തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനായ 'ജന നായകൻ' റിലീസിന് ഒരുങ്ങുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ സിനിമ തിയേറ്ററുകളിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിർമാതാവ് വെങ്കട് കെ നാരായണ. സിനിമയുടെ സെൻസർ സെർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും നിർമാതാവ് അറിയിച്ചു.
തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ഒരു 'പുതിയ യുഗ'ത്തിന് അനുയോജ്യമായ പ്രമേയമാണ് ചിത്രത്തിനുള്ളതെന്ന് നിർമാതാവ് സൂചിപ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സിനിമയുടെ റിലീസിന് വഴിതുറന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
"എനിക്ക് വിജയ് സാറിനെ നേരിട്ട് അറിയാം. അദ്ദേഹം വളരെ അച്ചടക്കവും അർപ്പണബോധവുമുള്ള വ്യക്തിയാണ്. നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റും. അദ്ദേഹം പറയുന്നത് പ്രവർത്തിച്ചു കാണിക്കുന്ന ആളാണ്," വെങ്കട് കെ നാരായണ പറഞ്ഞു.
"ഒരു പുതിയ നേതൃത്വവും പുതിയ കാലഘട്ടവും ആരംഭിക്കുമെന്ന് ഞാൻ കരുതുന്നു... തമിഴ്‌നാട്ടിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഇപ്പോൾ ഒരു 'ജന നായകൻ' ആയി മാറിയിരിക്കുകയാണ്," നിർമാതാവ് കൂട്ടിച്ചേർത്തു.
നേരത്തെ, ജനുവരി ഒൻപതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ സെർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നീണ്ടുപോവുകയായിരുന്നു. ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഇന്റർനെറ്റിൽ ചോർന്നതും സിനിമയ്ക്ക് തിരിച്ചടിയായി. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ നാരായണ ആണ് നിർമാണം.
വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന 'ജനനായകൻ' തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്.