FEATURED

ചന്ദ്രനിലെ ആദ്യ കാൽവെപ്പ് 55 വ‍‍ർഷം പിന്നിടുമ്പോൾ...

1969 ജൂലെെ 20നാണ് നാസയുടെ ചാന്ദ്ര പര്യവേക്ഷണത്തിന്റെ ഭാഗമായി നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയത്

Author : ന്യൂസ് ഡെസ്ക്

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ട് ഇന്ന് 55 വ‍‍ർഷം. 1969 ജൂലെെ 20നാണ് നാസയുടെ ചാന്ദ്ര പര്യവേഷണത്തിന്റെ ഭാ​ഗമായി നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയത്. മൈക്കൽ കോളിൻസ്, ബസ് ആൽഡ്രിൻ എന്നിവരുമായിട്ടാണ് നാസയുടെ അപ്പോളോ ദൗത്യം പൂർത്തിയാക്കിയത്.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് ശേഷം 1950കളുടെ അവസാനത്തിലും, 1960കളുടെ തുടക്കത്തിലുമാണ് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ശീതയുദ്ധം ആരംഭിക്കുന്നത്. 1957 ഒക്ടോബർ 4ന് സോവിയറ്റ് യൂണിയൻ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് ഒന്ന് വിക്ഷേപിച്ചു. ഇതോടെ, സോവിയറ്റ് യൂണിയന് ഭുഖണ്ഡാന്തര ദൂരങ്ങളിൽ ആണവായുധങ്ങൾ എത്തിക്കാനുള്ള കഴിവുണ്ടെന്ന് ലോക രാഷ്ട്രങ്ങൾ ഭയന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ എന്ന നാസയ്ക്ക് രൂപം നൽകിയത്.

ഇതിന്റെ ഭാ​ഗമായി മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള പ്രൊജക്ട് മെ‍ർക്കുറിക്കും തുടക്കമിട്ടു. എന്നാൽ 1961 ഏപ്രിൽ 12ന് സോവിയറ്റ് ബഹിരാകാശയാത്രികനായ യൂറി ഗഗാറിൻ ബഹിരാകാശത്തെത്തി. പിന്നീട് ഒരു മാസത്തിനുള്ളിൽ അമേരിക്കയുടെ അലൻ ഷെപ്പേർഡും ബഹിരാകാശത്തെത്തി. ഇതിന് ശേഷം അമേരിക്കൻ പ്രസിഡൻ്റ് ജോൺ എഫ്. കെന്നഡി 'ഈ ദശകം അവസാനിക്കുന്നതിനുമുമ്പ്, ഒരു മനുഷ്യനെ ചന്ദ്രനില്‍ ഇറക്കി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചയക്കുക.' എന്ന അമേരിക്കയുടെ ലക്ഷ്യം പ്രഖ്യാപിക്കുന്നു.  

അങ്ങനെ നീണ്ട പരിശ്രമത്തിന് ശേഷം മൂന്ന് ബഹിരാകാശ യാത്രികരുമായി 1969 ജൂലെെ 16നാണ് ബഹിരാകാശ വാഹനമായ അപ്പോളോ 11 യാത്ര തിരിക്കുന്നത്. നാല് ദിവസത്തിന് ശേഷം ജൂലെെ 20ന് നീൽ ആംസ്ട്രോങ്, മൈക്കൽ കോളിൻസ്, ബസ് ആൽഡ്രിൻ എന്നിവരെ വഹിച്ച് അപ്പോളോ ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തി.

മെെക്കിൽ കോളിൻസ് അപ്പോളോ 11ൻ്റെ കമാൻഡ് മൊഡ്യൂളായ കൊളംബിയയിൽ ചന്ദ്രന് ചുറ്റും ഭ്രമണപഥത്തിൽ തുടർന്നപ്പോൾ, ആംസ്ട്രോങ്ങും ആൽഡ്രിനും അപ്പോളോ 11ൻ്റെ ചാന്ദ്ര മൊഡ്യൂളായ ഈഗിളിൽ കയറി ചന്ദ്രൻ്റെ ഉപരിതലത്തിലേക്ക് ഇറങ്ങി. സീ ഓഫ് ട്രാൻക്വിലിറ്റി എന്ന് പേരിട്ടിരിക്കുന്ന ചന്ദ്രനിലെ ആഴം കുറഞ്ഞ ഗർത്തത്തിൽ ഈഗിൾ സാഹസികമായ ലാൻഡിംഗ് നടത്തി. പിന്നീട് ആറര മണിക്കൂർ കഴിഞ്ഞ് മിഷൻ കമാൻ‍‍ഡറായിരുന്ന അംസ്ട്രോങ് ഈ​ഗിളിനുള്ളിലെ ജോഡി മൊഡ്യൂളിൽ നിന്നും പുറത്തിറങ്ങി. അങ്ങനെ ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തി. ഇരുപത് മിനിറ്റിന് ശേഷം ആൽഡ്രിനും പുറത്തിറങ്ങി. “എല്ലാ മനുഷ്യവർഗത്തിനും വേണ്ടി സമാധാനത്തിലാണ് തങ്ങൾ വന്നത്” എന്ന് എഴുതിയ ഒരു ഫലകം വായിച്ചശേഷം ഇരുവരും അമേരിക്കയുടെ പതാക ഉപരിതലത്തിൽ നാട്ടി. അത് ശാസ്ത്രവളർച്ചയുടെ പതാക കൂടിയായിരുന്നു...

SCROLL FOR NEXT