FEATURED

ജെൻസികൾ ശരിക്കും ഒറ്റയ്ക്കാണ് !

ഇത്രയേറെ മനുഷ്യരുമായി ബന്ധപ്പെടാൻ കഴിയുന്ന ഈ കാലത്ത് ജെൻ-സീ തലമുറ അനുഭവിക്കുന്നത് കടുത്ത ഏകാന്തതയാണെങ്കിലോ?

Author : ലിൻ്റു ഗീത

കുറച്ച് കാലം മുൻപ് വരെ ഒരാളുടെ വിശേഷങ്ങൾ അറിയണമെങ്കിൽ ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി. ലോകത്തിന്റെ ഏത് കോണിലുള്ള മനുഷ്യനുമായും നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടാം. സുഹൃത്തുക്കളുടെ വിശേഷങ്ങൾ അറിയാം. അവരുടെ സന്തോഷങ്ങളും യാത്രകളും ആഘോഷങ്ങളുമെല്ലാം വിരൽത്തുമ്പിലെത്തും. ആയിരക്കണക്കിന് സുഹൃത്തുക്കൾ, നൂറുകണക്കിന് സന്ദേശങ്ങൾ, ഓരോ ദിവസവും പുതിയ പരിചയങ്ങൾ. സത്യത്തിൽ ബന്ധങ്ങളുടെ എണ്ണത്തിൽ ഇന്നത്തെ തലമുറയെ വെല്ലാൻ മറ്റാരുമില്ലെന്ന് തന്നെ പറയാം.

പക്ഷേ, ഇത്രയേറെ മനുഷ്യരുമായി ബന്ധപ്പെടാൻ കഴിയുന്ന ഈ കാലത്ത് ജെൻ-സീ തലമുറ അനുഭവിക്കുന്നത് കടുത്ത ഏകാന്തതയാണെങ്കിലോ? ലോകവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളവരെന്ന് കരുതപ്പെടുന്ന അവർ യഥാർഥത്തിൽ കൂടുതൽ ഒറ്റപ്പെട്ടുപോകുകയാണോ? ആണെന്നുള്ള ആശങ്കപ്പെടുത്തുന്ന ചില കണ്ടെത്തലുകളാണ് അടുത്തിടെ പുറത്തുവന്ന ഒരു ആഗോള പഠനം മുന്നോട്ടുവയ്ക്കുന്നത്. എല്ലാവരോടും കണക്ടഡായിരിക്കുമ്പോഴും ഡിജിറ്റൽ കണക്റ്റിവിറ്റി മികച്ച രീതിയിലുള്ള മാനസിക ക്ഷേമത്തിലേക്ക് നയിക്കുന്നില്ലെന്നാണ് പുതിയ കണ്ടെത്തലുകൾ. ഇത് കൂടുതൽ ഏകാന്തത, ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിച്ചേക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്തുകൊണ്ടാകുമിത്?

വാഷിങ്ടൺ ആസ്ഥാനമായുള്ള ആഗോള അനലിറ്റിക്സ് സ്ഥാപനമായ ​ഗാലപ്പ്, ബോസ്റ്റൺ ചിൽ​ഡ്രൻസ് ഡിജിറ്റൽ വെൽനെസ് ലാബുമായി സഹകരിച്ചാണ് ഈ പഠനം നടത്തിയത്. 2026 മെയ് 28 മുതൽ ഓഗസ്റ്റ് 21 വരെ നടത്തിയ സർവേയിൽ 16 രാജ്യങ്ങളിൽ നിന്നായി 15 മുതൽ 22 വയസ്സുവരെയുള്ള 16,000-ത്തോളം യുവാക്കളെയാണ് ഇതിൽ ഉൾപ്പെടുത്തിയത്. യുവാക്കളുടെ ഡിജിറ്റൽ ജീവിതവും മാനസിക ക്ഷേമവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്ന് ഷോർട്ട് വീഡിയോകളുടെ അമിതമായ ഉപയോഗമാണ്.

പഠനത്തിൽ പങ്കെടുത്ത യുവാക്കളിൽ 72 ശതമാനം പേരും പതിവായി ഹ്രസ്വ വീഡിയോകൾ സ്ക്രോൾ ചെയ്യുന്നവരാണ്. പഠനത്തിൽ പരിശോധിച്ച ഓൺലൈൻ പ്രവർത്തനങ്ങളിൽ ഏറ്റവും സാധാരണമായിരുന്നതും ഇതുതന്നെ. ഇൻസ്റ്റഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്സ് തുടങ്ങിയ ഹ്രസ്വ വീഡിയോകൾ ഇന്ന് യുവാക്കളുടെ ഡിജിറ്റൽ ജീവിതത്തിലെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ ഇത്തരം വീഡിയോകൾ പതിവായി കാണുന്നവരിൽ ജീവിതത്തോടുള്ള സംതൃപ്തി താരതമ്യേന കുറവാണെന്നാണ് ഗാലപ്പിന്റെ പഠനം കണ്ടെത്തിയത്. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്. ദൈർഘ്യമേറിയ വീഡിയോകൾ കാണുന്നതും മാനസിക ക്ഷേമവും തമ്മിൽ സമാനമായ ബന്ധം പഠനത്തിൽ കണ്ടെത്താനായില്ല. അതായത്, ഓൺലൈനിൽ സമയം ചെലവഴിക്കുന്നു എന്നതുകൊണ്ടുമാത്രമല്ല പ്രശ്നം. നമ്മൾ ഏതുതരം ഉള്ളടക്കങ്ങളിലാണ് കൂടുതൽ സമയം ചെലവഴിക്കുന്നത് എന്നതും പ്രധാനമാണെന്നാണ് പഠനത്തിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

ഇന്ന് പലരുടെയും ജീവിതത്തിൽ ഫോണിന് ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണുള്ളത്. രാവിലെ ഉറക്കമുണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നതുവരെ ഫോൺ കൈവിടാത്തവരുണ്ട്. ഓരോ അറിയിപ്പും പരിശോധിക്കണം, സന്ദേശങ്ങൾക്ക് മറുപടി നൽകണം. ഫോൺ കൈവശമില്ലാത്തപ്പോൾ എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നുന്നവരുമുണ്ട്. യുവാക്കളുടെ ഇത്തരം ഡിജിറ്റൽ ആശ്രിതത്വവും അവരുടെ മാനസികാവസ്ഥയും തമ്മിലുള്ള ബന്ധമാണ് ഗാലപ്പ് പഠനം പരിശോധിച്ചത്.

ഇതിനായി ഡിജിറ്റൽ അറ്റാച്ച്മെന്റ് ഇൻഡെക്സ് എന്ന സൂചികയാണ് പഠനം തയ്യാറാക്കിയത്. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഇതിൽ പരിഗണിച്ചത്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമൂഹ മാധ്യമത്തിലെ സമയം, ഉറങ്ങാൻ കിടന്നശേഷമുള്ള ഓൺലൈൻ ഉപയോഗം, ഫോൺ കൈയിലില്ലാത്തപ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥത എന്നിവയാണവ. ഈ സൂചികയുടെ അടിസ്ഥാനത്തിൽ യുവാക്കളെ വിവിധ വിഭാഗങ്ങളായി തിരിച്ച് പരിശോധിച്ചപ്പോൾ കണ്ടെത്തിയ കണക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു.

ഡിജിറ്റൽ ആശ്രിതത്വം കുറഞ്ഞവരിൽ 20 ശതമാനം പേർക്കാണ് ഉയർന്ന ഏകാന്തത അനുഭവപ്പെട്ടത്. ആശ്രിതത്വം മിതമായവരിൽ ഇത് 30 ശതമാനമായി ഉയർന്നു. ഉയർന്ന ആശ്രിതത്വമുള്ളവരിൽ 40 ശതമാനവും വളരെ ഉയർന്ന ആശ്രിതത്വമുള്ളവരിൽ 42 ശതമാനവും ഉയർന്ന ഏകാന്തതയും അനുഭപ്പെടുന്നതായാണ് റിപ്പോർട്ട് ചെയ്തത്. അതായത്, ഡിജിറ്റൽ ആശ്രിതത്വം കൂടുതലുള്ള യുവാക്കളിൽ ഏകാന്തത അനുഭവപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഏകാന്തത മാത്രമല്ല, ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങളും ഡിജിറ്റൽ ആശ്രിതത്വവുമായി ബന്ധപ്പെട്ട് പഠനം പരിശോധിക്കുന്നുണ്ട്. ഡിജിറ്റൽ ആശ്രിതത്വം കുറഞ്ഞവരിൽ 23 ശതമാനം ആളുകളിലാണ് ഉത്കണ്ഠയുടെയോ വിഷാദത്തിന്റെയോ മിതമായത് മുതൽ ഗുരുതരമായത് വരെയുള്ള ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആശ്രിതത്വം മിതമായവരിൽ ഇത് 35 ശതമാനമായി ഉയർന്നു. ഉയർന്ന ആശ്രിതത്വമുള്ളവരിൽ 46 ശതമാനവും വളരെ ഉയർന്ന ആശ്രിതത്വമുള്ളവരിൽ 51 ശതമാനവും ഇത്തരം ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു.

അതായത്, ഡിജിറ്റൽ ആശ്രിതത്വം വളരെ ഉയർന്ന വിഭാഗത്തിലുള്ള യുവാക്കളിൽ പകുതിയിലേറെപ്പേരും ഉത്കണ്ഠയുടെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങൾ അനുഭവിക്കുന്നതായി പഠനം കണ്ടെത്തി. എന്നാൽ ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങളുടെ ഉപയോഗമാണ് ഉത്കണ്ഠയ്ക്കും വിഷാദത്തിനും നേരിട്ട് കാരണമാകുന്നതെന്ന് ഈ പഠനം തെളിയിക്കുന്നില്ല. മറിച്ച്, ഡിജിറ്റൽ ആശ്രിതത്വവും ഇത്തരം മാനസിക ബുദ്ധിമുട്ടുകളും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.ഒരു തലമുറയുടെ മാനസികാരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവരുടെ ഡിജിറ്റൽ ജീവിതത്തെയും അതിന്റെ സ്വാധീനത്തെയും അവഗണിക്കാനാവില്ലെന്ന മുന്നറിയിപ്പുകൂടിയാണ് ഈ കണ്ടെത്തലുകൾ നൽകുന്നത്.

ഇനി പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തലിലേക്ക് വരാം. ഇന്ന് സോഷ്യൽ മീഡിയയിൽ നൂറുകണക്കിന് സുഹൃത്തുക്കളുണ്ടാകാം. ദിവസവും നിരവധി പേരുമായി സംസാരിക്കാം. എന്നാൽ യഥാർഥ ജീവിതത്തിൽ ഒപ്പം നടക്കാനും മനസ്സ് തുറന്ന് സംസാരിക്കാനും എത്ര പേരുണ്ട്? ഈ ചോദ്യത്തിന് പ്രസക്തി നൽകുന്നതാണ് പഠനത്തിലെ ചില കണ്ടെത്തലുകൾ. പഠനത്തിൽ പങ്കെടുത്ത യുവാക്കളിൽ 93 ശതമാനം പേർക്കും നേരിട്ട് ഇടപഴകുന്ന ഒരു അടുത്ത സുഹൃത്തുണ്ടായിരുന്നു. എന്നാൽ ഓൺലൈനിലൂടെ മാത്രം പരിചയമുള്ള ഒരു അടുത്ത സുഹൃത്തുണ്ടെന്ന് പറഞ്ഞത് 37 ശതമാനം പേർ മാത്രമാണ്. സൗഹൃദങ്ങളുടെ ഗുണനിലവാരം പരിശോധിച്ചപ്പോഴും വ്യത്യാസം പ്രകടമായിരുന്നു. നേരിട്ടുള്ള സൗഹൃദങ്ങളെ ഉയർന്ന നിലവാരമുള്ളതായി വിലയിരുത്തിയത് 41 ശതമാനം പേരാണ്. എന്നാൽ ഓൺലൈനിലൂടെ മാത്രം നിലനിൽക്കുന്ന സൗഹൃദങ്ങളുടെ കാര്യത്തിൽ ഇത് 26 ശതമാനമായിരുന്നു. നേരിട്ട് കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്ന സൗഹൃദങ്ങൾ യുവാക്കളുടെ ജീവിതസംതൃപ്തിയുമായി കൂടുതൽ അടുത്ത ബന്ധം പുലർത്തുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു. ഇതിനർഥം ഓൺലൈൻ സൗഹൃദങ്ങൾക്ക് മൂല്യമില്ലെന്നല്ല. ദൂരെയുള്ളവരെ അടുപ്പിക്കാനും ഒരേ താൽപര്യങ്ങളുള്ളവരെ പരിചയപ്പെടാനും സമൂഹ മാധ്യമങ്ങൾ വലിയ സഹായമാണ്. എന്നാൽ ഒരു ലൈക്കിനും കമന്റിനും ഹൃദയം തുറന്നുള്ള ഒരു സംഭാഷണത്തിന് പകരമാകാൻ കഴിയില്ല. സന്തോഷം വരുമ്പോൾ ഒപ്പം ചിരിക്കാനും സങ്കടം വരുമ്പോൾ ചേർത്തുപിടിക്കാനും കഴിയുന്ന ബന്ധങ്ങൾക്ക് മറ്റൊരു മൂല്യമുണ്ട്. അത്തരം ബന്ധങ്ങളാണ് പലപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ കരുത്താകുന്നത്.

അപ്പോൾ സോഷ്യൽ മീഡിയയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണോ? അങ്ങനെയൊരു നിഗമനത്തിലെത്താൻ കഴിയില്ല. സമൂഹ മാധ്യമങ്ങൾ യുവാക്കളുടെ ജീവിതത്തിൽ നിരവധി നല്ല മാറ്റങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് 2025 ഏപ്രിലിൽ അമേരിക്കൻ കൗമാരക്കാർക്കിടയിൽ നടത്തിയ മറ്റൊരു സർവേയിലെ കണ്ടെത്തലുകൾ. സർവേയിൽ പങ്കെടുത്തവരിൽ 74 ശതമാനം പേരും സോഷ്യൽ മീഡിയ തങ്ങളെ സുഹൃത്തുക്കളുമായി കൂടുതൽ അടുപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. 30 ശതമാനം പേർ സോഷ്യൽ മീഡിയ തങ്ങളുടെ സൗഹൃദങ്ങൾ മെച്ചപ്പെടുത്തിയെന്ന് പറഞ്ഞപ്പോൾ, ഏഴ് ശതമാനം പേർ മാത്രമാണ് അത് സൗഹൃദങ്ങളെ മോശമായി ബാധിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ അതേസമയം, സോഷ്യൽ മീഡിയയിൽ അമിതമായി സമയം ചെലവഴിക്കുന്നുണ്ടെന്ന് സമ്മതിച്ചവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രശ്നം സാങ്കേതികവിദ്യയല്ല. അതിനോടുള്ള നമ്മുടെ സമീപനമാണ്. നമ്മുടെ സമയം മുഴുവൻ സ്ക്രീനിന് വിട്ടുകൊടുക്കുമ്പോൾ ജീവിതത്തിലെ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങൾ പിന്നിലാകുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.

ഈ സാഹചര്യത്തിൽ എന്താണ് പരിഹാരം? ഫോൺ ഉപേക്ഷിക്കണമെന്നോ സാമൂഹിക മാധ്യമങ്ങളിൽനിന്ന് പൂർണമായി അകന്നുനിൽക്കണമെന്നോ അല്ല. മറിച്ച്, ഡിജിറ്റൽ ലോകത്തിന് നമ്മുടെ ജീവിതത്തിൽ എത്രത്തോളം ഇടം നൽകണം എന്ന കാര്യത്തിൽ വ്യക്തമായ ബോധ്യമുണ്ടാകുകയാണ് വേണ്ടത്. സുഹൃത്തുക്കളെ നേരിൽ കാണാൻ സമയം കണ്ടെത്താം. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാം. ഫോൺ മാറ്റിവെച്ച് പരസ്പരം സംസാരിക്കാം. വായനയ്ക്കും കായിക വിനോദങ്ങൾക്കും കൂട്ടായ പ്രവർത്തനങ്ങൾക്കുമെല്ലാം ജീവിതത്തിൽ ഇടം നൽകാം.

യുവാക്കളുടെ ജീവിതസംതൃപ്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഡിജിറ്റൽ ഉപയോഗത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിലെ സുരക്ഷിതമായ അന്തരീക്ഷം, മാതാപിതാക്കളുമായുള്ള ബന്ധത്തിന്റെ ഗുണനിലവാരം, വിശ്വസിച്ച് കാര്യങ്ങൾ പങ്കുവെക്കാൻ കഴിയുന്ന മുതിർന്നവരുടെ സാന്നിധ്യം എന്നിവയ്ക്കും ഇതിൽ പ്രധാന പങ്കുണ്ട്. അതുകൊണ്ട് യുവാക്കളുടെ ഫോൺ ഉപയോഗത്തെക്കുറിച്ച് മാത്രം ആശങ്കപ്പെട്ടതുകൊണ്ട് കാര്യമില്ല. അവർ വളരുന്ന കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും കൂടി പരിഗണിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയെ ജീവിതത്തിൽനിന്ന് ഒഴിവാക്കുകയല്ല വേണ്ടത്. മറിച്ച്, സാങ്കേതികവിദ്യയ്ക്കൊപ്പം യഥാർഥ ജീവിതത്തിലെ ബന്ധങ്ങൾക്കും അനുഭവങ്ങൾക്കും അർഹമായ പ്രാധാന്യം നൽകുകയാണ് വേണ്ടത്.

ലോകത്തെ മുഴുവൻ നമ്മുടെ വിരൽത്തുമ്പിലെത്തിക്കാൻ ഇന്ന് സാങ്കേതികവിദ്യയ്ക്ക് കഴിയും. ആയിരക്കണക്കിന് ആളുകളുമായി ബന്ധപ്പെടാം. ലോകത്തിന്റെ ഏത് കോണിലിരുന്നും സുഹൃത്തുക്കളുടെ വിശേഷങ്ങൾ അറിയാം. പക്ഷേ, മനസ്സ് തകരുമ്പോൾ ചേർത്തുപിടിക്കാൻ ഒരു കൈ വേണം. സന്തോഷം പങ്കുവെക്കാൻ ഒരു മുഖം വേണം. ഒന്നും പറയാതെ അരികിലിരിക്കാനും ഒരാൾ വേണം. അത്തരം ബന്ധങ്ങൾ അറിയിപ്പുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ മാത്രം രൂപപ്പെടുന്നതല്ല. പരസ്പരം സമയം നൽകിയും മനസ്സിലാക്കിയും വിശ്വാസം വളർത്തിയുമാണ് അവ കരുത്താർജിക്കുന്നത്. നമ്മൾ എത്ര പേരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിലല്ല കാര്യം. നമ്മളെ ആത്മാർഥമായി മനസ്സിലാക്കുന്ന എത്ര പേരുണ്ട് എന്നതിലാണ്. ലോകം മുഴുവൻ നമ്മുടെ ഫോണിനുള്ളിലുണ്ടാകാം. പക്ഷേ നമ്മുടെ ജീവിതം ആ ചെറിയ സ്ക്രീനിനുള്ളിൽ ഒതുങ്ങിപ്പോകരുത്. കാരണം, ജീവിതത്തിൽ ഏറ്റവും പ്രധാനം നമുക്ക് എത്ര ബന്ധങ്ങളുണ്ട് എന്നതല്ല. ആ ബന്ധങ്ങളിൽ നമ്മളെ യഥാർഥത്തിൽ മനസ്സിലാക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്ന എത്ര പേരുണ്ട് എന്നതാണ്.

ലോകത്തെ കൂടുതൽ അടുത്തറിയാനും മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കാനും സാങ്കേതികവിദ്യ വലിയ സാധ്യതകളാണ് തുറന്നുതന്നിരിക്കുന്നത്. ദൂരങ്ങൾ കുറയ്ക്കാനും അറിവുകൾ പങ്കുവെക്കാനും സൗഹൃദങ്ങൾ നിലനിർത്താനും ഇന്ന് ഡിജിറ്റൽ ലോകത്തിന് കഴിയുന്നു. നമ്മുടെ ജീവിതം കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്കും ചെറുതല്ല. എന്നാൽ ഈ സൗകര്യങ്ങൾക്കൊപ്പം തന്നെ, പരസ്പരം നേരിൽ കാണാനും സംസാരിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കാനുമുള്ള അവസരങ്ങളും നമ്മൾ നിലനിർത്തേണ്ടതുണ്ട്. കാരണം, മനുഷ്യബന്ധങ്ങളുടെ ആഴം അളക്കുന്നത് സന്ദേശങ്ങളുടെ എണ്ണത്തിലോ സൗഹൃദങ്ങളുടെ പട്ടികയിലോ അല്ല. പരസ്പരം മനസ്സിലാക്കാനും പിന്തുണയ്ക്കാനും കഴിയുന്നുണ്ടോ എന്നതിലാണ്. ഡിജിറ്റൽ ലോകവും യഥാർഥ ജീവിതവും പരസ്പരം കൈകോർത്തുപോകുമ്പോഴാണ് ജീവിതം കൂടുതൽ മനോഹരമാകുന്നത്. ലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും നമ്മുടെ കൈകളിലുണ്ട്. ആ ബന്ധങ്ങൾക്കിടയിൽ ജീവിതത്തിലെ മനുഷ്യരെയും ചേർത്തുനിർത്താൻ നമുക്ക് കഴിയണം.

SCROLL FOR NEXT