വിശാലും ഉദയനിധി സ്റ്റാലിനും 
ENTERTAINMENT

ഉദയനിധിയോട് എപ്പോഴും സ്നേഹം, ഞങ്ങൾക്കിടയിൽ ശത്രുതയ്ക്ക് സാധ്യതയേയില്ല: വിശാൽ

'മകുടം' സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമായുള്ള ആത്മബന്ധത്തെപ്പറ്റി നടൻ വിശാൽ. നടി തൃഷയ്‌ക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശത്തിൽ ഉദയനിധിക്കെതിരെ വിജയ് സർക്കാർ സ്വീകരിച്ച നടപടിയെ പിന്തുണച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രതികരണം. 'മകുടം' സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.

ഉദയനിധിയുമായുള്ള ബന്ധത്തിൽ മാറ്റമൊന്നുമില്ലെന്ന് വിശാൽ വ്യക്തമാക്കി. തങ്ങളുടെ കോളേജ് ദിനങ്ങൾ ഓർത്തെടുത്ത വിശാൽ, ഉദയനിധിയോടും ഭാര്യ കിരുത്തിഗയോടും തനിക്ക് വലിയ സ്നേഹമാണെന്നും പറഞ്ഞു. "എനിക്ക് ഉദയയോടും കിരുത്തിഗയോടും വലിയ സ്നേഹമാണ്. എന്ത് സംഭവിച്ചാലും ഞാൻ അവരെ സ്നേഹിച്ചുകൊണ്ടേയിരിക്കും. കോളേജിൽ പഠിക്കുന്ന കാലത്ത് ഉദയ കിരുത്തിഗയെ പ്രണയിച്ചിരുന്ന സമയത്താണ് എനിക്ക് അവനോട് ആ സ്നേഹം തുടങ്ങുന്നത്. ഞങ്ങൾക്കിടയിൽ ഒരു ശത്രുതയ്ക്ക് സാധ്യതയേയില്ല," വിശാൽ പറഞ്ഞു.

തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ചും താരം പ്രതികരിച്ചു. "ഞാൻ നാളെ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ തന്നെ അത് ആരോഗ്യകരമായ ഒരു മത്സരമായിരിക്കും. ഞങ്ങൾക്കിടയിൽ ഒരിക്കലും ഒരു സംഘർഷം ഉണ്ടാകില്ല," നടൻ വ്യക്തമാക്കി.

ഉദയനിധിയുടെ ദ്വയാർഥ പരാമർശവും അറസ്റ്റും

കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയിലെ ദ്വയാർഥ പരാമർശത്തിനാണ് ഡിഎംകെ എംഎല്‍എ ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായത്. ചോദ്യം ചെയ്യലിനു ശേഷം തഞ്ചാവൂര്‍ പൊലീസ് ഉദയനിധിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ചെന്നൈയിലെ വസതിയിൽ നിന്നാണ് പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലായിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും ഐടി വകുപ്പുകളും‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കാവേരി നദീജല പ്രശ്നത്തെക്കുറിച്ചും സംസ്ഥാനത്തെ കർഷകരുടെ വിഷയങ്ങളെക്കുറിച്ചും സംസാരിക്കവെയായിരുന്നു ഡിഎംകെയുടെ വിവാദ പരാമർശം. കാവേരി വിഷയത്തിൽ മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുന്നുവെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെക്കെതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞപ്പോൾ പ്രവർത്തകർ കൂട്ടത്തോടെ ‘തൃഷ, തൃഷ’ എന്ന് വിളിച്ചു. പിന്നാലെ നടത്തിയ ചില പരാമർശമാണ് കേസിന് ആധാരം.

ഉദയനിധിയുടെ അറസ്റ്റിൽ വിശാലിന്റെ പ്രതികരണം

രാഷ്ട്രീയത്തിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന എല്ലാവർക്കും ഇതേ നിയമവും ശിക്ഷയും ബാധകമാക്കണമെന്നുമാണ് ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ വിശാൽ പറഞ്ഞത്.

"രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കാറുണ്ട്. അതുകൊണ്ട് ഉദയയ്ക്ക് എന്താണോ സംഭവിച്ചത്, അതേ ശിക്ഷ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്ന എല്ലാവർക്കും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," നടൻ എഎൻഐയോട് പറഞ്ഞു. ചലച്ചിത്രരംഗത്തെ സ്ത്രീകളെ ലക്ഷ്യമിട്ട് അധിക്ഷേപങ്ങൾ നടത്തുന്ന യൂട്യൂബ് ചാനലുകൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമെതിരെ നടപടി വേണമെന്നും വിശാൽ ആവശ്യപ്പെട്ടു.

വിശാൽ ചിത്രം 'മകുടം'

വിശാൽ തന്നെ രചിച്ചു സംവിധാനം ചെയ്ത 'മകുടം' ഓഗസ്റ്റ് 14നാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99-മത്തെ സിനിമയാണിത്.

വിശാൽ വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം വമ്പൻ കാൻവാസിൽ ഒരുക്കിയിരിക്കുന്ന മാസ് ആക്ഷൻ എന്റർടെയ്‌നറാണ്. സൂപ്പർഹിറ്റ് സിനിമയായ 'മാർക്ക് ആന്റണി'ക്ക്‌ ശേഷം ജി.വി. പ്രകാശ് സംഗീതം നൽകുന്ന വിശാൽ സിനിമ കൂടിയാണ് 'മകുടം'. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദുഷാര വിജയനാണ്.

SCROLL FOR NEXT