻതാര: ബിയോണ്ട് ദ ഫെയറിടെയിൽ' എന്ന നെറ്റ്‌ഫ്ലിക്സ് ഡോക്യുമെന്ററിയിൽ താൻ നിർമിച്ച ‘നാനും റൗഡി താൻ' എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ഉപയോഗിച്ചു എന്ന് കാട്ടി ധനുഷ് സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെ ധനുഷിന് നയൻതാര തുറന്ന കത്ത് അയച്ചതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കം പരസ്യമായത്. നടനെ അതിരൂക്ഷമായി വിമർശിക്കുന്നതായിരുന്നു ഈ കത്ത്. സിനിമയിലെ മൂന്ന് സെക്കൻഡ് ക്ലിപ്പ് ഡോക്യുമെന്ററിയിൽ ഉപയോഗിക്കുന്നതിന് 10 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതായാണ് നയൻതാര കത്തിൽ ആരോപിച്ചിരുന്നത്. ഇതിനുശേഷം ഇരുവരും തമ്മിൽ വലിയ രീതിയിലുള്ള നിയമ പോരാട്ടങ്ങൾ തന്നെ നടന്നിരുന്നു.
വിഘ്‌നേഷ് ശിവൻ ആയിരുന്നു 'നാനും റൗഡി താൻ' സിനിമയുടെ സംവിധാനം. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായിക നയനതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. 2022 ജൂൺ ഒൻപതിനാണ് ഇരുവരും വിവാഹിതരായത്. അതേ വര്‍ഷം തന്നെ, മക്കള്‍ ജനിച്ച വിവരം വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പറന്നത്. ഉയിര്‍, ഉലകം എന്നാണ് കുട്ടികളുടെ പേര്.