അരിജിത് സിംഗ് 
ENTERTAINMENT

അരിജിത് സിംഗ് പിന്നണി ഗാനരംഗത്തോട് വിട പറഞ്ഞത് എന്തുകൊണ്ട്? ഇതാണ് കാരണം...

ഇനി പുതിയ പ്ലേബാക്ക് അവസരങ്ങൾ ഏറ്റെടുക്കുന്നില്ല എന്ന് തന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഗായകൻ അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കരിയറിന്റെ ഉച്ചത്തിൽ നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പ്രശസ്ത ഗായകൻ അരിജിത് സിംഗ് താൻ പ്ലേബാക്ക് സിങ്ങിങ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇനി പുതിയ പ്ലേബാക്ക് അവസരങ്ങൾ ഏറ്റെടുക്കുന്നില്ല എന്ന് തന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഗായകൻ അറിയിച്ചത്. ഇന്ത്യൻ സംഗീതലോകത്തേയും ആരാധകരേയും അക്ഷരാർഥത്തിൽ ഞെട്ടിച്ച തീരുമാനമായിരുന്നുവിത്.

"എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും വർഷങ്ങൾ എന്നെ സ്നേഹിച്ച എന്റെ ശ്രോതാക്കൾക്ക് നന്ദി. ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ പാട്ടുകൾ ഒന്നും ഇനി പാടുന്നില്ല. ഞാൻ പിന്മാറുകയാണ്. ഇതൊരു മനോഹരമായ യാത്രയായിരുന്നു," എന്നാണ് അരിജിത് സിംഗ് കുറിച്ചത്. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് സൽമാൻ ഖാൻ ചിത്രം 'ബാറ്റിൽ ഓഫ് ഗാൽവാനി'ലെ ശ്രേയാ ഘോഷാലിനൊപ്പം അരിജിത്ത് ആലപിച്ച 'മാതൃഭൂമി' എന്ന ഗാനം റിലീസ് ആയത്. അതുകൊണ്ടുതന്നെ, സിനിമാ ഗാനരംഗത്ത് നിന്ന് പിന്മാറുന്നു എന്ന ഗായകന്റെ പ്രഖ്യാപനം ആരാധകർക്ക് അപ്രതീക്ഷിതവും നിരാശാജനകവുമായിരുന്നു. എന്തുകൊണ്ട് ഇങ്ങനെയൊരു പ്രഖ്യാപനം എന്നാണ് അരിജിത്തിന്റെ പാട്ടുകളെ സ്നേഹിക്കുന്നവർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നത്.

അരിജിത് സിംഗിന്റെ എക്സ് പോസ്റ്റ്

ഇപ്പോഴിതാ, ഈ ചോദ്യത്തിന് ഉത്തരം എന്ന തരത്തിൽ അരിജിത്തിന്റെ സ്വകാര്യ എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റെന്ന് അവകാശപ്പെടുന്ന ചില സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. തന്റെ ഈ തീരുമാനത്തിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് അരിജിത്ത് പറയുന്നത്. അതിൽ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് മടുപ്പാണ്. താൻ പെട്ടെന്ന് കാര്യങ്ങളിൽ മടുപ്പ് അനുഭവിക്കുന്ന ആളാണെന്നും അതുകൊണ്ടാണ് താൻ പാട്ടുകളുടെ അറേഞ്ച്മെന്റുകൾ മാറ്റി സ്റ്റേജിൽ പെർഫോം ചെയ്യുന്നതെന്നും ഗായകൻ പറയുന്നു. പുതിയ ശബ്ദങ്ങൾ വരുന്നത് കേൾക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും അത് തനിക്ക് വലിയ പ്രചോദനമാണെന്നും അരിജിത്ത് പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നുണ്ട്.

അരിജിത് സിംഗിന്റെ തീരുമാനം മനസിലാക്കാൻ അദ്ദേഹത്തിന്റെ സിനിമാ കരിയറിലേക്ക് ഒന്ന് കണ്ണോടിക്കേണ്ടത് അത്യാവശ്യമാണ്. 2005ലെ 'ഫെയിം ഗുരുകുൽ' എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി എന്ന നിലയ്ക്കാണ് അരിജിത് ശ്രദ്ധിക്കപ്പെടുന്നത്. ഫൈനലിന് തൊട്ടുമുമ്പ് ഷോയിൽ നിന്ന് അരിജിത് പുറത്തായിരുന്നു.

2010ൽ 'കെഡി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരിജിത് സിംഗ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരു വർഷത്തിന് ശേഷം 'മർഡർ 2' എന്ന ചിത്രത്തിലെ 'ഫിർ മൊഹബത്ത്' എന്ന ഗാനത്തിലൂടെ ബോളിവുഡിലും വരവറയിച്ചു. 2013ൽ പുറത്തിറങ്ങിയ 'ആഷിഖി 2' ആണ് അരിജിത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായത്.

ഇതുവരെ, സിനിമകളിലും അല്ലാതെയുമായി 800ൽ അധികം പാട്ടുകൾക്ക് അദ്ദേഹം ശബ്ദം നൽകിക്കഴിഞ്ഞു. അതായത് ശരാശരി വർഷത്തിൽ 53 പാട്ടുകൾ വീതം! സാനിയ മൽഹോത്ര അഭിനയിച്ച 'പാഗ്‌ലൈറ്റ്' പോലുള്ള സിനിമകൾക്ക് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഇതിനുപുറമെ, രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി ലൈവ് ഷോകളും ടൂറുകളും തുടർച്ചയായി നടത്തിവരികയും ചെയ്യുന്നു. കഴിഞ്ഞ 15 വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ, സംഗീതപ്രേമികൾ അരിജിത് സിംഗിന്റെ ശബ്ദം കേൾക്കാത്ത ഒരു വർഷം പോലും ഉണ്ടായിട്ടുണ്ടാകില്ല. അർജിത് സിംഗിന്റെ സവിശേഷമായ ശൈലിയാണ് ആ ശബ്ദത്തെ ജനമനസുകളിൽ ആഴത്തിൽ പതിപ്പിച്ചത്.

ഇനി പിന്നണി ഗാനരംഗത്തേക്ക് ഇല്ലെന്ന് അരിജിത് പറയുമ്പോൾ അത് ആരാധകർക്ക് വലിയ ആഘാതമാണ്. എന്നാൽ, ഇത് അവസാനമല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അരിജിത്തിന്റെ ജീവിതത്തിലെ പുതിയ ഒരു അധ്യായം തുറക്കുകയാണെന്നും അത് സ്വതന്ത്ര സംഗീത മേഖലയ്ക്ക് ഗുണകരമാകുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

SCROLL FOR NEXT