നടൻ വിജയ് Source: ANI
ENTERTAINMENT

'ജന നായകന്' നഷ്ടമുണ്ടായാൽ വിജയ് ഒരു ചിത്രത്തിൽ കൂടി അഭിനയിച്ചേക്കും; കഥ ആലോചിക്കാൻ നിർദേശം

മെയ് പകുതിയോടെ 'ജന നായകൻ' തിയേറ്ററുകളിൽ എത്തിക്കാനാണ് നീക്കം

Author : ന്യൂസ് ഡെസ്ക്

'ജന നായകന്' തിയേറ്ററുകളിൽ നിന്ന് മികച്ച കളക്ഷൻ നേടിയെടുക്കാൻ സാധിച്ചില്ലെങ്കിൽ വിജയ് വീണ്ടും ഒരു ചിത്രത്തിൽ കൂടി അഭിനയിക്കാൻ സാധ്യത. ജനുവരി ഒൻപത് പൊങ്കൽ റിലീസായി പ്രഖ്യാപിച്ച ചിത്രം ഇതുവരെ തിയേറ്ററുകളിൽ എത്തിക്കാൻ നിർമാതാക്കൾക്ക് സാധിച്ചിട്ടില്ല. സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രതിസന്ധികളിൽ കുരുങ്ങിയ സിനിമ അടുത്തിടെ ഇന്റർനെറ്റിൽ ചോർന്നിരുന്നു. മെയ് പകുതിയോടെ സിനിമ റിലീസ് ചെയ്യാനാണ് നീക്കം. എന്നാൽ, ബജറ്റിന് ആനുപാതികമായി കളക്ഷൻ ലഭിക്കാത്ത പക്ഷം ഇതേ നിർമാതാവിന് വിജയ് ഡേറ്റ് നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

പുതിയ ചിത്രത്തിനായുള്ള കഥ ആലോചിക്കാൻ വിജയ് നിർദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരം. അന്തിമ കളക്ഷൻ റിപ്പോർട്ട് വന്ന ശേഷമാകും വീണ്ടും അഭിനയിക്കുന്ന കാര്യത്തിൽ വിജയ് തീരുമാനത്തിലെത്തുക. തന്റെ സിനിമാ ജീവിതത്തിലെ അവസാനം ചിത്രമായാണ് 'ജന നായക'നെ വിജയ് വിശേഷിപ്പിച്ചത്.

അതേസമയം, 'ജന നായകൻ' സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേഷൻ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി സിനിമ വീണ്ടും കണ്ടുവെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് ഇതുവരെ നൽകിയിട്ടില്ല. വിജയ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമാകും സർട്ടിഫിക്കറ്റ് നൽകുക എന്നാണ് വിവരം.

എച്ച്. വിനോദ് ആണ് 'ജന നായകൻ' സംവിധാനം ചെയ്തിരിക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് 'ജന നായകൻ' നിർമിച്ചിരിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

SCROLL FOR NEXT