വിജയ് ചിത്രം 'ജന നായകൻ' Source: X
ENTERTAINMENT

വിജയ്‌യുടെ 52ാം ജന്മദിനം; 'ജന നായകൻ' റിലീസ് തീയതി ഇന്ന് പ്രഖ്യാപിക്കും?

തമിഴകത്തിന്റെ 'തലവൻ' സി. ജോസഫ് വിജയ്‌ക്ക് ഇന്ന് 52ാം ജന്മദിനമാണ്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ് സിനിമാലോകവും വിജയ് ആരാധകരും ഏറെ ആകംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജന നായകൻ'. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം. നേരത്തെ, ജനുവരി ഒൻപതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നീണ്ടുപോവുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ്, വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സർക്കാർ തമിഴ്‌നാടിന്റെ ഭരണസാരഥ്യം ഏറ്റെടുത്തിട്ടും സിനിമയുടെ റിലീസിൽ വ്യക്തത വരാത്തതിൽ ആരാധകർ നിരാശയിലാണ്. വിജയ്‌യുടെ ജന്മദിനം പ്രമാണിച്ച് സിനിമയുടെ റിലീസ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ.

വെള്ളിത്തിരയിൽ പ്രണയനായകനായി തുടങ്ങി തമിഴകത്തിന്റെ തലവനായി മാറിയ സി. ജോസഫ് വിജയ്‌ക്ക് ഇന്ന് 52ാം ജന്മദിനമാണ്. 2024 ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. 'ജന നായകന്' ശേഷം അഭിനയിക്കില്ലെന്നും പൂർണമായും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം അന്ന് പ്രഖ്യാപിച്ചു. തിരയുലകത്തിലെ നായകനെ തമിഴകം ജന നായകനായി വാഴിക്കുന്നതിനാണ് പിന്നീട് ഏവരും സാക്ഷിയായത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടി വിജയ് അധികാരത്തിലെത്തി. എങ്ങും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കായി വിസിൽ മുഴങ്ങി. അപ്പോഴും, അദ്ദേഹത്തിന്റെ അവസാന ചിത്രം തിയേറ്ററുകളിലെത്താൻ സെൻസർ സർട്ടിഫിക്കറ്റ് കാത്തുകിടക്കുകയാണ്. തിയേറ്ററുകളിൽ വിജയ്‌യുടെ മാസ് എൻട്രിക്ക് ആർപ്പുവിളിക്കാനായി ആരാധകരും.

വിജയ്‌യുടെ ജന്മദിന വാരത്തിൽ തന്നെ സിനിമ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആരാധകർക്ക് ഇരട്ടി മധുരം നൽകുന്ന ഒരു ജന്മദിന സമ്മാനമായി ഈ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് 'ജന നായക'ന്റെ നിർമാണം. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായുള്ള അവസാനഘട്ട ശ്രമങ്ങളിലാണ് തങ്ങളെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. സെൻസർ അനുമതി ലഭിച്ചാലുടൻ തന്നെ ആഗോളതലത്തിലുള്ള റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. സെൻസർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ജൂൺ അവസാന വാരത്തിലോ അല്ലെങ്കിൽ ജൂലൈ ആദ്യവാരത്തിലോ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിലവിലെ നീക്കങ്ങൾ.

ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാമണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

SCROLL FOR NEXT