കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട ചലിച്ചിത്രകാരൻ ശ്രീനിവാസന്റെ വിയോഗത്തോട് സിനിമാപ്രേമികൾ ഇതുവരെ പൊരുത്തപ്പെട്ടിട്ടില്ല. ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെ കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയർ സൗത്ത് അവാർഡ്‌സിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു. ഭാര്യ വിമലയും മൂത്ത മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇപ്പോഴിതാ, പുരസ്കാരവും കയ്യിൽ പിടിച്ചിരിക്കുന്ന അമ്മയുടെ ചിത്രത്തിനൊപ്പം വിനീത് കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. "ആ മനുഷ്യന്റെ വലിയ വിജയത്തിന് പിന്നിൽ ഈ സ്ത്രീ ഉണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീ ഉണ്ടായിരുന്നു! ഈ വർഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം അമ്മയ്ക്കുള്ളതാണ്," എന്നാണ് വിനീത് ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
കണ്ണുനീരോടെയാണ് ശ്രീനിവാസനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് വിമല സംസാരിച്ചത്. "ശ്രീനിയേട്ടനോട് സമൂഹത്തിലെ വിവിധ മേഖലയിലുള്ള എല്ലാ ആള്‍ക്കാരും കാണിച്ച സ്‌നേഹത്തിനും ആദരവിനും നന്ദി. ശ്രീനിയേട്ടന്‍ സുഹൃത്തുക്കളെ ബന്ധുക്കളെ പോലെയായിരുന്നു സ്‌നേഹിച്ചത്. ആ സ്‌നേഹം തിരിച്ച് എല്ലാവരും നല്‍കിയിട്ടുമുണ്ട്," എന്നായിരുന്നു വിമലയുടെ വാക്കുകൾ.
ശ്രീനിവാസനും പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കുമാണ് മലയാളത്തിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്. 'ഭ്രമയുഗ'ത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും 'ഉള്ളൊഴുക്കി'ലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും ഏറ്റുവാങ്ങി. സെറിൻ ഷിഹാബ്, പൃഥ്വിരാജ്, അസിഫ് അലി എന്നിവർക്ക് ക്രിട്ടിക്സ് ചോയിസ് അവാർഡുകളും ലഭിച്ചു. 'മഞ്ഞുമ്മൽ ബോയിസ്' ആണ് മികച്ച മലയാളം ചിത്രം. രാഹുൽ സദാശിവൻ (ഭ്രമയുഗം) ആണ് മികച്ച സംവിധായകൻ.