റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനൊപ്പം ഒരു സെൽഫി... ആ ഒറ്റ ചിത്രംകൊണ്ട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കൊച്ചിയിൽ നിന്നുള്ള പതിനാറുകാരൻ റൗൾ ജോൺ അജു. ലോകനേതാക്കൾക്കൊപ്പം ഒരേ വേദിയിൽ നിൽക്കാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ച ഈ 16കാരൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ചർച്ചയാണ്. എന്നാൽ പുടിനൊപ്പമുള്ള ആ സെൽഫിയേക്കാൾ കൗതുകകരമാണ് അതിന് പിന്നിലുള്ള റൗളിന്റെ കൊച്ചുകഥ. പന്ത്രണ്ടാം വയസിൽ റോബോട്ട് നിർമിച്ച, പതിനാലാം വയസിൽ സ്വന്തം AI സ്റ്റാർട്ടപ്പിന് തുടക്കമിട്ട, അഞ്ച് ലക്ഷത്തോളം പേർക്ക് AI പരിശീലനം നൽകിയ ഈ കൊച്ചുമിടുക്കൻ ഇന്ന് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന യുവ AI പ്രതിഭയാണ്.
നവംബർ 26ന് റഷ്യയിൽ ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസായ 'AI Journey 2026'ൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റൗളിന് പുടിനെ നേരിൽ കാണാനും ഒപ്പം സെൽഫിയെടുക്കാനും അവസരം ലഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവിനുമൊപ്പം കൂടിക്കാഴ്ച നടത്തിയ യുവ AI പ്രതിഭകളുടെ സംഘത്തിലും റൗളുണ്ടായിരുന്നു. പുടിനോട് ഒരു സെൽഫി എടുത്തോട്ടെയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. തിങ്ക്ക്രാഫ്റ്റ് പ്ലാറ്റ്ഫോം വികസിപ്പിച്ച മിടുക്കനായ സ്കൂൾ വിദ്യാർഥി എന്ന വിശേഷണത്തോടെ ഇന്ത്യയിലെ റഷ്യൻ എംബസി ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പങ്കുവച്ചതോടെ റൗളിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി.
ഒൻപതാം വയസിൽ വീട്ടിലെ കുളിമുറിയിൽ നിന്ന് ആദ്യ വീഡിയോ ചിത്രീകരിച്ചുതുടങ്ങിയ ഒരു കുട്ടി, ഇന്ന് റഷ്യൻ പ്രസിഡന്റിനൊപ്പം നിൽക്കുന്ന നിലയിലേക്ക് വളർന്നതിന്റെ സന്തോഷം റൗൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ പോലും ഇങ്ങനെയൊരു നിമിഷം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് ആ കുറിപ്പിൽ റൗൾ പറഞ്ഞത്. എന്നാൽ ഈ നേട്ടങ്ങളിലെല്ലാം തെളിഞ്ഞു കാണുന്നത് റൗളിന്റെ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ധൈര്യവുമാണ്.
വീഡിയോ എഡിറ്റിങ്ങിലൂടെയാണ് റൗൾ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കടന്നുവരുന്നത്. പിതാവ് അജു ജോസഫ് അഡോബിയിൽ ജോലി ചെയ്തിരുന്ന കാലത്ത് പ്രീമിയം എഡിറ്റിങ് സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാൻ റൗളിന് അവസരം ലഭിച്ചു. സാങ്കേതിക ഉപകരണങ്ങളോടുള്ള കൗതുകം പതിയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും വളർന്നു. മറ്റുള്ളവരുടെ സഹായത്തിനായി കാത്തുനിൽക്കാതെ ഇന്റർനെറ്റിലൂടെയും ലഭ്യമായ പഠനസ്രോതസ്സുകളിലൂടെയും എഐ സ്വയം പഠിച്ചെടുക്കുകയായിരുന്നു ഈ കുട്ടി.
പന്ത്രണ്ടാം വയസിൽ സ്കൂൾ സയൻസ് പ്രോജക്ടിന്റെ ഭാഗമായി 'മീബോട്ട്' എന്ന പേരിൽ ആദ്യ റോബോട്ടിനെ നിർമിച്ചു. റൗളിന്റെ ശബ്ദത്തിൽ സംസാരിക്കാൻ കഴിയുന്ന ഈ റോബോട്ട് സ്കൂൾ പ്രോജക്ട് എന്ന പരിധിയും കടന്നു വളർന്നു. റൗൾ തിരക്കിലായിരിക്കുമ്പോഴൊക്കെയും സഹപാഠികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയത് മീബോട്ടായിരുന്നു. സാങ്കേതിക വിദ്യയെക്കുറിച്ച് പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങിയതോടെ റൗളിന്റെ ഓൺലൈൻ സാന്നിധ്യവും വളർന്നു. 'റൗൾ ദി റോക്ക്സ്റ്റാർ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സായി. അങ്ങനെ 'AI കിഡ് ഓഫ് ഇന്ത്യ' എന്ന വിശേഷണവും റൗളിനെ തേടിയെത്തി.
പഠിച്ച കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല റൗളിന്റെ ശ്രമങ്ങൾ. 2024 ഓഗസ്റ്റിൽ കൊച്ചി ആസ്ഥാനമായി 'AIRealm Technologies' എന്ന സ്വന്തം സ്റ്റാർട്ടപ്പിന് തുടക്കമിട്ടു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരമുള്ള ഈ സ്ഥാപനത്തിന്റെ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് റൗൾ. വിദേശത്തിരുന്ന് ജോലി ചെയ്യുന്നവർ ഉൾപ്പെടെ പതിനഞ്ചോളം ജീവനക്കാരും ഈ സംരംഭത്തിന്റെ ഭാഗമാണ്. ഇതുവരെ പതിനഞ്ചോളം AI ടൂളുകളാണ് റൗൾ വികസിപ്പിച്ചെടുത്തത്.
അടിയന്തര സാഹചര്യങ്ങളിൽ എന്തുചെയ്യണം, നിയമപരമായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എവിടെനിന്ന് സഹായം തേടാം തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന 'RESQ AI', നിയമ-അടിയന്തര സഹായങ്ങൾക്കായി വികസിപ്പിച്ച 'Just Ease' തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടവയാണ്. മലയാളം, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിൽ വോയ്സ് അധിഷ്ഠിത AI സംവിധാനങ്ങൾ വികസിപ്പിക്കാനും റൗൾ ശ്രമിക്കുന്നുണ്ട്. സാങ്കേതികവിദ്യ എല്ലാവരിലേക്കും എത്തണമെങ്കിൽ ഭാഷ ഒരു തടസ്സമാകരുതെന്ന ചിന്തയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ. പൊതുസേവന മേഖലകളിൽ AI എങ്ങനെ പ്രയോജനപ്പെടുത്താം എന്നതുമായി ബന്ധപ്പെട്ട് കേരള, ദുബായ് സർക്കാരുകൾക്ക് ഉപദേശം നൽകാനും റൗളിന് അവസരം ലഭിച്ചിട്ടുണ്ട്.
സ്വന്തമായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനൊപ്പം അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിലും റൗൾ ശ്രദ്ധിക്കുന്നു. കമ്പനിയുടെ പരിശീലന വിഭാഗമായ 'ThinkCraft Academy'യിലൂടെയും യൂട്യൂബിലെ സൗജന്യ ക്ലാസുകളിലൂടെയും ഏകദേശം അഞ്ച് ലക്ഷം വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും AI പരിശീലനം നൽകിയെന്നാണ് റിപ്പോർട്ടുകൾ. AI പഠിക്കാൻ വലിയ സാങ്കേതിക പശ്ചാത്തലമോ ചെലവേറിയ പരിശീലനമോ നിർബന്ധമല്ലെന്ന് സ്വന്തം പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയാണ് റൗൾ.
ഇതിനിടയിൽ ഈ കഥയിലെ മറ്റൊരു കൗതുകവും ശ്രദ്ധ നേടുന്നുണ്ട്. റൗളിന്റെ സ്വന്തം കമ്പനിയിൽ ജോലി ചെയ്യുന്നത് മറ്റാരുമല്ല, പിതാവ് അജു ജോസഫ് തന്നെയാണ്. ആമസോൺ, അഡോബി, വിപ്രോ, ഐബിഎം തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള അജുവിന് മാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളമായി നൽകുന്നത്. അച്ഛന്റെ വർഷങ്ങളുടെ തൊഴിൽപരിചയം തന്റെ സംരംഭത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് റൗളിന്റെ നിലപാട്. ഇന്റർനെറ്റിൽ നിന്ന് അറിവ് നേടാൻ കഴിയുമെങ്കിലും പ്രായോഗിക അനുഭവത്തിലൂടെ ലഭിക്കുന്ന പാഠങ്ങൾക്ക് പകരമാകില്ലെന്നാണ് ഈ പതിനാറുകാരൻ പറയുന്നത്.
ലോകനേതാക്കളുമായുള്ള റൗളിന്റെ കൂടിക്കാഴ്ചയും ആദ്യമായിട്ടല്ല. 2026 ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ കാണാൻ റൗളിന് അവസരം ലഭിച്ചിരുന്നു. AIയും കുട്ടികളുടെ സുരക്ഷയും സംബന്ധിച്ച യുഎൻ പാനലിൽ ഉദ്ഘാടന പ്രസംഗം നടത്താനും ക്ഷണം ലഭിച്ചു. വന്ദേ ഭാരത് ട്രെയിൻ യാത്രയ്ക്കിടെ എംപി ശശി തരൂരിനോട് ഇന്ത്യയ്ക്ക് സ്വന്തമായി AI വേണമോ എന്ന് ചോദിക്കുന്ന റൗളിന്റെ വീഡിയോയും നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
2025ലെ ബിസിനസ് ടുഡേ AI ഉച്ചകോടിയിൽ റൗൾ പറഞ്ഞ ഒരു കാര്യം ഏറെ ശ്രദ്ധേയമായിരുന്നു. AI മനുഷ്യരുടെ ജോലി ഇല്ലാതാക്കുമെന്ന ആശങ്കയേക്കാൾ, AI ഉപയോഗിക്കാൻ അറിയുന്നവർക്ക് മറ്റുള്ളവരുടെ ജോലികൾ ഏറ്റെടുക്കാൻ കഴിയുമെന്ന യാഥാർഥ്യമാണ് നമ്മൾ മനസ്സിലാക്കേണ്ടതെന്നായിരുന്നു റൗളിന്റെ നിരീക്ഷണം. ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും കൊച്ചി ഇടപ്പള്ളിയിലെ സർക്കാർ സ്കൂളിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായി പഠനം തുടരുകയാണ് റൗൾ. ഒരു വശത്ത് ക്ലാസ് മുറിയും പരീക്ഷകളും, മറുവശത്ത് സ്വന്തം കമ്പനിയും രാജ്യാന്തര വേദികളും. രണ്ടിനെയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഈ പതിനാറുകാരൻ.
എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ മാറ്റിമറിക്കുന്ന ഈ കാലത്ത് റൗൾ മുന്നോട്ടുവെക്കുന്ന സന്ദേശം സാങ്കേതികവിദ്യയെക്കുറിച്ച് മാത്രമല്ല. AI എത്രത്തോളം വളർന്നാലും മനുഷ്യന്റെ മൂല്യങ്ങൾക്ക് പകരമാകാൻ അതിന് കഴിയില്ലെന്നാണ് റൗളിന്റെ പക്ഷം. യുഎൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതും ഇതുതന്നെ: ഈ കാലഘട്ടത്തിൽ ഒരാൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവ്, കഴിയുന്നത്ര മനുഷ്യനായിരിക്കുക എന്നതാണ്. പുടിനൊപ്പമുള്ള ഒരു സെൽഫിയിലൂടെ ലോകം തിരിച്ചറിഞ്ഞ റൗൾ ജോൺ അജു എന്ന പതിനാറുകാരന്റെ വളർച്ചയ്ക്ക് പിന്നിൽ വർഷങ്ങളുടെ കൗതുകവും പഠനവും പരീക്ഷണങ്ങളുമുണ്ട്. പ്രായം കുറഞ്ഞതുകൊണ്ട് സ്വപ്നങ്ങൾ ചെറുതാകേണ്ടതില്ലെന്നും സാങ്കേതികവിദ്യയുടെ ഭാവി കാത്തിരിക്കേണ്ട ഒന്നല്ലെന്നും സ്വന്തം ജീവിതംകൊണ്ട് തെളിയിക്കുകയാണ് ഈ മിടുക്കൻ.