കൊച്ചി: വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് ഒരുക്കുന്ന 'ജന നായക'ന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് മലേഷ്യയിൽ നടന്നത്. വിജയ്‌യുടെ കുട്ടി സ്റ്റോറി കേൾക്കാൻ ആരാധകർ തടിച്ചുകൂടിയപ്പോൾ 'ജന നായകൻ' ഓഡിയോ ലോഞ്ച് മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടവും പിടിച്ചു. മലേഷ്യയിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത പരിപാടി എന്ന റെക്കോർഡ് ആണ് ഈ മെഗാ ഓഡിയോ ലോഞ്ച് സ്വന്തമാക്കിയത്.
താൻ സിനിമ ഉപേക്ഷിക്കാനുള്ള കാരണം ഓഡിയോ ലോഞ്ചിൽ വിജയ് വ്യക്തമാക്കി. "സിനിമ എന്ന് പറയുന്നത് വലിയ ഒരു കടലാണ്. അതിന്റെ കരയോരത്ത് ഒരു മൺവീട് കെട്ടണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ അത് ഒരു കൊട്ടാരമാക്കിയത് നിങ്ങൾ ആരാധകരാണ്. സിനിമയിലേക്ക് വന്നപ്പോൾ ഞാൻ നേരിടാത്ത വിമർശനങ്ങളില്ല, അപമാനങ്ങളില്ല. ഒരുപാട് വേദനകൾ താണ്ടിയാണ് ഞാൻ ഇവിടെയെത്തിയത്. ആദ്യ ദിനം മുതൽ എന്റെ കൂടെ നിന്നത് എന്റെ ആരാധകരാണ്. കഴിഞ്ഞ 33 വർഷമായി മാറ്റമില്ലാതെ നിങ്ങൾ എനിക്കൊപ്പം നിൽക്കുന്നു. ഇനി അടുത്ത 30-33 കൊല്ലം നിങ്ങൾക്ക് വേണ്ടി ഞാൻ നിൽക്കും. എനിക്കായി എല്ലാം ത്യജിച്ച ഫാൻസിനായി ഞാൻ സിനിമ തന്നെ വിട്ടുകൊടുക്കുന്നു. നന്ദി എന്ന് പറഞ്ഞ് പോകുന്നവനല്ല വിജയ്. കടപ്പാടിന്റെ കടം ഞാൻ വീട്ടും," എന്നാണ് സിനിമ വിടുന്നതിനെക്കുറിച്ച് വിജയ് പറഞ്ഞു.
ശ്രീലങ്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തമിഴ് വംശജരുള്ളത് മലേഷ്യയിലാണെന്ന് ചൂണ്ടിക്കാട്ടിയ നടൻ രാജ്യത്തെ തമിഴ് ജനതയോട് നന്ദിയും അറിയിച്ചു. "ചില പടങ്ങളുടെ പേര് കേട്ടാൽ തന്നെ മലേഷ്യയാണ് ഓർമയിൽ വരിക. ഉദാഹരണത്തിന് എന്റെ നൻപർ അജിത് അഭിനയിച്ച 'ബില്ല'. പിന്നെ എന്റെ 'കാവലൻ', 'കുരുവി' എന്നീ പടങ്ങളുടെ ഷൂട്ടിനായി ഇവിടെ എത്തിയപ്പോൾ വലിയ പിന്തുണയാണ് ലഭിച്ചത്," എന്നും വിജയ് പറഞ്ഞു.
2026 ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയാണ് 'ജന നായകൻ' തിയേറ്ററുകളിലേക്ക് എത്തുന്നത്. വിജയ്‌ക്കൊപ്പം ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരും എത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.