FEATURED

കെന്റക്കിയിലെ നീല മനുഷ്യർ: ഒരു കുടുംബത്തെ തലമുറകളോളം നീലനിറത്തിലാക്കിയ ജനിതക രഹസ്യം

സാധാരണ മനുഷ്യരിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കിയത് എന്തായിരിക്കും?

Author : ലിൻ്റു ഗീത

നീലനിറത്തിലുള്ള മനുഷ്യരെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ! കേൾക്കുമ്പോൾ ചിലപ്പോൾ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് തോന്നിയേക്കാമെങ്കിലും അങ്ങനെയല്ല. യുഎസിലെ കിഴക്കൻ കെന്റക്കിയിൽ ശരിക്കും നീലനിറത്തിലുള്ള ചർമവുമായി ജീവിച്ചിരുന്ന ഒരു കുടുംബമുണ്ടായിരുന്നു. ഫുഗേറ്റ് കുടുംബം എന്നാണ് ഇവർ അറിയപ്പെടുന്നത്. ഒരു കുടുംബത്തിലെ ഒന്നോ രണ്ടോ പേരിലല്ല, തലമുറകളോളം ഇത് നീണ്ടുനിന്നിരുന്നു. ഒരു തടാകത്തേക്കാൾ നീലനിറമുള്ളവർ എന്നാണ് തദ്ദേശീയർ അവരെ വിശേഷിപ്പിച്ചത്. എന്നാൽ എന്തുകൊണ്ടാകും ഇവരുടെ ചർമത്തിന് നീലനിറം വന്നത്? സാധാരണ മനുഷ്യരിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കിയത് എന്തായിരിക്കും? വർഷങ്ങളോളം ഒരു ജനിതക രഹസ്യമായി തുടർന്ന ഈ പ്രതിഭാസത്തിന് പിന്നിൽ അപൂർവമായ ഒരു രക്തസംബന്ധമായ രോഗമായിരുന്നുവെന്നാണ് കണ്ടെത്തിയത്.

ബ്ലൂ പീപ്പിൾ ഓഫ് കെന്റക്കി' എന്നറിയപ്പെട്ട ഈ കുടുംബത്തിന്റെ ചരിത്രം ഇന്ന് വീണ്ടും ചർച്ചയാകുകയാണ്. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹവും ജനിതക രോഗങ്ങളും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ഈ കുടുംബത്തിന്റെ കഥ വീണ്ടും ശ്രദ്ധ നേടുന്നത്. ഇതിലെ ജനിതക രഹസ്യം നമുക്കൊന്ന് ഡീകോഡ് ചെയ്യാം. ന്യൂസ് മലയാളം ഡെയിലി ഡീകോഡിലേക്ക് സ്വാഗതം.

ബ്ലൂ പീപ്പിൾ ഓഫ് കെന്റക്കി

1820ൽ മാർട്ടിൻ ഫുഗേറ്റ് എന്ന ഫ്രഞ്ചുകാരൻ യുഎസിലെ കിഴക്കൻ കെന്റക്കിയിലെ ട്രബിൾസം ക്രീക്കിനു സമീപം താമസിക്കാനെത്തിയതോടെയാണു കുടുംബത്തിന്റെ കഥ തുടങ്ങുന്നത്. മാർട്ടിൻ അവിടെയുള്ള എലിസബത്ത് സ്മിത്ത് എന്ന ചുവപ്പുമുടിയുള്ള വനിതയെ വിവാഹം കഴിച്ചു. ഇരുവർക്കുമായി ഏഴ് കുട്ടികളുണ്ടായി. എന്നാൽ ആ ദമ്പതികളെ അമ്പരപ്പിച്ചുകൊണ്ട് ഏഴ് കുട്ടികളിൽ നാലുപേരും ജനിച്ചത് നീലനിറത്തിലുള്ള ചർമത്തോടെയായിരുന്നു. എന്നാൽ നീലനിറമുണ്ടെന്നതൊഴിച്ചാൽ മറ്റ് പ്രകടമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇവർക്കുണ്ടായിരുന്നില്ല. സാധാരണ ജീവിതം നയിച്ചിരുന്നെങ്കിലും ചർമത്തിന്റെ നിറം മാത്രം നീലതന്നെയായിരുന്നു. പിന്നീട് കുടുംബത്തിലെ കൂടുതൽ അംഗങ്ങളിലും ഈ പ്രത്യേകത കണ്ടുതുടങ്ങി. അങ്ങനെയാണ് ഈ കുടുംബം 'ബ്ലൂ പീപ്പിൾ ഓഫ് കെന്റക്കി' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

തലമുറകളിലേക്ക് നീലനിറം പകർന്നതെങ്ങനെ?

പുറംലോകവുമായി വലിയ ബന്ധമില്ലാത്ത വളരെ ഒറ്റപ്പെട്ട ഗ്രാമപ്രദേശമായിരുന്നു ട്രബിൾസം ക്രീക്ക്. അതുകൊണ്ട് തന്നെ കുടുംബത്തിന് പുറത്തുനിന്നുള്ളവരുമായുള്ള വിവാഹബന്ധങ്ങൾ കുറവായിരുന്നു. അതിനാൽ കുടുംബങ്ങൾക്കുള്ളിൽത്തന്നെ വിവാഹബന്ധങ്ങൾ ആവർത്തിച്ചു. ഫുഗേറ്റ് കുടുംബത്തിലും ഇത്തരം വിവാഹങ്ങൾ ധാരാളമായി ഉണ്ടായി. ഇതിലുണ്ടായ അനന്തരാവകാശികളിൽ പലർക്കും നീലനിറം കിട്ടി. ഫുഗേറ്റ്സിൽ മാത്രമല്ല, അവരുമായി വിവാഹബന്ധത്തിലേർപ്പെട്ട മറ്റു ചില കുടുംബങ്ങളിലും ഈ നീലനിറം പടരാൻ തുടങ്ങി. ഒരു പ്രത്യേക പ്രദേശത്ത് ഒതുങ്ങിനിന്ന കുടുംബത്തിന്റെ ഈ ജനിതക ചരിത്രം ഒടുവിൽ വൈദ്യശാസ്ത്രരംഗത്തിനുതന്നെ ഒരു കൗതുകമായി മാറി.

അതേസമയം, ഫുഗേറ്റ് കുടുംബത്തിലെ ഈ നീലനിറം സാമൂഹികമായ ഒറ്റപ്പെടുത്തലിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൈശാചിക ശക്തികളുടെ പ്രവർത്തനം മൂലമാണ് ഇതെന്നും ഫുഗേറ്റ് കുടുംബം നിഗൂഢമാണെന്നുമൊക്കെ പലരും വിശ്വസിച്ചു. നീലനിറമുണ്ടെങ്കിലും മറ്റു സാരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഫുഗേറ്റ് കുടുംബത്തിനില്ലായിരുന്നു. അവരിൽ പലരും 80 മുതൽ 90 വർഷം വരെയൊക്കെ ജീവിച്ചു.

നീലനിറത്തിന് പിന്നിലെ രഹസ്യം?

വർഷങ്ങളോളം ഈ കുടുംബത്തിന്റെ നീലനിറത്തിന് പിന്നിലെ കാരണം വ്യക്തമായിരുന്നില്ല. ഒടുവിൽ 1960ൽ വൈദ്യശാസ്ത്രഗവേഷകനായ മാഡിസൻ കവിൻ ഫുഗേറ്റ് കുടുംബത്തിന്റെ കഥകളിൽ ആകൃഷ്ടനായി. അദ്ദേഹം റൂത്ത് പെൻഡർഗ്രാസ് എന്ന നഴ്സിന്റെ സഹായത്തോടെ ഇവരെപ്പറ്റി പഠിക്കാൻ പുറപ്പെട്ടു. കഷ്ടതകൾ നിറ‍ഞ്ഞതായിരുന്നു ആ ഗവേഷണം. എങ്കിലും കവിൻ രക്തസാംപിളുകൾ ശേഖരിച്ചു പഠനം നടത്തി. അവരുടെ പരിശോധനകളിലൂടെയാണ് ഈ കുടുംബത്തെ ബാധിച്ചിരുന്നത് മെത്തീമോഗ്ലോബിനീമിയ എന്ന അപൂർവ രക്തസംബന്ധമായ രോഗമാണെന്ന് കണ്ടെത്തിയത്. ഡയഫോറേസ് എന്ന എൻസൈം കുറവായതാണ് ഇതിന്റെ പ്രശ്നം. ഇതുകാരണം മെഥെമോഗ്ലോബിൻ എന്ന രക്തഘടകം ഇവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് പതിന്മടങ്ങായിരുന്നു. ഇതാണ് അവർക്ക് നീലനിറം നൽകിയത്.

എന്താണ് ഈ രോഗം?

ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനാണ്. എന്നാൽ മെത്തീമോഗ്ലോബിനീമിയ എന്ന അവസ്ഥ ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്ന പ്രക്രിയയെ ബാധിക്കുന്നു. ഈ രോഗാവസ്ഥയുള്ളവരുടെ രക്തത്തിൽ മെത്തീമോഗ്ലോബിന്റെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കും. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തുന്നതിനെ ബാധിക്കുകയും ചർമത്തിന് നീലനിറം നൽകുകയും ചെയ്യും. സാധാരണ മനുഷ്യരുടെ രക്തത്തിൽ മെത്തീമോഗ്ലോബിന്റെ അളവ് ഒരു ശതമാനത്തിൽ താഴെയായിരിക്കുമ്പോൾ കെന്റക്കിയിലെ നീല മനുഷ്യരിൽ ഇത് 10 മുതൽ 20 ശതമാനം വരെയായിരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

ചികിത്സയിലൂടെ മാറിയ ജീവിതങ്ങൾ

രോഗം കണ്ടെത്തിയതോടെ ഫുഗേറ്റ് കുടുംബത്തിന്റെ നീലനിറം മരുന്നിലൂടെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഡോ. കാവെയ്ൻ കണ്ടെത്തി. മെഥിലിൻ ബ്ലൂ എന്ന രാസവസ്തു ഫുഗേറ്റ് കുടുംബാംഗങ്ങൾക്ക് ഇ‍ഞ്ചക്ഷനായി നൽകി. ഇതോടെ ഇവരുടെ നീലനിറം മാറി സാധാരണശരീരനിറം വന്നു. പിൽക്കാലത്ത് കിഴക്കൻ കെന്റക്കി വികസിതമായി. കുടുംബങ്ങളിൽ നിന്നുള്ള വിവാഹരീതിയും മാറി വന്നു. ഇന്ന് ഫുഗേറ്റ്സ് കുടുംബത്തിന്റെ അനന്തരാവകാശികളെപ്പറ്റി വലിയ വിവരങ്ങളൊന്നുമില്ല. അവസാനമായി ഈ കുടുംബത്തിൽ നീല നിറമുള്ള ഒരു കുഞ്ഞ് ജനിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1975ലാണ്. പിൽക്കാലത്ത് കിഴക്കൻ കെന്റക്കി വികസിതമായി. കുടുംബങ്ങളിൽ നിന്നുള്ള വിവാഹരീതിയും മാറി വന്നു. ഇന്ന് ഫുഗേറ്റ്സ് കുടുംബത്തിന്റെ അനന്തരാവകാശികളെപ്പറ്റി വലിയ വിവരങ്ങളൊന്നുമില്ല.

കെന്റക്കിയിലെ നീല മനുഷ്യരുടെ കഥ കേൾക്കുമ്പോൾ അതൊരു അസാധാരണ കുടുംബത്തിന്റെ വിചിത്രമായ ചരിത്രമായി തോന്നാം. എന്നാൽ അതിനപ്പുറം, തലമുറകളിലൂടെ കൈമാറപ്പെടുന്ന ജനിതക സവിശേഷതകൾ മനുഷ്യജീവിതത്തെ എത്രത്തോളം സ്വാധീനിക്കുമെന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. ഒരു വിദൂര ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ട നീലനിറം, ഒടുവിൽ വൈദ്യശാസ്ത്രരംഗത്തെ ഒരു പ്രധാന കണ്ടെത്തലിലേക്ക് തന്നെ നയിച്ചു. ഒരു കുടുംബത്തിന്റെ ജനിതക രഹസ്യമായി തുടങ്ങിയ ഈ കഥ, ഇന്ന് രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട ആരോഗ്യപരമായ ആശങ്കകളും സംബന്ധിച്ച വലിയ ചർച്ചകളിലേക്കാണ് എത്തിനിൽക്കുന്നത്.

SCROLL FOR NEXT