അപകടസമയത്ത് നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി കാറുകളിൽ ഘടിപ്പിച്ചിരിക്കുന്ന സുരക്ഷാ കവചമാണ് എയർബാഗുകൾ.എന്നാൽ, ജീവൻ രക്ഷിക്കേണ്ട അതേ എയർബാഗ് തന്നെ ഒരു ഗ്രനേഡ് പോലെ പൊട്ടിത്തെറിച്ച് ഉള്ളിലുള്ളവരുടെ ജീവനെടുക്കുന്ന അവസ്ഥ വന്നാലോ?വിശ്വസിക്കാൻ പ്രയാസമാണെങ്കിലും, ലോകത്തെ ഏറ്റവും വിശ്വസ്തരായ വാഹന നിർമ്മാതാക്കളിൽ ഒന്നായ ടൊയോട്ടയ്ക്ക് ഇപ്പോൾ അത്തരമൊരു ആശങ്കയെത്തുടർന്ന് ലക്ഷക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിക്കേണ്ടി വന്നിരിക്കുകയാണ്! യുഎസിൽ മാത്രം 3.14 ലക്ഷത്തിലധികം വാഹനങ്ങളാണ് ടൊയോട്ട അടിയന്തരമായി തിരിച്ചുവിളിച്ചത്. എന്താണ് ഈ എയർബാഗുകൾക്കുള്ളിലെ ഒളിഞ്ഞിരിക്കുന്ന അപകടം? പഴയ വാഹനങ്ങളെ പോലും വേട്ടയാടുന്ന ആ 'ടക്കാറ്റ' പ്രതിസന്ധി എന്താണ്?
നവംബർ 12-നാണ് ടൊയോട്ട സുപ്രധാനമായ Safety Recall പ്രഖ്യാപിച്ചത്. അതായത് ടൊയോട്ട വിപണിയിൽനിന്ന് തങ്ങളുടെ ലക്ഷക്കണക്കിന് ആഡംബര കാറുകൾ തിരിച്ചുവിളിച്ചു. യുഎസ് വിപണിയിലെ 3.14 ലക്ഷം ടൊയോട്ട, ലെക്സസ് വാഹനങ്ങളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. ആഗോളതലത്തിൽ ഏകദേശം 7.90 ലക്ഷം വാഹനങ്ങൾ ഈ പട്ടികയിലുണ്ട്. മുൻവശത്തെ യാത്രക്കാരുടെ എയർബാഗുകളിലെ ഗുരുതരമായ തകരാറാണ് ഇതിന് പിന്നിൽ.
സാധാരണഗതിയിൽ സീറ്റ് ബെൽറ്റ് ധരിച്ച് യാത്ര ചെയ്യുമ്പോൾ, അപകടമുണ്ടായാൽ മില്ലിസെക്കൻഡുകൾക്കുള്ളിൽ എയർബാഗ് വികസിച്ച് യാത്രക്കാരെ രക്ഷിക്കും. എന്നാൽ, നിർമ്മാണത്തിലെ രാസപരമായ അപാകത മൂലം എയർബാഗിനുള്ളിലെ Inflator അമിത സമ്മർദത്തിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നാണ് ടൊയോട്ട മോട്ടോർ എഞ്ചിനീയറിംഗ് ആൻഡ് മാനുഫാക്ചറിംഗ് വിഭാഗവും അമേരിക്കൻ സുരക്ഷാ ഏജൻസിയായ NHTSA-യും കണ്ടെത്തിയിരിക്കുന്നത്.
ഓട്ടോമൊബൈൽ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ദുരന്തമായ ‘ടക്കാറ്റ എയർബാഗ് പ്രതിസന്ധിയുടെ’ തുടർച്ചയാണിത്. ജാപ്പനീസ് കമ്പനിയായ ടക്കാറ്റ നിർമ്മിച്ച എയർബാഗ് ഇൻഫ്ലേറ്ററുകളിൽ അമോണിയം നൈട്രേറ്റ് അടിസ്ഥാനമാക്കിയുള്ള രാസവസ്തുവാണ് ഉപയോഗിച്ചിരുന്നത്. ഉയർന്ന ചൂടും ഈർപ്പവും ദീർഘകാലം ഏൽക്കുന്നതിലൂടെയും, താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണവും ഈ രാസവസ്തുവിന്റെ ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നു.
വർഷങ്ങൾ കഴിയുന്തോറും ഇവ കൂടുതൽ അപകടകാരിയാകും. പിന്നീട് എപ്പോഴെങ്കിലും ഒരു അപകടമുണ്ടായി എയർബാഗ് പ്രവർത്തിക്കുമ്പോൾ, ഈ രാസവസ്തു അമിത ശക്തിയിൽ പൊട്ടിത്തെറിക്കുകയും ഇൻഫ്ലേറ്ററിന്റെ ലോഹക്കഷണങ്ങൾ കാബിനുള്ളിലേക്ക് തെറിച്ച് യാത്രക്കാർക്ക് മാരകമായ പരിക്കോ മരണമോ സംഭവിക്കുകയും ചെയ്യാം. മുൻപ് ടക്കാറ്റ റീകോളിന്റെ ഭാഗമായി എയർബാഗ് മാറ്റിസ്ഥാപിച്ച ചില വാഹനങ്ങൾ പോലും ഈ പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത. വർഷങ്ങൾക്ക് മുൻപ് മാറ്റിസ്ഥാപിച്ച ആ ഭാഗങ്ങൾക്കും ഇപ്പോൾ പഴക്കം ചെന്നതിനാൽ തകരാർ സംഭവിക്കാമെന്നാണ് വിലയിരുത്തൽ. ടൊയോട്ടയ്ക്ക് പിന്നാലെ ഹോണ്ടയും സമാനമായ കാരണത്താൽ 8.10 ലക്ഷത്തിലധികം വാഹനങ്ങൾ യുഎസിൽ തിരിച്ചുവിളിച്ചിട്ടുണ്ട്.
2002 മുതൽ 2017 വരെയുള്ള കാലയളവിൽ നിർമ്മിച്ച ടൊയോട്ടയുടെയും ആഡംബര ബ്രാൻഡായ ലെക്സസിന്റെയും 7 പ്രമുഖ മോഡലുകളാണ് വിപണിയിൽനിന്ന് തിരിച്ചുവിളിച്ചിരിക്കുന്നത്. ടൊയോട്ട കൊറോള (2003–2008 മോഡലുകൾ): ഏറ്റവും കൂടുതൽ വാഹനങ്ങൾ ഈ വിഭാഗത്തിലാണ്—ഏകദേശം 2,32,174 കാറുകൾ. ടൊയോട്ട 4 റണ്ണർ-2016–2017 മോഡലിൽ 35,949 വാഹനങ്ങൾ, ടൊയോട്ട ടൺഡ്ര 2005–2006 മോഡലിൽ 25,174 പിക്കപ്പ് ട്രക്കുകൾ, ടൊയോട്ട സെക്വോയ 2005–2007 മോഡലിൽ 10,736 എസ്യുവികൾ ഇങ്ങനെ പോകുന്നു തിരിച്ചുവിളിച്ച വാഹനങ്ങളുടെ പട്ടിക. ലെക്സസ് GX460, ലെക്സസ് SC430, ലെക്സസ് IS250 എന്നിവയിലും വിവിധ മോഡലുകളിൽ ഈ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ ആശ്വാസകരമായ ഒരു കാര്യം, ഈ പുതിയ റീകോളിൽ ഉൾപ്പെട്ട വാഹനങ്ങളിൽ ഇതുവരെ എയർബാഗ് പൊട്ടിത്തെറിച്ച് അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ്. വാഹനങ്ങൾക്ക് 9 മുതൽ 24 വർഷം വരെ പഴക്കമായതിനാൽ, ഭാവിയിൽ ഒരു അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് ടൊയോട്ട ഇത് ചെയ്യുന്നത്. 2026 ഡിസംബർ 28 മുതൽ വാഹന ഉടമകൾക്ക് കമ്പനി ഔദ്യോഗികമായി കത്തുകൾ അയച്ചുതുടങ്ങും.
2027 ആദ്യത്തോടെ പകരമുള്ള ഭാഗങ്ങൾ ഡീലർഷിപ്പുകളിൽ എത്തും. അംഗീകൃത ഡീലർഷിപ്പുകൾ വഴി തകരാറുള്ള എയർബാഗ് ഇൻഫ്ലേറ്ററോ അല്ലെങ്കിൽ എയർബാഗ് അസംബ്ലി പൂർണ്ണമായോ ഉടമകൾക്ക് പൂർണ്ണമായും സൗജന്യമായി മാറ്റിനൽകും. 17 അക്ക VIN നമ്പർ ഉപയോഗിച്ച് ഉടമകൾക്ക് ഇപ്പോൾ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് പരിശോധിക്കാവുന്നതാണ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഈ തിരിച്ചുവിളിക്കൽ യുഎസിലെയും തിരഞ്ഞെടുത്ത വിദേശ വിപണികളിലെയും പഴയ മോഡലുകൾക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. ഇന്ത്യയിൽ വിറ്റഴിച്ച ടൊയോട്ട വാഹനങ്ങളെ ഇത് ബാധിക്കുന്നില്ല എന്നതിനാൽ ഇന്ത്യൻ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല. ഒരു കാർ വാങ്ങി 15-ഓ 20-ഓ വർഷങ്ങൾ കഴിഞ്ഞാലും, അതിലെ ചെറിയൊരു സുരക്ഷാ വീഴ്ച പോലും കണ്ടെത്തി ഉപഭോക്താക്കളെ സംരക്ഷിക്കാൻ കമ്പനികൾ തയ്യാറാകുന്നു എന്നത് ഓട്ടോമൊബൈൽ ലോകത്തെ മികച്ചൊരു മാതൃകയാണ്.