കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ബോളിവുഡ് ചിത്രം 'ധുരന്ധറി'ന്റെ രണ്ടാം ഭാഗമാണ് 'ധുരന്ധർ: ദ റിവഞ്ച്'. മാർച്ച് 19ന് റിലീസ് ആകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
'ധുരന്ധർ 2'വിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങുമെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഹോളിക്ക് തലേദിവസം, ട്രെയ്‌ലർ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരുൺ ആദർശ് ഇത് നിഷേധിച്ചു. ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യില്ലെന്നാണ് തരുൺ പറയുന്നത്.
'ധുരന്ധർ: ദ റിവഞ്ച്' ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യുമെന്ന വാർത്ത തെറ്റാണെന്ന് തരുൺ ആദർശ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിർമാതാക്കൾ ഇത്തരത്തിൽ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോ സ്റ്റുഡിയോസുമായി സംസാരിച്ചതായും ട്രെയ്‌ലർ പുറത്തുവിടാൻ തയ്യാറാകുമ്പോൾ അവർ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിത്യ ധർ തന്നെയാണ് ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. രൺവീർ സിംഗ് നായകനാകുന്ന ചിത്രത്തിൽ ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി, രണ്ടാം ഭാഗം ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലും റിലീസ് ചെയ്യും.
ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പാക് അധോലോകത്തിൽ നുഴഞ്ഞു കയറുന്ന ഹംസ അലി മസാരി (ജസ്കിരത് സിംഗ് രാംഗി) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രൺവീർ സിംഗ് അവതരിപ്പിക്കുന്നത്. വികാസ് നൗലഖ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റർ - ശിവകുമാർ വി. പണിക്കർ, സംഗീതവും പശ്ചാത്തല സംഗീതവും - ശാശ്വത് സച്ച്ദേവ്.