

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കവാടത്തിന് മുന്നിൽ ഇരമ്പിയാർത്ത വിദ്യാർഥികളെ കണ്ടില്ലേ. അധികാരത്തിന്റെ അഹന്തയ്ക്കും, പകപോക്കലിന്റെ രാഷ്ട്രീയത്തിനും, വാശിക്കും എതിരെ ഒരു കൂട്ടം വിദ്യാർത്ഥികൾ നടത്തിയ സമാനതകളില്ലാത്ത പോരാട്ടം വിജയം കണ്ടതിന്റെ ആഹ്ലാദമായിരുന്നു അത്. സസ്പെൻഷനിലായവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന വിസിയുടെ വാശിക്കുള്ള കനത്ത തിരിച്ചടിയായിരുന്നു വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നും പരീക്ഷ എഴുതിക്കണം എന്നുമുള്ള കേരള ഹൈക്കോടതിയുടെ വിധി. സസ്പെൻഷനിലായ 16 വിദ്യാർഥികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിദ്യാർഥികളെ ഇന്ന് തന്നെ ക്ലാസിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്.
മാപ്പപേക്ഷ എഴുതി നൽകിയാൽ മാത്രമേ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കൂ എന്ന വിസിയുടെ ധാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കാൻ തയ്യാറാകാതെ, തങ്ങളുടെ ആത്മാഭിമാനം പണയം വെക്കാതെ പൊരുതി നിന്ന വിദ്യാർത്ഥികളുടെ ഇച്ഛാശക്തിയാണ് വിജയിച്ചിരിക്കുന്നത്. ഇത് കേവലം വി.സി സിസ തോമസിനേറ്റ തിരിച്ചടി മാത്രമല്ല; മറിച്ച്, ഈ വിഷയത്തിൽ വിദ്യാർത്ഥികളെ വേട്ടയാടാൻ കൂട്ടുനിന്ന ബിജെപി നോമിനിയായ ഗവർണർക്കും, വിദ്യാർത്ഥികളുടെ സമരത്തെ അപരിഷ്കൃതമെന്ന് മുദ്രകുത്തി വി.സിയെ ന്യായീകരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനും ഏറ്റ കനത്ത പ്രഹരം കൂടിയാണ്.
കാലടി സർവകലാശാല: തോറ്റത് വിസിയുടെ വാശി
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ മാത്രമല്ല, അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ടും കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് പൂർണ്ണമായി റദ്ദാക്കി. 84 ദിവസത്തെ സസ്പെൻഷന് ശേഷം, ഒരു ഉപാധിയുമില്ലാതെ വിദ്യാർത്ഥികളെ തിരികെ ക്യാമ്പസിൽ പ്രവേശിപ്പിക്കാനും, നഷ്ടമായ സെമസ്റ്റർ പരീക്ഷകൾക്കായി പ്രത്യേക പരീക്ഷ നടത്താനും കോടതി ഉത്തരവിട്ടു.സർവകലാശാലയ്ക്ക് താല്പര്യമുണ്ടെങ്കിൽ പുതിയ അന്വേഷണം നടത്തുന്നതിന് ഈ വിധി തടസ്സമല്ലെങ്കിലും, അന്വേഷണത്തിന്റെ പേരിൽ വിദ്യാർത്ഥികളെ വീണ്ടും സസ്പെൻഡ് ചെയ്യാനോ പരീക്ഷ തടയാനോ പാടില്ലെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു.
മാപ്പപേക്ഷ എഴുതി നൽകിയാൽ തിരിച്ചെടുക്കാമെന്ന സർവകലാശാലയുടെ ഉപാധി തള്ളിക്കളഞ്ഞ് കഴിഞ്ഞ 22 ദിവസമായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ക്യാമ്പസിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്നു. കോടതി വിധിക്ക് പിന്നാലെ ക്യാമ്പസിൽ വലിയ ആഹ്ലാദപ്രകടനങ്ങൾ നടക്കുകയും, നിരാഹാരസമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.... വി.സിയെ കയ്യേറ്റം ചെയ്തു എന്നും പ്രതീകാത്മക ശവസംസ്കാരം നടത്തി എന്നുമുള്ള ആരോപണങ്ങളിൽ സർവകലാശാല നൽകിയ പരസ്പരവിരുദ്ധമായ പരാതികളും അന്വേഷണ റിപ്പോർട്ടും കോടതി തള്ളിയതോടെ വിദ്യാർത്ഥികൾക്ക് വലിയ നിയമവിജയമാണ് ലഭിച്ചിരിക്കുന്നത്..
എന്തായിരുന്നു അന്ന് സംഭവിച്ചത് ?
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അധ്യാപകരുടെ കുറവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. കുടിവെള്ള ഫിൽട്ടറുകളിൽ പോലും പുഴുക്കളും കൂത്താടികളും നിറഞ്ഞ അവസ്ഥ, പ്രളയകാലത്ത് തകർന്ന തിയേറ്റർ വിഭാഗത്തിലെ ഉപകരണങ്ങളും നിലംപൊത്തിയ ഫ്ലോറുകളും, 2019 മുതൽ മുടങ്ങിക്കിടക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ വിതരണം—ഇങ്ങനെ വിദ്യാർത്ഥികളുടെ ഏറ്റവും ന്യായമായ 18 ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു ആ സമരം.എന്നാൽ, വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കാനോ പരിഹരിക്കാനോ താൽക്കാലിക വി.സി ഡോ. സിസ തോമസ് തയ്യാറായില്ല.18 ആവശ്യങ്ങളിൽ വെറും മൂന്ന് വിഷയങ്ങൾ മാത്രം സംസാരിക്കാമെന്ന വി.സിയുടെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ചാണ് ആഗസ്റ്റ് 13-ന് തിയേറ്റർ വിഭാഗം വിദ്യാർത്ഥികൾ ക്യാമ്പസിൽ ഒരു തെരുവുനാടകം അവതരിപ്പിച്ചത്... പ്രവർത്തനരഹിതമായ സ്പോട്ട് ലൈറ്റുകളെ പ്രതീകാത്മകമായി ശവസംസ്കാരം ചെയ്യുന്ന 'ലൈറ്റ് മരിച്ചേ ' എന്ന ആ സർഗ്ഗാത്മക പ്രതിഷേധത്തെ ,തന്നെ പ്രതീകാത്മകമായി ശവസംസ്കാരം ചെയ്തു എന്ന വ്യാഖ്യാനത്തോടെയുള്ള പ്രതികാര നടപടികൾ കൊണ്ടാണ് വിസി നേരിട്ടത്.
നടന്നത് രാഷ്ട്രീയ ഗൂഡാലോചന ?
ആഗസ്റ്റ് 13ന് സിൻഡിക്കേറ്റ് യോഗം നടക്കുമ്പോൾ വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് പിന്നീട് വലിയൊരു രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് വഴിമാറിയത്. ആദ്യഘട്ടത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വി.സിയെ കയ്യേറ്റം ചെയ്തു എന്നോ, സ്ത്രീത്വത്തെ അപമാനിച്ചു എന്നോ യാതൊരു പരാമർശവും ഉണ്ടായിരുന്നില്ല. എന്നാൽ, ലോക്ഭവനിൽ വെച്ച് ബിജെപി നോമിനിയായ ഗവർണറുമായി വി.സി സിസ തോമസ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കഥയാകെ മാറിയതെന്നാണ് ആരോപണം. പിന്നീട് വി.സി പുതിയൊരു പരാതി നൽകുന്നു —വിദ്യാർത്ഥികൾ തന്റെ മുടിക്ക് കുത്തിപ്പിടിച്ചു, ശാരീരികമായി കയ്യേറ്റം ചെയ്തു, സ്ത്രീത്വത്തെ അപമാനിച്ചു! എന്നൊക്കെ ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു ആ പരാതി.
എന്നാൽ, ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങളിലോ, പിന്നീട് പുറത്തുവന്ന മാധ്യമ ദൃശ്യങ്ങളിലോ പോലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നതല്ലാതെ, വി.സിയെ ആക്രമിക്കുന്ന ഒരു തരി തെളിവ് പോലും ഉണ്ടായിരുന്നില്ല.ഏറ്റവും വിരോധാഭാസം, ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സ്വീകരിച്ച നിലപാടായിരുന്നു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം നിൽക്കേണ്ട മന്ത്രി, വിദ്യാർത്ഥികളുടെ നാടകത്തെയും സമരത്തെയും 'അപരിഷ്കൃതം' എന്ന് മുദ്രകുത്തി വി.സിയുടെ പക്ഷം ചേർന്നു. പത്ത് വർഷം ഭരിച്ചിട്ടും പരിഹരിക്കാത്ത പ്രശ്നങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ പരിഹസിക്കാനും മന്ത്രി മടിച്ചില്ല.
മാപ്പുമില്ല; ഒരു കോപ്പുമില്ല
6 പിഎച്ച്ഡി ഗവേഷകരടക്കം 16 വിദ്യാർത്ഥികളെയാണ് സർവകലാശാല അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ 62 ദിവസം പിന്നിട്ടപ്പോൾ എത്തിയ സെമസ്റ്റർ പരീക്ഷ എഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിട്ടും, ഫീസ് പോർട്ടൽ പോലും തുറക്കാതെ വി.സി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.വി.സിയെ ആക്രമിച്ചതിന് തെളിവുകളില്ലെന്ന് അന്വേഷണ സമിതിയംഗം ഡോ. കെ.എസ്. ജനിത റിപ്പോർട്ട് നൽകിയിട്ടും, സിൻഡിക്കേറ്റ് യോഗങ്ങളിൽ അത് ചർച്ച ചെയ്യാൻ പോലും വി.സി തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് കെ. പ്രേംകുമാർ എംഎൽഎ യോഗം ബഹിഷ്കരിച്ചു.തുടർന്ന്, മാപ്പപേക്ഷ നൽകിയാൽ 12 പേരെ തിരിച്ചെടുക്കാമെന്നും 4 പേരുടെ സസ്പെൻഷൻ നീട്ടുമെന്നുമുള്ള വി.സിയുടെ പുതിയ ഉപാധി വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സമരത്തിൽ വിദ്യാർത്ഥികൾ ആശുപത്രിയിലായിട്ടും സർവ്വകലാശാല വഴങ്ങിയില്ല. ഒടുവിൽ, ഹൈക്കോടതി വിധി അനുകൂലമായാൽ പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാലയ്ക്ക് സുപ്രീം കോടതിയിൽ ഉറപ്പുനൽകേണ്ടി വന്നു.
ഹൈകോടതിയുടെ അതിരൂക്ഷ വിമർശനം
ഒടുവിൽ, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് അതിരൂക്ഷ വിമർശനങ്ങളാണ് സർവകലാശാലക്ക് നേരെ ഉയർത്തിയത്.സുപ്രിംകോടതിയില്‍ നല്കിയ ഉറപ്പ് ലംഘിക്കാന്‍ സര്‍വകലാശാല നീക്കം നടത്തിയെന്നും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളോട് സര്‍വകലാശാലയ്ക്ക് അസഹിഷ്ണുതയെന്നും കോടതി പരാമർശിച്ചു.വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ഭാവി തകര്‍ക്കാന്‍ ശ്രമിക്കരുത്.മൊഴിപ്പകര്‍പ്പ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല നല്‍കിയില്ല, ആരോപണങ്ങള്‍ നിഷേധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയില്ല, വിദ്യാര്‍ത്ഥികളുടെ പശ്ചാത്തലം പരിശോധിച്ച നടപടി തെറ്റ്, ശേഖരിച്ച തെളിവുകള്‍ അന്വേഷണ സമിതി പരിശോധിച്ചില്ല തുടങ്ങിയ വിമർശനങ്ങളും ഹൈകോടതി സർവകലാശാലക്ക് നേരെ ഉയർത്തി. സർവകലാശാലയ്ക്ക് താല്പര്യമുണ്ടെങ്കിൽ പുതിയ അന്വേഷണം നടത്താമെങ്കിലും, അതിന്റെ പേരിൽ വിദ്യാർത്ഥികളെ വീണ്ടും സസ്പെൻഡ് ചെയ്യാനോ അവരുടെ പരീക്ഷ തടയാനോ പാടില്ലെന്നു കോടതി വ്യക്തമാക്കി.
മാത്രമല്ല, വി.സിയുടെ പിടിവാശി കാരണം നഷ്ടമായ സെമസ്റ്റർ പരീക്ഷകൾ, വിധിപ്പകർപ്പ് ലഭിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ ഈ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി നടത്തണമെന്നും കോടതി കർശന നിർദ്ദേശം നൽകി. അധികാരത്തിന്റെ ധാർഷ്ട്യത്തിനും രാഷ്ട്രീയ പകപോക്കലിനും മുന്നിൽ മുട്ടുമടക്കാതെ, ആത്മാഭിമാനവും നീതിബോധവും ഉയർത്തിപ്പിടിച്ച് നിലകൊണ്ട വിദ്യാർഥികളുടെ നിശ്ചയദാർഢ്യമാണ് കാലടിയിൽ നിന്ന് ഉയർന്നുകേട്ടത്. അധികാരം കൈയിലുണ്ടെന്നതുകൊണ്ട് എന്തും ചെയ്യാമെന്നും എതിർശബ്ദങ്ങളെ ഏത് വിധേനയും അടിച്ചമർത്താമെന്നും കരുതുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്.