കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ഹിറ്റായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലെ മമിത ബൈജു - നസ്ലൻ കോംബോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവർക്കും കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നുവിത്. സിനിമയുടെ വിജയാഘോഷ വേദിയിൽ വച്ച് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് 'പ്രേമലു 2' ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചതായി നിർമാതാക്കൾ തന്നെ വ്യക്തമാക്കി. അന്നുമുതൽ സിനിമ എന്തുകൊണ്ട് ഉപേക്ഷിച്ചു എന്ന ചർച്ചയിലാണ് ആരാധകർ. ഇതിനെപ്പറ്റി ഗിരീഷ് എ.ഡി പലകുറി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, 'പ്രേമലു 2' വേണ്ടെന്നു വച്ചത് തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നുവെന്ന് തുറഞ്ഞുപറഞ്ഞിരിക്കുകയാണ് സംവിധായകൻ. 'ബെത്ലഹേം കുടുംബ യൂണിറ്റി'ന്റെ വിജയാഘോഷ വേദിയിൽ സംസാരിക്കുകയായിരുന്നു ഗിരീഷ് എ.ഡി.
"ഒരു വർഷം കഴിഞ്ഞിട്ടാണ് ഈ പടം നടന്നത്. അത്രയും നാൾ ഞങ്ങൾ 'പ്രേമലു 2'ന്റെ ജോലികളിലായിരുന്നു. അത് അപ്രതീക്ഷിതമായി ഉപേക്ഷിക്കേണ്ടി വന്നു. ഒരു വർഷം പോയി എന്നത് ഞങ്ങൾക്ക് വലിയ പ്രശ്നമായിരുന്നു. അത് കളയേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. അപ്പോഴാണ് ഈ ചിത്രത്തിലേക്ക് വന്നത്. അതിന് മുൻപേ ഈ സിനിമ ആലോചിച്ചിരുന്നു. പക്ഷേ, 'പ്രേമലു' വലിയ ഹിറ്റായതോടെ 'പ്രേമലു 2' എന്ന ഐഡിയ വന്ന് അതിന് പിന്നാലെ പോയതാണ്.
ആ സമയത്ത് കുറച്ച് പാടായിരുന്നു. ആ സമയത്ത് എന്റെ കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും കൂടെ എഴുതുന്ന കിരൺ ജോസിയും ഡയറക്ഷൻ ടീമുമാണ്. അവരെല്ലാം നല്ല പിന്തുണ തന്നതുകൊണ്ടാണ് വളരെ പെട്ടെന്ന് ‘ബെത്ലഹേമി’ന്റെ തിരക്കഥ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞത്.
‘പ്രേമലു 2’ സംഭവിച്ചിരുന്നെങ്കിൽ കഴിഞ്ഞ വിഷുവിനാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. അതിൽ നിന്നും മൂന്നാല് മാസം കഴിഞ്ഞാണ് ‘ബെത്ലഹേം’ റിലീസ് ചെയ്യുന്നത്. അത്ര സമയമൊന്നും നഷ്ടമായിട്ടില്ല, കാരണം അത്രയും വേഗത്തിൽ ഈ സിനിമയുടെ വർക്ക് ചെയ്തതുകൊണ്ടാണ്. അപ്പോഴും ഞങ്ങൾ വിചാരിച്ചില്ല, ഇത് ഇത്ര വലിയ വിജയമാകുമെന്നോ ഇൻഡസ്ട്രി ഹിറ്റ് ആകുമെന്നോ. ഇത് വ്യക്തിപരമായ വിജയമായി കാണുന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി," ഗിരീഷ് പറഞ്ഞു.
ഗിരീഷിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംവിധായകനെ പിന്തുണച്ചും വിമർശിച്ചും നിരവധി പോസ്റ്റുകൾ കാണാം. 'ബെത്ലഹേം' വിജയാഘോഷ വേദിയിൽ, നടക്കാതെപോയ ഒരു ചിത്രത്തെപ്പറ്റി സംസാരിക്കേണ്ടിയിരുന്നില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഒരു വർഷം നഷ്ടമായി എന്ന് ഒരു സംവിധായകൻ പറയുന്നതിൽ എന്താണ് പ്രശ്നം എന്ന് പറയുന്നവരുമുണ്ട്. നസ്ലനും അണിയറപ്രവർത്തകരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ കാരണമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത്തരം ഊഹാപോഹങ്ങളുമായി ചേർത്തുവച്ച് പ്രതികരിക്കുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്ന് രചിച്ച 'പ്രേമലു' 2024ലാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രം കേരളത്തിലും പുറത്തും വൻ വിജയമായിരുന്നു. 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡും ചിത്രം സ്വന്തമാക്കിയിരുന്നു.