ജസ്വന്ത് സിംഗ് ഖൽറ Source: X
ENTERTAINMENT

പൊലീസ് തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി! ആരാണ് ജസ്വന്ത് സിംഗ് ഖൽറ?

സുപ്രീം കോടതി ജസ്റ്റിസിന് ഒരു ടെലഗ്രാം ലഭിച്ചു - ജസ്വന്ത് സിംഗ് ഖൽറയെ പഞ്ചാബ് പൊലീസ് തട്ടിക്കൊണ്ടുപോയിരിക്കുന്നു!

Author : ശ്രീജിത്ത് എസ്

നാല് വർഷം മുൻപ് ഷൂട്ടിങ് പൂർത്തിയാക്കിയ ഒരു ചിത്രം. രണ്ട് തവണ പേരുമാറ്റേണ്ടി വന്ന, സെൻസർ ബോർഡ് 127 കട്ടുകൾ നിർദേശിച്ച ബോയിപ്പിക്. തിയേറ്റർ കാണാതെ ഒടിടിയിലേക്ക് എത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്തു. അതും 'സുരക്ഷാ ആശങ്കകൾ' ചൂണ്ടിക്കാട്ടി. ദിൽജിത്ത് ദൊസാഞ്ചിനെ നായകനാക്കി ഹണി ട്രെഹാൻ സംവിധാനം ചെയ്ത 'സത്ലജ്' ഇന്ന് ദേശീയ തലത്തിൽ ചർച്ചയാകുകയാണ്. ആരുടെ കഥയാണ് ഈ ചിത്രം പറയുന്നത്?

സിഖ് മനുഷ്യാവകാശപ്രവർത്തകനായ ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതത്തെയും പോരാട്ടങ്ങളേയും അടിസ്ഥാനമാക്കിയാണ് 'സത്ലജ്' ഒരുക്കിയിരിക്കുന്നത്. 1984നും 1994നും ഇടയിൽ പൊലീസിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ നടന്ന കൊലപാതകങ്ങളെ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടിയ ആളാണ് ജസ്വന്ത് സിംഗ്. ആയിരക്കണക്കിന് സ്ത്രീകളും യുവാക്കളുമാണ് ഈ കാലയളവിൽ പഞ്ചാബിൽ 'അപ്രത്യക്ഷരായത്'. അതിന് പിന്നിൽ പ്രവർത്തിച്ചതോ, പഞ്ചാബ് പൊലീസിലെ മുതിർന്ന ചില ഉദ്യോഗസ്ഥരും അവരുടെ ആജ്ഞാനുവർത്തികളായ ചില ഇൻസ്പെക്ടർമാരും. തീവ്രവാദത്തെ പഞ്ചാബിന്റെ മണ്ണിൽ നിന്നും തുടച്ചുനീക്കുകയാണ് തങ്ങൾ എന്നാണ് ഇവർ പറഞ്ഞ ന്യായം.

ഇങ്ങനെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നവരുടെ ശവശരീരങ്ങൾ സത്ലജിന്റെ ആഴങ്ങളിലേക്കാണ് ഇവർ വലിച്ചെറിഞ്ഞത്. മറ്റു ചിലരെ അജ്ഞാത മൃതദേഹങ്ങളായി അവകാശികളറിയാതെ പൊതുശ്മശാനങ്ങളിലെ ചിതകളിലേക്കിട്ടു. എഫ്ഐആറുകളിൽ പെടാതെ അവർ അഞ്ജാതരായി തുടർന്നു. ജസ്വന്ത് സിംഗ് എന്ന കോർപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ കണ്ടെത്തും വരെ. അയാൾ അവരുടെ ശബ്ദമായി. പൊലീസിന്റെ നരമേധത്തെ മറനീക്കി പുറത്തുകൊണ്ടുവരാൻ പ്രവർത്തിച്ചു. വേണ്ട രേഖകൾ ശേഖരിച്ചു.

1995 ജനുവരി 16ന്, 'ഡിസപ്പിയേർഡ് ആൻഡ് ക്രെമേഷൻ ഗ്രൗണ്ട്സ്' എന്ന തലക്കെട്ടിലുള്ള പത്രക്കുറിപ്പിലൂടെ ഖൽറ തന്റെ കണ്ടെത്തലുകൾ പരസ്യമാക്കി. പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ മാത്രം ഏകദേശം 2,000 'അജ്ഞാത ശ്മശാന സംസ്കാരങ്ങൾ' നടന്നിട്ടുണ്ടെന്നും പട്ടി, അമൃത്‌സർ എന്നിവിടങ്ങളിലെ ശ്മശാനങ്ങളിൽ സമാനമായ നൂറുകണക്കിന് സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഈ ആർട്ടിക്കിളിൽ അദ്ദേഹം ആരോപിച്ചു.

പെട്ടെന്ന് ഒരു നാൾ കാണാതായ തങ്ങളുടെ ഉറ്റവർ എവിടെ എന്ന് അധികാരികളോട് ചോദ്യങ്ങൾ ഉയർന്നു. ഉത്തരം ലഭിച്ചില്ല. 'അപ്രത്യക്ഷരായവർ' എന്ന് ജസ്വന്ത് ആരോപിക്കുന്നവർ യൂറോപ്പിലും കാനഡയിലും ഡെയിലി വേജസ് ജോലികൾ ചെയ്യുകയാണ് എന്നായിരുന്നു പഞ്ചാബ് പൊലീസ് മേധാവി കെപിഎസ് ഗില്ലിന്റെ മറുപടി. കാണാതായ ചിലരുടെ കുടുംബവുമായി ജസ്വന്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നിട്ടും രക്ഷയുണ്ടായിരുന്നില്ല. ജസ്വന്ത് പിൻവാങ്ങിയില്ല. ആ നിശ്ചയദാർഢ്യത്തിന് അയാൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. വലിയ വില. അയാളും 'അപ്രത്യക്ഷനാക്കപ്പെട്ടു'!

ഏതാനും ദിവസങ്ങൾക്ക് ശേഷം സുപ്രീം കോടതി ജസ്റ്റിസ് കുൽദീപ് സിംഗിന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരു ടെലഗ്രാം എത്തി. മുതിർന്ന ശിരോമണി അകാലിദൾ നേതാവായിരുന്ന ഗുർചരൻ സിംഗ് തോഹ്‌റ അയച്ച ഒരു ടെലഗ്രാം. ജസ്വന്ത് സിംഗ് ഖൽറയെ പഞ്ചാബ് പൊലീസ് തട്ടിക്കൊണ്ടുപോയിരിക്കുന്നു എന്നായിരുന്നു ആ സന്ദേശത്തിലെ ഉള്ളടക്കം. ഗുരുതരമായ ഈ ആരോപണം കണക്കിലെടുത്ത ജസ്റ്റിസ് അസാധാരണമായ ഒരു നടപടിക്രമത്തിനാണ് തുടക്കം കുറിച്ചത്.

1995 സെപ്റ്റംബർ 11ന്, സുപ്രീം കോടതി ആ ടെലിഗ്രാമിനെത്തന്നെ ഒരു ഹേബിയസ് കോർപ്പസ് ഹർജിയായി പരിഗണിച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ പഞ്ചാബ് ആഭ്യന്തര സെക്രട്ടറി, പൊലീസ് ഡയറക്ടർ ജനറൽ, അമൃത്‌സർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവർക്ക് നിർദേശം നൽകി. ഇതേസമയത്ത് തന്നെ, ഖൽറയുടെ ഭാര്യ പരംജിത് കൗറും ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചു. തന്റെ ഭർത്താവിനെ കോടതിക്ക് മുന്നിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് റിട്ട് ഹർജി ഫയൽ ചെയ്തു.

റിട്ടിൽ പറഞ്ഞിരുന്നത് ഇപ്രകാരമാണ്:

1995 സെപ്റ്റംബർ ആറിന് അമൃത്സറിലെ കബീർ പാർക്കിലുള്ള തന്റെ വീടിന് മുന്നിൽ കാറ് കഴുകി നിൽക്കുകയായിരുന്നു ജസ്വന്ത്. രാവിലെ 9.20ന് ഒരു നീല മാരുതി വാൻ ജസ്വന്തിന് സമീപം വന്നു നിന്നു. പൊലീസ് യൂണിഫോമും കറുത്ത പട്കയും ധരിച്ച നാല് പേർ വണ്ടിയിൽ നിന്നിറങ്ങി. അവരുടെ പക്കൽ തോക്കുകളുണ്ടായിരുന്നു. ജസ്വന്തിനെ അവർ ബലം പ്രയോഗിച്ച് വാനിലേക്ക് കയറ്റി. സമീപത്തുണ്ടായിരുന്നു രാജീവ് സിംഗ് എന്ന ആൾ തടുക്കാൻ ശ്രമിച്ചു. അയാളെ ഈ സംഘം തള്ളിമാറ്റി. അതിനിടയിൽ ഒരു വാക്കി ടോക്കി സംഭാഷണം രാജീവ് കേട്ടു. മിഷൻ പൂർത്തിയായി - അത്രമാത്രം. ഈ സംഭവത്തിന് ശേഷം പിന്നീട് ഉറ്റവരോ സുഹൃത്തുക്കളോ ജസ്വന്തിനെ കണ്ടിട്ടില്ല.

പൊലീസ് അന്വേഷണം എവിടെയും എത്തിയില്ല. അവർ അതിൽ താൽപ്പര്യം കാണിച്ചില്ല എന്ന് പറയുന്നതാകും ശരി. 1995 നവംബർ 15നാണ് ഈ കേസിൽ നിർണായകമായ ഒരു വഴിത്തിരിവുണ്ടാകുന്നത്. 'പരംജിത് കൗർ VS സ്റ്റേറ്റ് ഓഫ് പഞ്ചാബ്' കേസ് പരിഗണിച്ച സുപ്രീം കോടതി, നിയമവിരുദ്ധമായി മൃതദേഹങ്ങൾ ദഹിപ്പിച്ചു എന്ന ഖൽറയുടെ മുൻ ആരോപണം രേഖപ്പെടുത്തി. ഈ ആരോപണവും ഖൽറയെ തട്ടിക്കൊണ്ടുപോയതും അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തി. അന്നത്തെ തരൺ തരൺ എസ്എസ്പി അജിത് സിംഗ് സന്ധുവിനെ ആ പ്രദേശത്തുനിന്ന് മാറ്റാനും നിർദേശിച്ചു

1996 ജൂലൈ 30ന് സിബിഐ സുപ്രീം കോടതിയിൽ തങ്ങളുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങുന്നതായിരുന്നു സിബിഐയുടെ ഈ റിപ്പോർട്ട്. ജബൽ പൊലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദിച്ച ശേഷം ജസ്വന്ത് സിംഗിനെ വെടിവച്ചു കൊലപ്പെടുത്തുകയും, മൃതദേഹം ഹരികെ പാലത്തിൽ നിന്നും സത്‌ലജ് നദിയിലേക്ക് ഉപേക്ഷിക്കുകയും ചെയ്തുവെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഈ ഓപ്പറേഷന് നേതൃത്വം കൊടുത്തത് എസ്എസ്പി അജിത് സിംഗ് സന്ധു ആണെന്നും കേന്ദ്ര ഏജൻസി കണ്ടെത്തി. എന്നാൽ, വിചാരണയ്ക്ക് മുൻപ് 1997ൽ സന്ധു ജീവനൊടുക്കി. നടപടിക്രമങ്ങൾ പൂർത്തിയാകും മുൻപ് കുറ്റാരോപിതനായ ഡിസിപി അശോക് കുമാറും മരിച്ചു. ഒടുവിൽ ആറ് പൊലീസുകാരാണ് വിചാരണ നേരിട്ടത്.

2005ൽ പട്യാല കോടതി, ഇവർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചു. ഡിഎസ്പി ജസ്പാൽ സിംഗിനും അമർജിത് സിംഗിനും ജീവപര്യന്തം തടവും സബ് ഇൻസ്പെക്ടർമാരായ സത്നാം സിംഗ്, സുരീന്ദർ പാൽ സിംഗ്, ജസ്ബീർ സിംഗ്, ഹെഡ് കോൺസ്റ്റബിൾ പൃഥ്വിപാൽ സിംഗ് എന്നിവർക്ക് ഏഴ് വർഷം തടവും ആയിരുന്നു ശിക്ഷ. 2007ൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ ഏഴ് വർഷം തടവ് ലഭിച്ചവർക്കും ജീവപര്യന്തം വിധിച്ചു. 2011ൽ സുപ്രീം കോടതി ഈ വിധി ശരിവച്ചു. മാത്രമല്ല, 1984നും 1994നും ഇടയിൽ അമൃത്‌സർ, മജിത, തരൺ തരൺ എന്നിവിടങ്ങളിൽ പൊലീസ് നേതൃത്വത്തിൽ നടന്ന നിയമവിരുദ്ധമായ സംസ്കാരങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് നിർദേശവും നൽകി. തരൺ തരൺ ജില്ലയിൽ മാത്രം 2,097 നിയമവിരുദ്ധ സംസ്കാരങ്ങൾ നടന്നിട്ടുണ്ടെന്നായിരുന്നു സിബിഐയുടെ റിപ്പോർട്ട്; ഈ രേഖകൾ വിശ്വസനീയമാണെന്ന് സുപ്രീം കോടതിയും എൻഎച്ച്ആർസിയും പിന്നീട് അംഗീകരിച്ചു.

ജസ്വന്ത് സിംഗിന്റെ പോരാട്ടങ്ങൾ ഭാര്യ പരംജിത് ഏറ്റെടുത്തു. അവർക്കും മറ്റ് പല മനുഷ്യാവകാശ പ്രവർത്തകർക്കും ശക്തിയായത് കാണാതാകുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് ജസ്വന്ത് സിംഗ് നടത്തിയ ഒരു പ്രസംഗമാണ്. 1995 ഏപ്രിലിൽ കാനഡയിൽ നടത്തിയ പ്രസംഗം. അദ്ദേഹത്തിന്റെ റെക്കോർഡ് ചെയ്യപ്പെട്ട അവസാന പ്രസംഗം. നാൾക്കുനാൾ വളർന്നുവരുന്ന ഇരുട്ട്. ആ ഇരുട്ട് കൊണ്ടുവരുന്ന അടിച്ചമർത്തലുകൾ. അതിനെ വെല്ലുവിളിക്കാൻ ഒരൊറ്റ തിരിവെട്ടം മതിയാകും - ജസ്വന്ത് ലോകത്തോട് പറഞ്ഞു. തന്റെ പ്രസംഗം ഉപസംഹരിച്ചു.

SCROLL FOR NEXT