

കൊച്ചി: തമിഴ് സൂപ്പർ താരം വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജന നായകൻ'. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് മലേഷ്യയിൽ നടന്നത്. നിരവധി വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷിയായ പരിപാടിയിൽ സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ എച്ച്. വിനോദ്.
'ജന നായകൻ' തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുടെ റീമേക്ക് ആണെന്ന തരത്തിൽ നിരവധി ട്രോളുകളാണ് സമീപകാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനിമയിലെ ഗാനങ്ങൾക്കും അപ്ഡേറ്റുകൾക്കും ഇടയിലെ സാമ്യങ്ങൾ ചേർത്തുവച്ചാണ് ഇത്തരം പ്രചാരണങ്ങൾ. നന്ദമൂരി ബാലകൃഷ്ണ നായകനായ 'ഭഗവന്ത് കേസരി' 2023ൽ ആണ് റിലീസ് ആയത്. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ എല്ലാം വ്യാജമാണെന്ന് തുറന്നടിച്ചിരിക്കുകയാണ് 'ജന നായകൻ' സംവിധായകൻ.
"ജന നായകൻ സിനിമ എങ്ങനെയായിരിക്കും എന്ന് നിരവധി പേർക്ക് സംശയങ്ങളുണ്ട്. ജന നായകൻ റീമേക്ക് ആണ് അതെങ്ങനെ വരുമെന്ന് സംശയിച്ച് ഒരു കൂട്ടം. അല്ല, കുറച്ച് മാത്രമാണ് റീമേക്ക്, ബാക്കി പുതിയതാണെന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന വേറൊരു കൂട്ടർ. ജന നായകന് ഹൈപ്പ് കുറവാണല്ലോ ക്ലാഷ് വെച്ചാൽ സിനിമയെ അടിച്ചിടാം എന്നൊക്കെയാണ് ഇവർ വിചാരിക്കുന്നത്. ഇവരോടൊക്കെ ഞാൻ പറയാൻ ആഗ്രഹിക്കുന്നതിതാണ്, അയ്യാ ഇത് ദളപതി പടം," എന്നാണ് സംവിധായകൻ പറഞ്ഞത്. സിനിമ നൂറ് ശതമാനം എന്റർടെയ്‌നർ ആയിരിക്കുമെന്നും ആടിപ്പാടാനും ചിന്തിക്കാനുമുള്ള കാര്യങ്ങൾ സിനിമയിലുണ്ടാകുമെന്നും സംവിധായകൻ ഉറപ്പുനൽകുന്നു.
"ഈ പടത്തിന്റെ അവസാന 15 മിനുട്ട് ഫെയർവെൽ ആണെന്നും കരയിപ്പിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറയുന്നുണ്ട്. അതൊന്നുമില്ല. ഈ പടത്തിൽ കരച്ചിൽ ഇല്ല. പ്രതീക്ഷയാണ് ഉള്ളത്. കാരണം ദളപതിക്ക് ദ എൻഡ് ഇല്ല, ദ ബിഗിനിങ് മാത്രമേയുള്ളൂ," വിനോദ് കൂട്ടിച്ചേർത്തു.
2026 ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയാണ് 'ജന നായകൻ' തിയേറ്ററുകളിലേക്ക് എത്തുന്നത്. വിജയ്‌ക്കൊപ്പം ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരും എത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.