നീൽ ദ സീലാണ് ഇപ്പോൾ ടാൻസാനിയയിലെ വിഐപി. പേരു കേൾക്കുമ്പോൾ ഇതാരാണെന്ന് തോന്നിയേക്കാമെങ്കിലും കക്ഷി ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓസ്ട്രേലിയയിലെ ടാസ്മാനിയൻ തീരപ്രദേശങ്ങളിൽ ഇടയ്ക്കിടെ സന്ദർശനത്തിലെത്തുന്ന 1000 കിലോയോളം ഭാരമുള്ള ഭീമൻ കടലാനയാണ് നീൽ. ഇടയ്ക്കിടെയുള്ള ഈ സന്ദർശനം കൊണ്ട് നീൽ ഇതിനകം ലോകമെമ്പാടും ഫാൻസിനെ നേടിക്കഴിഞ്ഞു .അതോടെ നീലിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രത്യേക സംരക്ഷണ പദ്ധതി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ടാസ്മാനിയൻ സർക്കാർ.
പുതിയ നിയമമനുസരിച്ച് ഇനി നീലിനെ കാണാൻ എത്തുന്നവർ കുറഞ്ഞത് 30 മീറ്റർ അകലം എങ്കിലും പാലിക്കണം. നായ്ക്കളെയും നീലിൻ്റെ സമീപത്ത് നിന്നും അകറ്റി നിർത്തുവാനും നിർദേശങ്ങളിൽ പറയുന്നു. സീലുകൾ വിശ്രമിക്കുന്ന സ്ഥലങ്ങൾക്ക് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഇനി മുതൽ നിയന്ത്രണമുണ്ടാകും. കപ്പലുകൾക്കും ഡ്രോണുകൾക്കും എല്ലാം സുരക്ഷിത അകലമെന്ന ഈ നിയമം ബാധകമാണ്.
സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ നേടിയ നീലിന്റെ ജീവിതത്തിലേക്ക് മനുഷ്യരുടെ അമിതമായ ഇടപെടലുകൾ കടന്നുവന്നതോടെയാണ് സർക്കാർ ഇക്കാര്യത്തിൽ ഇടപെടൽ ശക്തമാക്കിയത്. സ്നേഹക്കൂടുതൽ കാരണം നീലിനെ കാണാനും ചിത്രങ്ങളെടുക്കാനും അടുത്തെത്തുന്നതും ശല്യപ്പെടുത്തുന്നതും അവന്റെ സ്വാഭാവിക ജീവിതത്തിന് തന്നെ ഭീഷണിയായേക്കുമെന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ.ഈ നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴയും നടപടിയുമാണ് നേരിടേണ്ടി വരിക.
വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം കരയിലേക്ക് എത്തുന്ന നീലിൻ്റെ ജനനം 2020 ഒക്ടോബറിൽ ടാസ്മാനിയയിലെ പെനിൻസുലയിലാണ്. വിശ്രമിക്കാനും ശരീരത്തിലെ രോമങ്ങൾ പൊഴിക്കുവാനുമായാണ് ഇവൻ കരയിലേക്കെത്തുന്നത്.കടലിലെ ജീവിതത്തിനിടയിൽ വിശ്രമത്തിനായി കരയിലെത്തുന്ന നീലിന് ഈ സമയം ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഫെയ്മസ് ആയതോടെ നീലിന്റെ വരവ് നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും വലിയ ആഘോഷമായി മാറി. ഓരോ സന്ദർശനവും സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയതോടെ നീലിനെ കാണാൻ ആളുകളുടെ തിരക്കേറി.ഇത് പലപ്പോഴും അവന്റെ സ്വസ്ഥതയ്ക്ക് തന്നെ ഭീഷണിയായി.
സ്നേഹം ഇത്തരത്തിൽ അതിരുവിട്ടതോടെയാണ് നീലിൻ്റെ സുരക്ഷയ്ക്ക് സർക്കാർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.നീലിനെ അമിതമായി സ്നേഹിക്കുന്നത് പോലും അവന് അപകടമാകാമെന്നായിരുന്നു അധികൃതരുടെ മുന്നറിയിപ്പ്. മനുഷ്യരുടെ ഇടപെടൽ തുടർന്നാൽ നീലിന്റെ ആരോഗ്യത്തെയും സ്വാഭാവിക ജീവിതത്തെയും അത് ബാധിക്കുമെന്ന ആശങ്കയും ഉയർന്നു.
ഇതോടെ നീലിന്റെ സംരക്ഷണത്തിനായി ഒരു ലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനവും അധികൃതരുടെ അടുത്തെത്തി. നീൽ പതിവായി എത്തുന്ന പ്രദേശങ്ങളിൽ നിയന്ത്രിത പ്രവേശന മേഖലകൾ വേണമെന്നും കൂടുതൽ അടുത്തേക്ക് പോകുന്നവർക്ക് പിഴ ചുമത്തണമെന്നുമായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ. ഇതിന് പിന്നാലെയാണ് സംരക്ഷണ പദ്ധതി പുറത്തിറക്കിയത്. എന്നാൽ ഈ സംരക്ഷണ പദ്ധതി നീലിനെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. ടാസ്മാനിയയിലെത്തുന്ന മറ്റ് കടലാനകൾക്കും ഇതിൻ്റെ സംരക്ഷണം ലഭിക്കും.
നീലിന്റെ പേരിനും പ്രത്യേക സംരക്ഷണം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. നീലിന്റെ ജനപ്രീതി മുതലെടുത്ത് വാണിജ്യപരമായ ചൂഷണങ്ങൾ നടക്കാനുള്ള സാധ്യത പരിഗണിച്ചാണിത്. ഇതിന്റെ ഭാഗമായി 'Neil the Seal' എന്ന പേര് ട്രേഡ്മാർക്ക് ചെയ്യുന്നതിനുള്ള നടപടികളും സർക്കാർ ആലോചിച്ച് വരികയാണ്. നീലിന്റെ പേരും പ്രശസ്തിയും ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഇതിൻ്റെ ലക്ഷ്യം.
കൗൺസിലുകൾ, ടാസ്മാനിയ പൊലീസ്, വന്യജീവി വിദഗ്ധർ തുടങ്ങിയവരുമായി നടത്തിയ ചർച്ചകളുടെയും ശാസ്ത്രീയ ഉപദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മനുഷ്യരുടെ കൗതുകത്തിനും ചിത്രങ്ങൾക്കും അപ്പുറം ഒരു വന്യജീവിയുടെ സ്വാതന്ത്ര്യത്തിനും വിശ്രമത്തിനും പ്രാധാന്യമുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ടാസ്മാനിയയുടെ ഈ നടപടി.