വിജയ് ചിത്രം 'ജന നായകൻ' Source: X
ENTERTAINMENT

'ജന നായകന്' എത്രയും വേഗം UA സർട്ടിഫിക്കറ്റ് നൽകണം: മദ്രാസ് ഹൈക്കോടതി

നിർമാതാക്കളായ കെവിഎൻ സ്റ്റുഡിയോസ് സമർപ്പിച്ച ഹർജിയിലാണ് നടപടി

Author : ശ്രീജിത്ത് എസ്

ചെന്നൈ: വിജയ് നായകനായ 'ജനനായകൻ' സിനിമയ്ക്ക് എത്രയും വേഗം സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ച് മദ്രാസ് ഹൈക്കോടതി. സെൻസർ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ കാലതാമസം നേരിട്ടത് ചോദ്യം ചെയ്ത് നിർമാതാക്കളായ കെവിഎൻ സ്റ്റുഡിയോസ് സമർപ്പിച്ച ഹർജിയിലാണ് നടപടി.

ജസ്റ്റിസ് പി.ടി. ആശയാണ് ഹർജി പരിഗണിച്ചത്. ജനുവരി ഏഴിന് ഹർജിയിൽ ഇരുഭാഗങ്ങളുടേയും വാദം കേട്ട കോടതി ഉത്തരവ് പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. സിനിമയ്ക്ക് എതിരെ എക്സാമിനിങ് കമ്മിറ്റി അംഗം തന്നെ പരാതി നൽകിയ നടപടിയെ കോടതി വിമർശിച്ചു. ഇത്തരത്തിലുള്ള പരാതികൾ സ്വീകരിക്കുന്നത് അപകടകരമായ ഒരു പ്രവണതയ്ക്ക് വഴിയൊരുക്കുമെന്ന് കോടതി നിരീക്ഷിച്ചു. കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ, സർട്ടിഫിക്കറ്റ് സ്വാഭാവികമായും ലഭിക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

മാറ്റങ്ങൾ വരുത്തുന്നതിന് വിധേയമായി 'UA' സർട്ടിഫിക്കറ്റ് നൽകാമെന്ന് കമ്മിറ്റിക്ക് വേണ്ടി ചെയർപേഴ്‌സൺ അറിയിച്ചതോടെ, സിനിമ വീണ്ടും പരിശോധനയ്ക്കായി അയയ്‌ക്കാനുള്ള അദ്ദേഹത്തിന്റെ അധികാരം ഇല്ലാതായിക്കഴിഞ്ഞു. അതിനാൽ, അതിനുശേഷം ചെയർപേഴ്‌സൺ നടത്തിയ ഈ അധികാര പ്രയോഗം നിയമപരമായ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

സെൻസർ ബോർഡ് ചെയർപേഴ്സന്റെ ഉത്തരവ് നിയമപരമായ അധികാരപരിധിക്ക് പുറത്തായതിനാൽ കോടതിയുടെ സഹജമായ അധികാരം ഉപയോഗിച്ച് ഹർജിക്കാരൻ ആവശ്യപ്പെട്ട ആശ്വാസ നടപടികളിൽ മാറ്റം വരുത്താൻ കോടതിക്ക് സാധിക്കുമെന്ന് ജസ്റ്റിസ് പി.ടി. ആശ വ്യക്തമാക്കി.

സിനിമയിലെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും, പ്രതിരോധ സേനയുടെ ചിഹ്നങ്ങൾ അനുചിതമായി ഉപയോഗിച്ചുവെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് സെൻസർ ബോർഡ് കോടതിയെ അറിയിച്ചത്. എക്സാമിനിങ് കമ്മിറ്റിയിലെ ഒരു അംഗം തന്നെയാണ് പരാതി ഉന്നയിച്ചതെന്നും, അതിനാൽ സിനിമ റിവൈസിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു എന്നുമാണ് ബോർഡ് വ്യക്തമാക്കിയത്.

പരിശോധനാ സമിതിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് എങ്ങനെയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. കൂടാതെ, ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ച ഒരു സിനിമ ഒരു വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തടഞ്ഞുവയ്ക്കുന്നതിലെ യുക്തിയും കോടതി ചോദ്യം ചെയ്തിരുന്നു.

സിനിമയിൽ നേരത്തെ നിർദ്ദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് തയ്യാറാകുന്നില്ലെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചത്. ഏകദേശം 500 കോടി രൂപയുടെ നിക്ഷേപം ഈ ചിത്രത്തിനുണ്ടെന്നും ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന റിലീസ് തടസപ്പെടുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുമാണ് നിർമാതാക്കൾ വാദിച്ചത്. എന്നാൽ , വാദം കേട്ട കോടതി ഉത്തരവ് റിലീസ് ദിനത്തിലേക്ക് മാറ്റി. ഇതിനെ തുടർന്നാണ്, സിനിമയുടെ റിലീസ് മാറ്റിവച്ചത്.

കെവിഎൻ പ്രൊഡക്ഷൻസിന് വേണ്ടി വെങ്കട്ട കെ. നാരായണയാണ് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 2025 ഡിസംബർ 18ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയെന്നും ഡിസംബർ 22ന് 'UA' സർട്ടിഫിക്കറ്റ് നൽകാമെന്ന് റീജിയണൽ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായുമാണ് നിർമാതാവ് കോടതിയെ അറിയിച്ചത്. ചിത്രത്തിലെ ചില സീനുകൾ വെട്ടിമാറ്റാനും മാറ്റങ്ങൾ വരുത്താനും നിർദേശമുണ്ടായിരുന്നു.

ഈ മാറ്റങ്ങൾ വരുത്തി ഡിസംബർ 24ന് ,സിനിമയുടെ പരിഷ്കരിച്ച പതിപ്പ് സമർപ്പിച്ചു. ഡിസംബർ 29ന് ചിത്രം പരിശോധിച്ച് 'UA' സർട്ടിഫിക്കറ്റ് നൽകാമെന്ന് അധികൃതർ വീണ്ടും ഉറപ്പുനൽകിയെങ്കിലും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണ് കെവിഎൻ പ്രൊഡക്ഷൻസിന്റെ ഹർജിയിൽ പറയുന്നത്. എന്നാൽ, ജനുവരി അഞ്ചിന് സിനിമയിലെ ദൃശ്യങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ ചിത്രീകരിച്ചിരിക്കുന്നത് ശരിയല്ലെന്നും കാണിച്ച് പരാതി ലഭിച്ചെന്നും അതിനാൽ ചിത്രം 'റിവൈസിങ് കമ്മിറ്റി'ക്ക് വിടുകയാണെന്നും അധികൃതർ ഇമെയിൽ വഴി നിർമാതാക്കളെ അറിയിക്കുകയായിരുന്നു.

SCROLL FOR NEXT